വൈക്കോലിനും ക്ഷാമം To advertise here, ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലേക്ക് ഇരിട്ടി : കത്തുന്ന വെയിലിൽ ക്ഷീരകർഷകരേയും വെള്ളംകുടിപ്പിക്കുന്നു. ചൂട് മൂലം പാലുത്പാദനം ഗണ്യമായി കുറഞ്ഞതാണ് കർഷകരെ വലക്കുന്നത്. തീറ്റപ്പുൽ ക്ഷാമവും വൈക്കോലിനുള്ള വിലക്കയറ്റവും ക്ഷീരകർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പശുപരിപാലനം ജീവിതരീതിയായി കണ്ടവരാണ് മലയോര മേഖലയിലെ കുടുംബങ്ങളിൽ ഏറിയപങ്കും. വേനൽമഴ മാറിനിന്നതോടെ തീറ്റപ്പുല്ലിന് കടുത്ത ക്ഷമമാണ് അനുഭവപ്പെടുന്നത്. വൈക്കോലിനും ക്ഷാമം നേരിട്ടതോടെ പലരും പശുക്കളുടെ എണ്ണം കുറച്ചുക്കൊണ്ടിരിക്കുകയാണ്. മലയോരപ്രദേശങ്ങൾ വെന്തുരുകുന്ന അവസ്ഥയാണിപ്പോൾ. ചൂട് കൂടിയതോടെ പാടശേഖരങ്ങളും കൃഷിഭൂമികളും തോട്ടങ്ങളും കരിഞ്ഞുതുടങ്ങിയതുമൂലം പശുക്കൾക്ക് പുല്ല് കിട്ടാനില്ലാതായി. പുല്ല് ലഭിക്കാതായതോടെ ക്ഷീരകർഷകർ പരക്കംപായുകയാണ്. കാലിത്തീറ്റയുടെ ഗണ്യമായ വിലവർധനയിൽ കർഷകർ പലരും ആശ്രയിച്ചിരുന്നത് കൃഷിയിടങ്ങളിൽനിന്നും പുഴയോരങ്ങളിൽനിന്നും ശേഖരിക്കുന്ന പുല്ലിനെയായിരുന്നു. കശുമാവ് തോട്ടങ്ങൾ വിളവെടുപ്പിനായി തെളിച്ചതും പുല്ലിന്റെ ക്ഷാമത്തിന് കാരണമായി. കാലിത്തീറ്റയുടെ തുടർച്ചയായ വിലക്കയറ്റം കർഷകർക്ക് ഇരുട്ടടിയായി. സർക്കാർ സ്ഥാപനങ്ങളുടെ കാലിത്തീറ്റയുടെ വിലയും കൂടുതലാണ്. നേരത്തെ കർണാടകയിൽനിന്ന് ചോളത്തണ്ടുകൾ കൊണ്ടുവന്നാണ് പച്ചപ്പുല്ല് ക്ഷാമം പരിഹരിച്ചിരുന്നത്. എന്നാൽ, ചോളത്തണ്ടുകൾക്ക് ലഭിച്ചിരുന്ന സബ്‌സിഡി ഇല്ലാതായതോടെ അതിനും പ്രതിസന്ധി നേരിട്ടു. തുടർന്നുള്ള ദിവസങ്ങളിലും ചൂട് ശക്തമായാൽ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. കർണാടകയിലെ കുടക് ജില്ലയിലിൽനിന്നാണ് മലബാറിലേക്ക് കൂടുതലായി വൈക്കോൽ എത്തിക്കൊണ്ടിരുന്നത്. കുടകിലും വരൾച്ച ശക്തമായതോടെ കുടക് ജില്ല വിട്ടുള്ള കടത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അധികൃതരുടെ കണ്ണുവെട്ടിച്ച് എത്തുന്ന വൈക്കോലിന് ഉയർന്ന വിലയും നൽകേണ്ടിവരുന്നു. നിലവിൽ ക്ഷീരകർഷകർക്ക് ചെലവിനനുസരിച്ച് പാലിന് മതിയായ വില ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പാലുത്‌പാദനത്തിൽ ഗണ്യമായ കുറവുണ്ടായതോടെ നിരവധിപേർ ക്ഷീരമേഖല ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളത്. Published: 18 Apr 2026, 04:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
