കനാൽവഴി വെള്ളമെത്തിയില്ല: ഐവർകാല കിഴക്ക് ജലക്ഷാമം

കനാൽവഴി വെള്ളമെത്തിയില്ല: ഐവർകാല കിഴക്ക് ജലക്ഷാമം

ആറ്റുവെള്ളം ഉപയോഗിക്കേണ്ട സ്ഥിതി To advertise here, ശാസ്താംകോട്ട : കെ.ഐ.പി.കനാലിലൂടെ വെള്ളം എത്താത്തതിനാൽ കുന്നത്തൂർ ഐവർകാല കിഴക്ക് ജലക്ഷാമം രൂക്ഷമായി. വേനൽ കടുത്തതോടെ കിണറുകൾ പൂർണമായി വറ്റി. പൊതുപൈപ്പുവഴിയുള്ള ജലവിതരണം ഒരുമാസമായി നിലച്ചിരിക്കുകയാണ്‌. നിലവിൽ കുടിവെള്ളം മുട്ടിയസ്ഥിതിയാണ്. സമീപത്തെ കല്ലടയാറ്റിൽനിന്ന് വെള്ളം ചുമന്നും വാഹനങ്ങളിലെത്തിച്ചും ഇരുനൂറോളം കുടുംബങ്ങൾ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്ന ദയനീയകാഴ്ചയും ഐവർകാല കിഴക്ക് കാണാം. ജലക്ഷാമം കൃഷിയെയും കന്നുകാലിവളർത്തലിനെയും ബാധിച്ചു. കന്നുകാലികൾക്ക് കുടിക്കാൻ വെള്ളം കൊടുക്കാനില്ലാത്ത സ്ഥിതിയും ഭയാനകമാണ്. നാട്ടിലൂടെ പോകുന്ന കെ.ഐ.പി.കനാലിലൂടെ വെള്ളം എത്താത്തതിനാൽ കിണറുകൾ വറ്റിയത് പ്രതിസന്ധി രൂക്ഷമാക്കി. പൊതുപൈപ്പുകളെ ആശ്രയിക്കുന്ന ഉന്നതികളിലടക്കം വെള്ളമില്ല. പുത്തനമ്പലം മങ്ങാട്ട് തടത്തിലെ ഉപരിതല ടാങ്കിൽനിന്നുള്ള വെള്ളം ഐവർകാല കിഴക്ക് മേഖലകളിൽ എത്തിയിട്ട് ഒരു മാസത്തോളമായതായി നാട്ടുകാർ പറയുന്നു. പരിഹാരമുണ്ടാക്കാൻ വാട്ടർ അതോറിറ്റി അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പരിഹാരം കനാൽവെള്ളം :വേനൽക്കാലത്ത് കനാൽവെള്ളമാണ് നാട്ടിലെ ഏക ആശ്രയം. തുവയൂർ, കടമ്പനാട്, നിലയ്ക്കൽവഴി പുത്തനമ്പലത്തിലേക്കുള്ള പ്രധാന കനാൽ അടുത്തിടെ തുറന്നു. എന്നാൽ മിന്നൽമുക്കിൽനിന്നു തെറ്റിമുറി, പ്ലാമുക്ക്, ഭരണിക്കാവുവഴി ഐവർകാല കിഴക്കോട്ടുള്ള ഉപകനാൽ തുറന്നിട്ടില്ല. ഒന്നര കിലോമീറ്റർ വരുന്ന ഈ കനാലിൽ വെള്ളം എത്തിയാൽ മാത്രമേ ഐവർകാല കിഴക്ക് കിണറുകളിൽ ഉറവകളുണ്ടാകുകയും ജലക്ഷാമത്തിന് പരിഹാരമാവുകയുമുള്ളൂ. എന്നാൽ ഇതുവരെ കനാൽ വൃത്തിയാക്കുന്ന ജോലികൾപോലും നടന്നിട്ടില്ല. കനാൽ വൃത്തിയാക്കിയിട്ട് നാലുവർഷമായെന്നു നാട്ടുകാർ പറയുന്നു. മാലിന്യത്തിലൂടെ ആയാലും കനാൽവഴി വെള്ളമെത്തിച്ചാൽ മതിയെന്നാണ് അവരുടെ ആവശ്യം. നാട്ടുകാർ അനുഭവിക്കുന്ന ദുരിതം കെ.ഐ.പി. കണ്ടില്ലെന്നു നടിക്കുകയാണ്. പഞ്ചായത്ത് അധികൃതർ ടാങ്കറിൽ കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യുന്നില്ലെന്നും പരാതി ഉയർന്നു. രൂക്ഷമായ ജലക്ഷാമം ഗ്രാമീണരുടെ നിത്യജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കനാൽവഴി വെള്ളമെത്തിയില്ല: ഐവർകാല കിഴക്ക് ജലക്ഷാമം — Mathrub… | Boolokam