കോലഞ്ചേരി : വേനൽച്ചൂടിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പുത്തൻകുരിശ് ഗ്രാമപ്പഞ്ചായത്തിലെ രാമല്ലൂർ വാർഡിൽ പെരിയാർവാലി കനാലിൽ വെള്ളമെത്തിയതോടെ നാട്ടുകാർക്ക് ആശ്വാസമായി. ജലസ്രോതസ്സുകളിലെ വെള്ളം വറ്റി കാർഷികവിളകൾ കരിഞ്ഞ് നശിക്കാനിരിക്കുന്ന ഘട്ടത്തിലാണ് പഞ്ചായത്തംഗത്തിന്റെ ഇടപെടലിലൂടെ കനാലിൽ വെള്ളമെത്തിയത്. രണ്ടുദിവസത്തെ ശ്രമഫലമായി കനാലിൽ വെള്ളം ടെയിൽ എൻഡ് വരെയും, ചൂരക്കോട്ടുചിറ നിറച്ച് കാണിനാട് ഷാരം ഭാഗത്തേക്കുള്ള തോടുവഴിയും വെള്ളം എത്തിക്കാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. To advertise here, ജലക്ഷാമം രൂക്ഷമായതിനാൽ നിരവധി കുടുംബങ്ങൾക്ക് ടാങ്കർലോറിയിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇത് സ്ഥിരപരിഹാരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് വെള്ളത്തിന്റെ സമ്മർദം കുറഞ്ഞിരിക്കുകയാണ്. അതിനാൽ മുൻകാലങ്ങളെ അപേക്ഷിച്ച് കനാലിലൂടെ വെള്ളം എത്തിക്കുന്നത് കൂടുതൽ പ്രയാസകരമായിരിക്കുകയാണ്. ടെയിൽ എൻഡിലും ചിറയിലും വെള്ളം എത്തിച്ചെങ്കിലും വെള്ളം നിറഞ്ഞ് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായും വ്യക്തമാക്കി. നിലവിൽ കനാലിൽ വെള്ളം എത്തുന്നത് 14 ദിവസത്തിൽ ഒരിക്കൽ എന്ന രീതിയിലാണ്. മുൻപ് 10 ദിവസം കൂടുമ്പോഴായിരുന്നു. പ്രദേശത്തെ ജലക്ഷാമം ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് ബോധ്യപ്പെടുത്തിയതിനെ തുടർന്ന് പെരുമ്പാവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് നൽകേണ്ട വെള്ളത്തിൽനിന്ന് ഒരുദിവസം അധികമായി രാമല്ലൂർ വാർഡിന് അനുവദിച്ചു. അതേസമയം ഈ പ്രത്യേക ക്രമീകരണത്തിന്റെ ഭാഗമായി ഇനി കനാലിൽ വെള്ളം ലഭിക്കുക 18 ദിവസത്തിനുശേഷമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കടുത്ത വേനലിൽ വാർഡിൽ കുടിവെള്ളത്തിനും കൃഷിയിടങ്ങൾക്കും വലിയ പ്രതിസന്ധിയായിരുന്നുവെന്ന് പഞ്ചായത്തംഗം ജെയ്‌സൽ ജബ്ബാർ പറഞ്ഞു. വിളകൾ കരിഞ്ഞുനശിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. ഈ സാഹചര്യത്തിൽ ഇറിഗേഷൻ വകുപ്പുമായി നിരന്തരമായി ബന്ധപ്പെട്ടതിന്റെ ഫലമായാണ് ഇപ്പോൾ പെരിയാർവാലി കനാൽവഴി വെള്ളം എത്തിക്കാൻ കഴിഞ്ഞത്. Published: 20 Apr 2026, 12:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
