കബഡിക്കളത്തിൽ ഉറച്ച ശബ്ദമായി ഉണ്ണിമായ

കബഡിക്കളത്തിൽ ഉറച്ച ശബ്ദമായി ഉണ്ണിമായ

പൊയിനാച്ചി : അതിവേഗവും ശാരീരികക്ഷമതയും ആവശ്യമുള്ള കബഡിയിൽ എതിർഭാഗത്തേക്ക് കടന്നുചെന്ന് എതിരാളികളെ തൊട്ട് സ്വന്തം കോർട്ടിലേക്ക് ശ്വാസം അടക്കിപ്പിടിച്ച് തിരികെയെത്തുന്ന കളിക്കാരനെ നിയന്ത്രിക്കാൻ 23-വയസ്സുകാരി ഉണ്ണിമായയും. ജില്ലയിലെ ഏക പെൺ കബഡി റഫറിയായ ഉണ്ണിമായ കോളിയടുക്കം അണിഞ്ഞയിലെ ഓട്ടോറിക്ഷാ ഡ്രൈവർ വി.പി.നാരായണന്റെയും ഇ.കെ.ചിന്താമണിയുടെയും മകളാണ്. To advertise here, ആത്മവിശ്വാസവും കൃത്യതയാർന്ന തീരുമാനങ്ങളും കബഡിമത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽ ഈ മിടുക്കിയെ ഉത്സാഹവതിയാക്കുന്നു. വി.പി.റിജിന എന്നാണ് യഥാർഥ പേരെങ്കിലും വീട്ടിൽ വിളിക്കുന്ന ഉണ്ണിമായ എന്ന പേരിലാണ് കബഡിതാരമായും റഫറിയായും ഈ പെൺകുട്ടി നാടാകെ അറിയപ്പെടുന്നത്. 2023 മുതൽ നാട്ടിലെ ക്ലബുകൾ നടത്തുന്ന കബഡിമത്സരം നിയന്ത്രിച്ചാണ് ഉണ്ണിമായ ശ്രദ്ധേയയാകുന്നത്. കബഡി റഫറി സുനി പാലക്കുന്നും അണിഞ്ഞ എ.പി.എ.സിയിലെ കിരണുമായിരുന്നു പ്രോത്സാഹനം. പ്രമുഖ ടീമുകൾ പങ്കെടുത്ത നൂറിലേറെ മത്സരങ്ങൾ ഇതിനകം നിയന്ത്രിച്ച ഉണ്ണിമായയെ തീരുമാനങ്ങളിൽനിന്ന് വ്യതിചലിക്കാത്ത ഉറച്ച നിലപാടാണ് വ്യത്യസ്തയാക്കുന്നത്. കളിക്കളത്തിൽനിന്നും പുറത്തുനിന്നുമായി പലതരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുമ്പോഴും എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും കമന്റുകൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുകയാണെന്നും ഉണ്ണിമായ പറയുന്നു. സഹോദരൻ പ്രചോദനം കടുത്ത ചൂടുള്ള അവധിദിനങ്ങളിൽ പതിവായി കബഡിമത്സരങ്ങൾ നടക്കുന്നുണ്ട്. ഇതൊന്നും വകവെക്കാതെ നിയന്ത്രിക്കാൻ ഉണ്ണിമായയുമുണ്ടാകും. ഞായറാഴ്ച ചട്ടഞ്ചാൽ തൈര ദുർഗാ അക്ഷയശ്രീ പുരുഷ സ്വയംസഹായസംഘം നടത്തിയ ജില്ലാതല സീനിയർ കബഡി ടൂർണമെന്റിലെ ആറ് റഫറിമാരിലൊരാൾ ഉണ്ണിമായയായിരുന്നു. കബഡിയെ നെഞ്ചേറ്റിയ കുടുംബമാണ് ഉണ്ണിമായയുടേത്. കളനാട് സ്വദേശിനിയായ അമ്മ ഇ.കെ.ചിന്താമണി സ്കൂളിൽ പഠിക്കുന്പോൾ കബഡിയിൽ മത്സരിച്ചിരുന്നു. കബഡിതാരമായിരുന്നു സഹോദരൻ ഋഷിദേവും. ഇവരുടെ പ്രചോദനമാണ് ഉണ്ണിമായയെയും കബഡിയിലേക്ക് ആകർഷിച്ചത്. ജില്ലയിലെ ഒട്ടേറെ കബഡിതാരങ്ങളെ വളർത്തിയെടുത്ത അണിഞ്ഞ എ.പി.എ.സി.യുടെ മൈതാനത്താണ് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ണിമായ കളിച്ചുതുടങ്ങിയത്. വീടിനടുത്ത മൈതാനത്ത് സമപ്രായക്കാരായ ആൺകുട്ടികളോടൊപ്പം ഏക പെൺതരിയായി കളിക്കളത്തിൽ മിന്നുംപ്രകടനം കാഴ്ചവച്ചതോടെ നാട്ടുകാരുടെ നിറഞ്ഞ കൈയടി നേടി. ഒന്നുമുതൽ നാലുവരെ അരമങ്ങമാനം ഗവ. എൽ.പി. സ്കൂളിലും അഞ്ചുമുതൽ ഏഴുവരെ ഉദുമ ഗവ. ഹയർസെക്കൻഡറി സ്കൂളിലും എട്ടുമുതൽ പത്തുവരെ ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലുമായിരുന്നു പഠനം. കാസർകോട് ഗവ. കോളജിൽനിന്ന്‌ ‌ബി.എ. ഹിസ്റ്ററിയിൽ ബിരുദം നേടിയശേഷം കോഴിക്കോട് ഗവ. കോളേജ് ഫിസിക്കൽ എജുക്കേഷനിൽ കായികാധ്യാപക പഠനം പൂർത്തിയാക്കി. കബഡിയിലാണ് സ്പെഷ്യലൈസ് ചെയ്തത്. അടുത്തിടെവരെ കോളിയടുക്കം അപ്സര പബ്ലിക് സ്കൂളിൽ കായികാധ്യാപികയായും പ്രവർത്തിച്ചു. സ്കൂൾ-കോളേജ് പഠനകാലത്ത് ജില്ലയ്ക്കും സംസ്ഥാനത്തിനുമായി ജഴ്സി അണിഞ്ഞ ഉണ്ണിമായ കണ്ണൂർ സർവകലാശാലാ വനിതാ ടീം ക്യാപ്റ്റനായിരുന്നു. ബിഹാർ, അസം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ദേശീയ കബഡിമത്സരത്തിൽ സംസ്ഥാനത്തിനും സർവകലാശാലയ്ക്കുംവേണ്ടി കളിക്കളത്തിലിറങ്ങിയിരുന്നു. ഏറെക്കാലം കൊപ്പൽ റെഡ്‍വേൾഡ് വനിതാ ടീമംഗമായിരുന്നു. കബഡിറഫറിമാരെ തിരഞ്ഞെടുക്കുന്നതിനായി അസോസിയേഷൻ നടത്തേണ്ട പരീക്ഷ വർഷങ്ങളായി നടക്കുന്നില്ല. എന്നാൽ, കായികാധ്യപക പരിശീലനം പൂർത്തിയായതിനാൽ മത്സരം നിയന്തിക്കുന്നതിന് തടസ്സമില്ല. സംസ്ഥാന-ദേശീയ-രാജ്യാന്തര മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള റഫറി ആകണമെന്നാണ് ഉണ്ണിമായയുടെ ആഗ്രഹം. ഋഷികല സഹോദരിയാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കബഡിക്കളത്തിൽ ഉറച്ച ശബ്ദമായി ഉണ്ണിമായ — Mathrubhumi | Boolo… | Boolokam