കലഞ്ഞൂർ: “ഞങ്ങളാരും വോട്ട് എന്നത് ഇന്നേവരെ മുടക്കിയിട്ടില്ല. ഇനി മുടക്കുകയുമില്ല. പക്ഷേ, 1972-നുശേഷം ഇവിടെ താമസമാക്കിയ ഞങ്ങൾക്ക് എന്ത് കിട്ടി എന്ന് ചോദിച്ചാൽ പറയാനുള്ളത് ഇതാണ്. വൈദ്യുതിയും ഒരു റോഡും .” കാടിനും കാട്ടുമൃഗങ്ങൾക്കും നടുവിലായി താമസിക്കുന്ന കമ്പകത്തുംപച്ചക്കാരുടെ വാക്കുകൾക്ക് കനം. കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ കിഴക്കൻ വനാതിർത്തിയിലുള്ള പ്രദേശങ്ങളായ കമ്പകത്തുംപച്ച, പോത്തുപാറ, കുളത്തുമൺ, പൂമരുതിക്കുഴി, പാക്കണ്ടം, അതിരുങ്കൽ പ്രദേശങ്ങളെല്ലാം ഇന്ന് വന്യമ്യഗങ്ങളുടെ ഭീഷണിയിലാണ്. കഴിഞ്ഞദിവസം പട്ടാപ്പകൽ കരിമ്പുലിയും പുള്ളിപ്പുലിയും ഒരുമിച്ചിറങ്ങിയ കമ്പകത്തുംപച്ചയിൽ ‘മാതൃഭൂമി’ സംഘം എത്തിയപ്പോൾ അവിടത്തെ ജനങ്ങൾക്കും ചിലത് പറയാനുണ്ടായിരുന്നു. To advertise here, കാടിന് നടുവിലെ കുറച്ചുമനുഷ്യർ അതിരുങ്കലിൽനിന്ന് ഏഴ് കിലോമീറ്ററോളം ദൂരെ വനത്തിനുള്ളിൽ പോത്തുപാറയും പിന്നിട്ടാണ് കമ്പകത്തുംപച്ച ഗ്രാമം. മനുഷ്യർ ഇവിടെ ചിന്നിച്ചിതറി താമസിക്കുന്നു. കാട്ടാനക്കൂട്ടവും പുലിയും കരിമ്പുലിയും പുള്ളിപ്പുലിയും പന്നിയും തുടങ്ങി എല്ലാ വന്യമ്യഗങ്ങളും ഇവർക്ക് സമീപമുണ്ട്. ഇവിടത്തെ മൂന്ന് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുമുണ്ട്. സമീപസ്ഥലത്തുനിന്ന് മൂന്ന് പുലികളെ വനപാലകർ കൂട്ടിലാക്കി കൊണ്ടുപോയിട്ടുണ്ട്. പകൽ വീട്ടിനുള്ളിലേക്ക് പുലി ഓടിക്കയറിയതും ഇതിനടുത്താണ്. വികസനമെന്ന് പറയാൻ ആകെയുള്ളത് ഇവിടേക്ക് ഒരു റോഡും വൈദ്യുതിയും മാത്രം. ജില്ലാ പഞ്ചായത്ത് വർഷങ്ങൾക്ക് മുൻപ് കുടിവെള്ളപദ്ധതി തുടങ്ങിയെങ്കിലും നാല് വർഷം മുൻപ് നിലച്ചു. 400 രൂപ മുടക്കി റേഷൻ വാങ്ങുന്നവർ ഞങ്ങൾക്ക് റേഷൻ വാങ്ങണമെങ്കിലോ പച്ചക്കറി, പലചരക്ക് സാധനങ്ങൾ വാങ്ങണമെങ്കിലോ കിലോമീറ്ററുകൾ അകലെയുള്ള അതിരുങ്കലിൽ എത്തണം. സ്ഥിരമായി ഇവിടെ വരുന്ന ഓട്ടോറിക്ഷകളാണ് ആശ്രയം. വനത്തിലൂടെ അവർ ഇവിടേക്ക് എത്തുന്നതിന് 400 രൂപയാണ് വാങ്ങുന്നത്. രോഗിയായ ഒരാളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ പകലും സാധിക്കാത്ത അവസ്ഥയാണെന്ന് വനസംരക്ഷണ സമിതിയുടെ വൈസ് പ്രസിഡന്റായ ഒറ്റാക്കുഴിയിൽ രാധാമണി പറയുന്നു. വനാതിർത്തി കൂട്ടി;ഞങ്ങളുടെ ദുരിതവും “വനത്തെ ഞങ്ങൾ സംരക്ഷിക്കുന്നുണ്ട്. പക്ഷേ തിരിച്ച് ഞങ്ങളോടുള്ള സമീപനം വളരെ കഷ്ടമാണ്”-അനീഷ് ഭവനിൽ രാധയുടെ വാക്കുകളിൽ വേദനയുണ്ട്. 54 വർഷം മുൻപാണ് ഇവിടേക്ക് കുടിയേറി എത്തിയത്. ഇപ്പോഴും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇവിടെ ഞങ്ങളും ജീവിക്കുന്നുണ്ട് കുറെ മനുഷ്യർ കാടിനുനടുവിൽ വന്യമൃഗങ്ങളുമായി പോരാടി ഭയത്തോടെ ഇവിടെ കഴിയുന്നുണ്ട്. പലപ്പോഴും ആരും തിരിഞ്ഞുനോക്കാനില്ലാതെ. ജീവിതത്തിൽ ഇതുവരെയും ഒന്നുമാകാൻ കഴിയാതെയാണ് ഞങ്ങളുടെ ജീവിതമെന്ന് പറഞ്ഞ് ഭാസ്‌കരവിലാസത്തിൽ ശശി നെടുവീർപ്പിട്ടു. e-ലക്ഷണം കമ്പകത്തുംപച്ച കേരളത്തിലല്ലേ ? :ഒരാവശ്യവുമായി ജില്ലാ പഞ്ചായത്തിലേക്ക് ഒരിക്കൽ ചെന്നപ്പോൾ അന്നത്തെ ജനപ്രതിനിധി പറഞ്ഞ വാക്കുകൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നാണ് അജിവിലാസത്തിൽ ഗോപി പറയുന്നത്. കമ്പകത്തുംപച്ചയിൽ നിന്നാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ, അതെവിടെയാണ്? കേരളത്തിൽ തന്നെ ഉള്ള പ്രദേശമാണോ? എന്നായിരുന്നു ചോദ്യം. ഇതേപോലെയാണ് ഞങ്ങളുടെ നാടിന്റെ വികസനവും. വോട്ട് ചോദിച്ച് എത്തുന്നവർ പിന്നീട് ഈ നാടിനെ മറക്കും.

കമ്പകത്തുംപച്ചക്കാർ പറയുന്നു ഇവിടെ താമസമാക്കിയത് 1972-ൽ, വന്നത് റോഡും വൈദ്യുതിയുംമാത്രം
M
MathrubhumiSource Link
about 1 month ago