ചിറയിൻകീഴ്: മുതലപ്പൊഴിയിലെയും അനുബന്ധ ഇടങ്ങളിലെയും തീരശോഷണം തടയുന്നതിനായി നിർമിക്കുന്ന ഗ്രോയിങ്ങുകൾ ലക്ഷ്യംകാണുന്നു. To advertise here, മുതലപ്പൊഴി തുറമുഖത്തെ പുലിമുട്ടുകളുടെ അശാസ്ത്രീയ നിർമാണം കാരണം തീരം നഷ്ടപ്പെട്ട ഇടങ്ങളിലാണ് ഗ്രോയിങ്ങുകൾ അഥവാ ചെറുപുലിമുട്ടുകളുടെ നിർമാണം നടക്കുന്നത്. മുതലപ്പൊഴിയിലെ താഴംപള്ളിഭാഗം മുതൽ മുഞ്ഞമൂട് പാലം വരെയുള്ള ഭാഗങ്ങളിലാണ് ഇപ്പോൾ ചെറുപുലിമുട്ടുകൾ നിർമിക്കുന്നത്. നിർമാണം പാതിവഴി പിന്നിട്ടപ്പോൾത്തന്നെ അൻപത് മീറ്ററോളം കര തീരങ്ങളിൽ രൂപപ്പെട്ടുതുടങ്ങി. മുതലപ്പൊഴിമുതൽ നെടുങ്ങണ്ടവരെയുള്ള 12 കിലോമീറ്റർ തീരത്ത് ഏകദേശം 150 മീറ്റർ അകലത്തിൽ എൺപതോളം ചെറിയ പുലിമുട്ടുകളായ ഗ്രോയിങ്ങുകൾ സ്ഥാപിച്ചാൽ തീരം സംരക്ഷിക്കുവാൻ കഴിയുമെന്നാണ് വിദഗ്ധർ പഠനത്തിലൂടെ പറഞ്ഞത്. ഇത്തരത്തിലൊരെണ്ണം മുതലപ്പൊഴിയിൽ താഴംപള്ളിഭാഗത്ത് തീരത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചത് വിജയം കണ്ടു. ഫിഷറീസ് വകുപ്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷണാടിസ്ഥാനത്തിൽ മുതലപ്പൊഴിയുടെ വടക്കേ അറ്റത്ത് ഗ്രോയിങ്ങ് സ്ഥാപിച്ചത്. ഇവിടെ തീരം രൂപപ്പെടാൻ ആരംഭിച്ചതോെടയാണ് ഗ്രോയിങ്ങുകളുടെ സാധ്യത പരീക്ഷിക്കാൻ തീരുമാനിച്ചത്. പുലിമുട്ട് നവീകരണം പുരോഗമിക്കുന്നു മുതലപ്പൊഴി അപകടരഹിതമാക്കുന്നതിന്റെ ഭാഗമായി പുലിമുട്ടുകളുടെ നവീകരണം പുരോഗമിക്കുകയാണ്. അഴിമുഖം വിസ്തൃതി കൂട്ടുന്നതിനൊപ്പം തെക്കേ പുലിമുട്ടിന്റെ നീളം കൂട്ടുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. വിദഗ്ദ്ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെക്കേ പുലിമുട്ടിന്റെ നീളംകൂട്ടി മൗത്ത് എൽ ഷേപ്പിൽ നിർമിക്കുകയാണ് ലക്ഷ്യം. പുലിമുട്ടിന്റെ നീളം 425 മീറ്റർ വർധിപ്പിച്ച് 'മൗത്ത്' വടക്കുഭാഗം വരുന്ന വിധമാണ് പുനർനിർമിക്കുന്നത്. പുണെയിലെ സി.ഡബ്ല്യു.പി.ആർ.എസിന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നവീകരണം. ആശങ്കയ്ക്ക് അടിസ്ഥാനമില്ല പുലിമുട്ട് നവീകരണം വീണ്ടും അശാസ്ത്രീയമായ രീതിയിലാണ് നടക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾക്ക് ആശങ്ക. പുനർനിർമിക്കുന്ന പുലിമുട്ട് ആവശ്യമായ നീളത്തിൽ എത്തുന്നതിനുമുമ്പ് വടക്കുവശത്തേക്കു തിരിച്ചു എന്നാണ് ആരോപണം. മത്സ്യത്തൊഴിലാളികളുമായൊ വിദഗ്ധരുമായോ മതിയായ കൂടിയാലോചന നടത്താതെയാണ് ഡിസൈൻ മാറ്റങ്ങൾ വരുത്തിയതെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. അതേസമയം, അംഗീകൃത സാങ്കേതിക മാർഗനിർദേശങ്ങൾ പ്രകാരമാണ് പ്രവൃത്തികൾ നടക്കുന്നതെന്ന് ഹാർബർ എൻജിനിയറിങ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
