വിളവൂർക്കൽ : കരമനയാറിന്റെ തീരത്ത് സ്വകാര്യവ്യക്‌തി മാലിന്യം നിക്ഷേപിച്ചത് ഉടമയുടെ ചെലവിൽ കോരിമാറ്റി. ആശുപത്രിമാലിന്യം ഉൾപ്പെടെ നാല് ലോഡ് മാലിന്യമാണ് ഞായറാഴ്ച രാവിലെ നീക്കംചെയ്തത്. To advertise here, മൂന്ന് പഞ്ചായത്തുകളിലെ കുടിവെള്ളസ്രോതസ്സാണ് കരമനയാറിന്റെ തീരത്തെ ചൂഴാറ്റുകോട്ട ജലസംഭരണി. പാലക്കാട് സ്വദേശി അനൂപിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണിതെന്ന് വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് വിനയൻ പറഞ്ഞു. അഴുകിയ മലിന്യങ്ങളുൾപ്പെടെ നിക്ഷേപിച്ച സ്ഥലത്ത് ദുർഗന്ധവുമുണ്ടായിരുന്നു. കഴിഞ്ഞ 30-ന് മാതൃഭൂമി ഇതുസംബന്ധിച്ച് വാർത്ത നൽകിയിരുന്നു. തുടർന്ന് പഞ്ചായത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി മഹസർ തയ്യാറാക്കി വസ്തു ഉടമയെ കണ്ടെത്തി വിവരമറിയിച്ചു. മാലിന്യം നീക്കംചെയ്തതിനു പുറമേ 50000 രൂപ പിഴയായി പഞ്ചായത്ത് ചുമത്തിയിട്ടുണ്ട്. നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നശേഷം പഞ്ചായത്തിൽ മാലിന്യനിക്ഷേപം കണ്ടെത്തിയ അഞ്ചിടത്ത് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യരഹിത പഞ്ചായത്തായി മാറാനുള്ള നടപടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്ന് പ്രസിഡന്റ് പറഞ്ഞു. കരമനയാറിന്റെ തീരത്ത് മാലിന്യനിക്ഷേപമുണ്ടയാൽ ശക്തമായ നിയമനടപടികളുണ്ടാകുമെന്ന് പ്രസിഡന്റ് പറഞ്ഞു. മാലിന്യനിക്ഷേപം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ അനൂപ് പറഞ്ഞത് താൻ സ്ഥലത്തില്ലായിരുന്നെന്നും മറ്റുള്ളവർക്ക് മാലിന്യം തള്ളാൻ അനുമതി കൊടുത്തിട്ടില്ലെന്നുമാണ്. എന്നാൽ, മാലിന്യമിടുന്നതിനു പിന്നാലെ സ്ഥലത്ത് മണ്ണിട്ടുമൂടുന്നതെങ്ങനെയെന്ന ചോദ്യവുമുയരുന്നുണ്ട്. സമീപത്തെ എരിക്കലം കുന്നിൽനിന്നുമാണ് ഇവിടെ മണ്ണിടുന്നതെന്ന് നാട്ടുകാർ പറയുന്നു. ഉടമയുടെ പ്രതിനിധികളായെത്തിയവരാണ് അവിടെ മാലിന്യം നീക്കംചെയ്യുന്നതിനു നേതൃത്വം നൽകിയത്. നഗരസഭയുടെ മുൻ കൗൺസിലറും ഇതിലുൾപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. ക്ലീൻ കേരളയ്ക്കായി മാലിന്യം നീക്കംചെയ്യുന്ന വാഹനങ്ങൾ രാത്രിയിൽ അവിടെയാണ് പാർക്ക് ചെയ്യുന്നതെന്നും അവസാന ലോഡിലെ മാലിന്യങ്ങൾ അവിടെ നിക്ഷേപിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. സ്ഥലത്തെ സ്വകാര്യ സി.സി.ടി.വി. ക്യാമറകൾ പരിശോധിയ്ക്കാനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമം ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന മറുപടിയോടെ അവസാനിച്ചു. അന്വേഷണത്തിന് പോലീസിനെ സമീപിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. കരമനയാറിന്റെ തീരത്തെ പുറമ്പോക്ക് ഭൂമി കണ്ടെത്താൻ ഉടൻ റവന്യൂ വകുപ്പിനെ സമീപിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. വാർഡ് അംഗം ഷീജ, മറ്റ് അംഗങ്ങൾ, സ്ഥിരം സമിതി അധ്യക്ഷന്മാർ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാലിന്യം നീക്കംചെയ്തത്.

കരമനയാറിന്റെ തീരത്തെ മാലിന്യനിക്ഷേപം കോരിമാറ്റി: ഉടമയ്ക്ക് 50,000 രൂപ പിഴയിട്ടു
M
MathrubhumiSource Link
about 4 hours ago
