ആറുതവണ ടെൻഡർ ചെയ്തു To advertise here, ശാസ്താംകോട്ട :പണികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്തതിനാൽ കാരാളിമുക്ക്-റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽമുക്ക് പാതയുടെ നവീകരണം പ്രതിസന്ധിയിൽ. മുഴുവനും പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ട പാത നവീകരണത്തിന് മാസങ്ങൾ ഇടവിട്ട് അഞ്ചുതവണ കരാർ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. തിരഞ്ഞെടുപ്പിനുമുൻപ് പണി തുടങ്ങണമെന്ന ലക്ഷ്യത്തോടെ ക്ഷണിച്ച ആറാമത്തെ ടെൻഡറിന്റെ അവസാനദിനമായ വ്യാഴാഴ്ച തുറന്നിട്ടും ഫലമുണ്ടായില്ലെന്നാണ് വിവരം. ബജറ്റിൽ ഉൾപ്പെടുത്തി ആധുനികരീതിയിൽ ബി.എം. ബി.സി. നിലവാരത്തിൽ പാത വിപുലീകരണത്തിന് രണ്ടുകോടി രൂപയാണ് അനുവദിച്ചത്. വലിയ പണിയായതിനാൽ ചെറുകിട കരാറുകാർക്ക് ഏറ്റെടുക്കാനും കഴിയില്ല. ചെയ്ത പ്രവൃത്തികളുടെ ബിൽ യഥാസമയം മാറിക്കിട്ടാത്തതാണ് കരാറുകാർ കൈകൊടുക്കാത്തതിന്റെ കാരണമെന്നാണ് അറിയുന്നത്. തീവണ്ടിയാത്രക്കാർ ദുരിതത്തിൽ :രണ്ടരക്കിലോമീറ്ററോളം വരുന്ന കാരാളിമുക്ക്-ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ-കുറ്റിയിൽമുക്ക് പാതയുടെ ഭൂരിഭാഗവും തകർന്നിട്ടും കുഴിയടപ്പുപോലും നടന്നില്ല. മഴക്കാലമായാൽ കാരാളിമുക്കിൽനിന്ന് റെയിൽവേ സ്റ്റേഷനിലെത്താൻ യാത്രക്കാർ കുഴിയും വെള്ളക്കെട്ടും താണ്ടണം. ഇരുവശവും കാടുവളർന്നും വീതിയില്ലാതെയും മാലിന്യം നിറഞ്ഞുമാണ് കിടപ്പ്. കുറ്റിയിൽമുക്കിൽനിന്ന് റെയിൽവേ സ്റ്റേഷൻവരെയുള്ള ഭാഗത്ത് ഇടവിട്ട് തകർന്ന് വലിയ കുഴികളാണ്. ബസിറങ്ങിയും ഇരുചക്രവാഹനങ്ങളിൽ വരുന്നവരുമായ കൊട്ടാരക്കര, അടൂർ, ചവറ, കുന്നത്തൂർ താലൂക്കുകളിലെ രണ്ടായിരത്തിലധികം തീവണ്ടിയാത്രക്കാരും നാട്ടുകാരും ദിവസവും ആശ്രയിക്കുന്ന പ്രധാന പാതയാണ് തകർന്നുകിടക്കുന്നത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽവീണ് അപകടത്തിൽപ്പെടുന്നതും പതിവായി. സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും വലിയ കുഴികൾ താണ്ടിയാണ് യാത്ര. ശാസ്താംകോട്ട-ചവറ പൈപ്പ്റോഡിന്റെ പൂർണതകർച്ചയും യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നു. Published: 15 Mar 2026, 02:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരാറെടുക്കാൻ ആളില്ല; കാരാളിമുക്ക്-കുറ്റിയിൽമുക്ക് പാതനവീകരണം പ്രതിസന്ധിയിൽ
M
MathrubhumiSource Link
about 2 months ago