കോഴിക്കോട്: രൂക്ഷമായ പാചകവാതകക്ഷാമത്തെ തുടർന്ന് ഹോട്ടലുകൾ പൂട്ടുന്ന സാഹചര്യത്തിൽ കരിഞ്ചന്തയിൽ വാണിജ്യ സിലിൻഡർ വിൽപ്പന തകൃതി. മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് സ്വകാര്യ കമ്പനികളുടെ വാണിജ്യ സിലിൻഡർ എത്തിച്ച് വലിയവിലയ്ക്ക് ഹോട്ടലുകാർക്ക് നൽകുന്നത്. പൊതുമേഖലാ കമ്പനികൾ 1923 രൂപയ്ക്ക് നൽകിയിരുന്ന 19 കിലോഗ്രാം സിലിൻഡർ 3700 രൂപമുതൽ 4000 രൂപയ്ക്കാണ് ഞായറാഴ്ച ഹോട്ടലുകാർ വാങ്ങിയത്. To advertise here, കരിഞ്ചന്തയിൽ ഓരോ ദിവസവും തോന്നിയ വിലയ്ക്കാണ് വിൽപ്പനയെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞു. നിലവിൽ വാണിജ്യ സിലിൻഡറുകളുടെ വിൽപ്പനയ്ക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ഗ്യാസ് ഏജൻസികൾ വാണിജ്യ സിലിൻഡർ വിതരണം പൂർണമായും നിർത്തിയിരിക്കുകയാണ്. വിറകടുപ്പിനോട് വിമുഖത, തൊഴിലാളികൾ മടങ്ങുന്നു പാചകവാതക പ്രതിസന്ധി നേരിടാൻ ജില്ലയിലെ പല ഹോട്ടലുകളും അടുത്തദിവസങ്ങളിലായി വിറകടുപ്പുകൂടി ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, വിറകടുപ്പിനോട് താത്പര്യമില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ മടങ്ങിപ്പോവുകയാണ്. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഹോട്ടലുടമകൾ പറഞ്ഞു. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അടുത്തതിനാൽ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നുണ്ട്. പാചകവാതകക്ഷാമം കാരണം ഹോട്ടലുകൾ പലതും അടച്ചതുകാരണവും തൊഴിലാളികൾ തിരിച്ചുപോകുന്നുണ്ട്. ഇതിനിടെയാണ് അടുപ്പിനോടുള്ള ഇഷ്ടക്കുറവും തൊഴിലാളികൾ മടങ്ങാൻ കാരണമാകുന്നത്. ജില്ലയിലെ ഹോട്ടലുകളിൽ പലതും പൂട്ടിയെങ്കിലും കൃത്യമായ കണക്ക് ലഭ്യമല്ല. കാരണം അടച്ച ഹോട്ടലുകളിലെ ചിലത് പിറ്റേദിവസം എവിടെനിന്നെങ്കിലും ഗ്യാസ് ലഭിച്ചാൽ തുറക്കുന്നുമുണ്ട്. ഇന്ധനം കുറയ്ക്കാൻ പലവഴി ഗ്യാസിന്റെ ഉപയോഗം കഴിയുന്നത്ര ചുരുക്കാനുള്ള എല്ലാ വഴികളും നടപ്പാക്കുന്നുണ്ടെന്നും ഹോട്ടലുകാർ പറയുന്നു. അഞ്ച് സിലിൻഡർവരെ ഉപയോഗിച്ചിരുന്ന ഹോട്ടലുകൾ പലതും ഇപ്പോൾ ഒന്നോ ഒന്നരയോ സിലിൻഡറിൽ പാചകം ഒതുക്കുകയാണ്. പല ഹോട്ടലുകളും സമയം ക്രമീകരിച്ചു. ഓരോ ഹോട്ടലിനെ സംബന്ധിച്ചും ഏറ്റവും തിരക്കുള്ള സമയംനോക്കി ആ സമയത്തുമാത്രം ഭക്ഷണം നൽകുന്ന രീതിയിലേക്ക് ചിലർ മാറി. വിഭവങ്ങൾ വെട്ടിച്ചുരുക്കിയും ഒന്നിച്ചുണ്ടാക്കാവുന്ന വിഭവങ്ങൾമാത്രം മെനുവിൽ ഉൾപ്പെടുത്തിയും വിറകടുപ്പിലേക്ക് മാറിയും പിടിച്ചുനിൽക്കാനുള്ള കഠിനശ്രമത്തിലാണ് ഹോട്ടൽ മേഖലയെന്നും ഉടമകൾ പറഞ്ഞു. സർക്കാർ ഇടപെടണം പാചകവാതകക്ഷാമം കാരണം ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയും പലതും പൂട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു.എസ്. സന്തോഷ് കുമാർ പറഞ്ഞു. അല്ലെങ്കിൽ ഈ മേഖലയാകെ തകരുമെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചന്തയിൽ ഒരു നിയമവും പാലിക്കാതെ വലിയവിലയ്ക്ക് വാണിജ്യ ഗ്യാസ് സിലിൻഡറുകൾ വിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരംകാണണമെന്ന് ഗ്യാസ് ഏജൻസി നടത്തിപ്പുകാരും ആവശ്യപ്പെട്ടു. Content Highlights: Kozhikode hotels face severe LPG shortages, forcing operators to pay double in the black market. Read about the impact on the hospitality sector and demand for govt action. Published: 16 Mar 2026, 07:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരിഞ്ചന്തയിൽ വൻവിലയ്ക്ക് വാണിജ്യ സിലിൻഡർ വിൽപ്പന; 4000 രൂപ വരെ
M
MathrubhumiSource Link
about 2 months ago