നാ ലുമാസത്തിനു ശേഷം ലേക്‌ഷോറിന്റെ സ്‌നേഹത്തണലിൽ വീണ്ടുമൊരു കല്യാണമണ്ഡപമൊരുങ്ങി. മുൻ നിശ്ചയിച്ച തീരുമാനങ്ങൾക്കുമേൽ ആരോഗ്യാവസ്ഥ പ്രതിസന്ധി തീർത്തപ്പോൾ ചികിത്സയിലുള്ള വധുവിന് മുന്നിൽ ആശുപത്രിയുടെ കരുതലിന്റെ വാതിലുകൾ തുറന്നു. To advertise here, ഗാസ്‌ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടിൽ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകൾ ദിയ ജി. പ്രഹ്ലാദിന് (26) കായംകുളം ഗോവിന്ദമുട്ടം പുത്തൻകണ്ടത്തിൽ പരേതനായ ഡി. ജയൻ-അനിത ദമ്പതിമാരുടെ മകൻ ജിതിൻ ജയൻ താലിചാർത്തി. ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തിൽ വ്യാഴാഴ്ചയായിരുന്നു വിവാഹം. വിവാഹം മാസങ്ങൾക്ക് മുൻപേ നിശ്ചയിച്ചതാണ്. ഇതിനിടെ ഏതാനുംദിവസം മുൻപാണ് വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനോടകം വിവാഹത്തിനുള്ള ഒരുക്കങ്ങൾ ബന്ധുക്കൾ പൂർത്തീകരിച്ചിരുന്നു. അതിനാൽ നിശ്ചയിച്ച ദിവസംതന്നെ വിവാഹം നടത്താൻ കുടുംബം തീരുമാനിച്ചു. യാത്രചെയ്യാൻ ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തിൽ, ആശുപത്രിയിൽ തന്നെ വിവാഹം നടത്തുകയായിരുന്നു. ഇതേ സമയം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തിൽ മറ്റ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് വിവാഹ സത്കാര പരിപാടികളും നടത്തി. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ആശുപത്രി മാനേജ്‌മെന്റും ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടുന്ന സംഘം ദിയയ്ക്കും ജിതിനുമൊപ്പം ബന്ധുക്കളായി ചേർന്നുനിന്നു. ആശംസകളുമായി വി.പി.എസ്. ലേക്ഷോർ എം.ഡി. എസ്.കെ. അബ്ദുള്ള, സി.ഇ.ഒ. ജയേഷ് വി. നായർ, ഗ്രൂപ്പ് സി.ഒ.ഒ. ലക്ഷ്മൺ സേതുരാമൻ എന്നിവരും കല്യാണത്തിന് എത്തി. ചികിത്സയ്ക്ക് നേതൃത്വംവഹിക്കുന്ന സർജിക്കൽ ഗാസ്‌ട്രോഎന്ററോളജി ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. എച്ച്. രമേഷ്, സീനിയർ കൺസൾട്ടന്റ് ഡോ. മായാ പീതാംബരൻ എന്നിവർ ചടങ്ങുകളിൽ മുൻനിരയിലുണ്ടായിരുന്നു. ഡോ. എച്ച്. രമേഷും ഡോ. പി. മായയും ചേർന്ന് താലിമാലയും ജയേഷ് വി. നായർ പൂമാലകളും എടുത്തുകൊടുത്തു. ആശുപത്രി ജീവനക്കാരടക്കമുള്ളവരുടെ പ്രാർഥനകൾ സ്വീകരിച്ച് ദിയയ്ക്ക് ജിതിൻ താലിചാർത്തി. സൗദി അറേബ്യയിൽ ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസറാണ് ജിതിൻ. എം.എ. ഇംഗ്ലീഷ് പഠനം പൂർത്തീകരിച്ച് തുടർപഠനത്തിനായി തയ്യാറെടുക്കുകയാണ് ദിയ. വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരൻ ഷാരോൺ വി.പി.എസ്. ലേക്ഷോറിലെ അത്യാഹിതവിഭാഗത്തിൽ വെച്ച് താലിചാർത്തിയത് കഴിഞ്ഞ നവംബറിലായിരുന്നു. Content Highlights: Compassionate care provided by VPS Lakeshore Hospital for a patient's wedding., Patient underwent emergency gastrointestinal surgery just before the scheduled date., Medical staff facilitated the ceremony within hospital premises to ensure safety. Published: 03 Apr 2026, 10:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കരുതലിന്റെ കരങ്ങൾ; ആശുപത്രി കതിർമണ്ഡപമായി, ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലുള്ള യുവതിക്ക് വിവാഹം
M
MathrubhumiSource Link
about 1 month ago