കായികകേരളത്തിന്റെ സ്വപ്നഭൂമിയായാണ് കൊച്ചി കലൂരിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വിഭാവനംചെയ്യപ്പെട്ടത്. എന്നാൽ, തുറക്കാത്ത വാതിലിനുമുന്നിൽ ഇന്ത്യയുടെ ഫുട്ബോൾ ടീം പരിശീലകൻ മണിക്കൂറുകളോളം കാത്തുനിന്ന് ഒടുവിൽ അകത്തുകയറാനാകാതെ മടങ്ങിപ്പോകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. ഈ സംഭവത്തിലെ കുറ്റക്കാർ, സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ.)യോ മത്സരത്തിന്റെ സംഘാടകരായ കേരള ഫുട്ബോൾ അസോസിയേഷനോ (കെ.എഫ്.എ.) ആയിക്കോട്ടെ. എന്നാൽ, ഖാലിദ് ജമീൽ എന്ന ഇന്ത്യൻ പരിശീലകനും താരങ്ങൾക്കും വ്യാഴാഴ്ച നേരിടേണ്ടിവന്ന തിരസ്കാരം കായികകേരളത്തിന്റെ ചരിത്രത്തിൽ മായാത്ത കളങ്കമായി നിൽക്കുകതന്നെ ചെയ്യും. മാർച്ച് 31-ന് ഹോങ്‌കോങ്ങുമായി നടക്കുന്ന എ.എഫ്.സി. ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാമത്സരത്തിനായാണ് ഇന്ത്യൻ ടീം കൊച്ചിയിലെത്തിയത്. എന്നാൽ, ഇന്ത്യൻ ടീമിനുമുന്നിൽ വാതിൽ കൊട്ടിയടച്ചാണ് ജി.സി.ഡി.എ. സ്റ്റേഡിയത്തിനുമേലുള്ള അവരുടെ അധികാരം വ്യക്തമാക്കിയത്. പതിവ് പത്രസമ്മേളനത്തിനെത്തിയ പരിശീലകൻ ഖാലിദ് ജമീലിന് തുറക്കാത്ത വാതിലിനുമുന്നിൽ ഏറെനേരം കാത്തുനിന്ന് നിരാശനായി മടങ്ങേണ്ടിവന്നു. കഴിഞ്ഞമാസം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനുമുന്നോടിയായി സ്റ്റേഡിയം ഹോംഗ്രൗണ്ടാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനെയും ക്ലബ് ഉടമയെയും സ്റ്റേഡിയത്തിൽനിന്ന് ഇറക്കിവിട്ടും ജി.സി.ഡി.എ. വിവാദത്തിലായിരുന്നു. ഇപ്പോഴിതാ, ദേശീയ ടീമിനും രാജ്യത്തെ ഒരു സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട് നിരാശരാകേണ്ടിവന്നിരിക്കുന്നു. തികച്ചും സാങ്കേതികമായ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് സ്റ്റേഡിയത്തിന്റെ ഉടമകളായ ജി.സി.ഡി.എ. അവരുടെ ചെയ്തിയെ ന്യായീകരിക്കുന്നത്. മത്സരത്തിനുള്ള വാടകയായി മൂന്നുലക്ഷം രൂപയും കരുതൽ ധനമായി 25 ലക്ഷം രൂപയും നൽകാമെന്ന് കെ.എഫ്.എ. സമ്മതിച്ചിരുന്നെന്നും മുഴുവൻ തുകയും മുൻകൂറായി നൽകിയില്ലെന്നുമാണ് അവരുടെ വാദം. പറഞ്ഞ വാക്ക് പാലിക്കാതിരുന്നിട്ടുണ്ടെങ്കിൽ കെ.എഫ്.എ. ചെയ്തത് തെറ്റുതന്നെയെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ദേശീയ ടീമിനെ ഇറക്കിവിടുന്നതുപോലുള്ള സാഹചര്യം സൃഷ്ടിക്കുന്നത് ഒരുതരത്തിലും അംഗീകരിച്ചുകൊടുക്കാവുന്ന കാര്യമല്ല. ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയവും ജി.സി.ഡി.എ. യുമൊക്കെ നാടിന്റെ പുരോഗതിക്കായി പല കാലങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള സ്ഥാപനങ്ങളാണ്. അവിടെ പാലിക്കപ്പെടേണ്ട ചില മൂല്യങ്ങളും കാര്യങ്ങളുമുണ്ട്. ഒരു പതിറ്റാണ്ടിനുശേഷമാണ് അന്താരാഷ്ട്ര ഫുട്ബോൾ മത്സരം കൊച്ചി സ്റ്റേഡിയത്തിലേക്കെത്തുന്നത്. അത്രയും പ്രധാനപ്പെട്ട ഒരു മത്സരത്തിനെത്തിയ ദേശീയ ടീമിനെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകും. സ്വന്തം രാജ്യത്തെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട താരങ്ങൾക്കുണ്ടായ ആഘാതം എത്രയാകുമെന്ന് ആർക്കെങ്കിലും ഊഹിക്കാനാകുമോ? സ്റ്റേഡിയത്തിലേക്ക് പ്രവേശനംകിട്ടില്ലെന്ന് ഉറപ്പായതോടെ, തൃപ്പൂണിത്തുറയിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൗണ്ടിലാണ് വ്യാഴാഴ്ച ഇന്ത്യൻ ടീം പരിശീലനം നടത്തിയത്. കെ.എഫ്.എ.യുമായി കരാറില്ലെന്നും അതുകൊണ്ട് പണം മുൻകൂറായി കിട്ടാത്തതിനാൽ സ്റ്റേഡിയം തുറന്നുകൊടുക്കേണ്ടെന്നും ജി.സി.ഡി.എ. മേലാളന്മാർ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. കെ.എഫ്.എ. സാവകാശം ചോദിച്ചെങ്കിലും ജി.സി.ഡി.എ. അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. സ്റ്റേഡിയത്തിന്റെ അവകാശികൾ ആത്യന്തികമായി കളിക്കാരും കളിയാസ്വാദകരുമായിരിക്കെ, ജി.സി.ഡി.എ.യും കെ.എഫ്.എ.യും തമ്മിലുള്ള പടലപ്പിണക്കത്തിന്റെ ഇരകളായി ദേശീയ ടീം മാറിയത് അംഗീകരിക്കാനാവില്ല. കായികവളർച്ചയ്ക്ക് എക്കാലവും പരമപ്രാധാന്യം നൽകിയിട്ടുള്ള നാടാണ് കേരളം. പി.ടി. ഉഷയെയും ഐ.എം. വിജയനെയും സഞ്ജു സാംസണെയുംപോലുള്ള ലോകമറിയുന്ന കായികതാരങ്ങൾ ഇവിടെനിന്ന് ഉദിച്ചുയർന്നത് ഈ നാട് ഒറ്റക്കെട്ടായി കായികതാരങ്ങളെ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ്. കായികമേഖലയ്ക്കും കായികതാരങ്ങൾക്കും ഇത്രയേറെ പിന്തുണ നൽകിയിട്ടുള്ള ഈ നാട്, വ്യാഴാഴ്ച ഇന്ത്യൻ ഫുട്ബോൾ ടീമിന് കൊച്ചിയിലുണ്ടായ അപമാനം അംഗീകരിക്കില്ലെന്ന് തീർച്ചയാണ്. എന്തിനെയും കച്ചവടക്കണ്ണിലൂടെമാത്രം കാണുന്ന, സാങ്കേതികതയുടെ പേരിൽ ചുവപ്പുനാടകൾകൊണ്ട് കളിക്കളത്തെ വരിഞ്ഞുമുറുക്കുന്ന ഭരണവർഗത്തിന് ഈ ദുരനുഭവങ്ങളിൽ ഒരു അസ്വാഭാവികതയും തോന്നിയിട്ടുണ്ടാവില്ല. എന്നാൽ, ഉപാധികളില്ലാതെ കായികതാരങ്ങൾക്കായി ആർപ്പുവിളിക്കുന്ന പൊതുജനം ഇതിനെ നിസ്സാരമായി കണ്ടെന്നുവരില്ല. സ്പോർട്സിന്റെ വികസനത്തിനായി ആരംഭിച്ച സ്റ്റേഡിയത്തെ സ്വന്തം നിലനിൽപ്പിനായുള്ള കറവപ്പശുവായി കാണുന്ന നിലപാടാണ് ആദ്യം തിരുത്തപ്പെടേണ്ടത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും അന്താരാഷ്ട്ര സ്റ്റേഡിയങ്ങളുടെ നിയന്ത്രണവും നടത്തിപ്പും സംബന്ധിച്ച് സർക്കാർതലത്തിൽത്തന്നെ പുതിയ നയമുണ്ടാവണം. വരുന്ന സർക്കാർ അതിനുള്ള നടപടികൾ ത്വരപ്പെടുത്തുമെന്ന് ആശിക്കാം. To advertise here, Published: 27 Mar 2026, 11:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
