കറുകപുത്തൂർ : ശനിയാഴ്ച ഉച്ചയോടെ പൊട്ടിയ, കറുകപുത്തൂർ-വട്ടൊള്ളിക്കാവ് റോഡിലെ പ്രധാന കുടിവെള്ളവിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണി ഞായറാഴ്ച രാവിലെ ആരംഭിച്ചു. തൃത്താല ജല അതോറിറ്റി ജെ.സി.ബി. ഉപയോഗിച്ച്, നവീകരണംനടക്കുന്ന പുതിയ റോഡിലാണ് പൈപ്പിനായി വലിയചാലുകൾ കീറി തകരാർ പരിഹരിക്കുന്നത്. ബി.എം.ബി.സി. മാതൃകയിൽ നവീകരണംനടക്കുന്ന കറുകപുത്തൂർ-വട്ടൊള്ളിക്കാവ് പാതയിൽ ഒന്നരയാഴ്ചയ്‌ക്കുള്ളിൽ രണ്ടിടങ്ങളിലാണ് വലിയതോതിൽ പൈപ്പുകൾ പൊട്ടിയത്. To advertise here, ശനിയാഴ്ച 11 മണിയോടെയാണ് വലിയപൈപ്പ് പൊട്ടി ശക്തമായി വെള്ളം പുറത്തേക്കൊഴുകിയത്. പ്രദേശത്തെ വീടുകളിലേക്കും വെള്ളം ഒഴുകിയെത്തി. വേനലറുതിയിൽ നൂറുകണക്കിന് വീടുകളിലെത്തേണ്ട കുടിവെള്ളവിതരണം പൂർണമായും തടസ്സപ്പെട്ടു. റോഡിൽ വലിയകുഴി രൂപപ്പെട്ട് ഗതാഗതതടസ്സവും ഉണ്ടായി. ജല അതോറിറ്റി ഉദ്യോഗസ്ഥർ ശനിയാഴ്ച പരിശോധന നടത്തിയിരുന്നു. പൊട്ടിയപൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. വട്ടൊള്ളിക്കാവ്-കറുകപുത്തൂർ പാതയുടെ പ്രവൃത്തി ഇതുവരെയും പൂർത്തിയായിട്ടില്ല. ഇപ്പോഴും മൂന്നരപ്പതിറ്റാണ്ട് പഴക്കമുള്ള പൈപ്പുകളിലൂടെയാണ് ഇവിടെ ജലവിതരണം നടക്കുന്നത്. പുതിയ പാതയുടെ നിർമാണത്തിന് മുന്നോടിയായി റോഡിന്റെ ഇരുദിശയിലൂടെയും പുതിയ പൈപ്പുകൾ സ്ഥാപിച്ച് കണക്ഷൻ മാറ്റിനൽകാനുള്ള ഫണ്ടും സർക്കാർ അനുവദിച്ചിരുന്നു. ഇരുദിശയിലൂടെയും പുതിയ പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, പുതിയ പൈപ്പുകൾ പ്രവർത്തനസജ്ജമാക്കാത്തതാണ് തുടർച്ചയായി പൈപ്പുകൾ പൊട്ടാനിടയാക്കുന്നത്. വേനൽ കഴിഞ്ഞാൽ പുതിയ പൈപ്പുകളിൽനിന്ന് ജലവിതരണം നടത്താനാകുമെന്ന് തൃത്താല ജല അതോറിറ്റി എ.ഇ. പറഞ്ഞു. കുടിവെള്ളവിതരണം തിങ്കളാഴ്ച പുനഃസ്ഥാപിക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. റോഡ് കുത്തിപ്പൊളിച്ചതിനാൽ ഈവഴിയുള്ള ഗതാഗതം തടസ്സപ്പെടാതിരിക്കാൻ റോഡിനരികിലൂടെ വാഹനം കടത്തിവിടുന്നുണ്ട്. അറ്റകുറ്റപ്പണിക്കുശേഷം റോഡ് ഉടൻ ഗതാഗതയോഗ്യമാക്കുമെന്നും അധികൃതർ പറഞ്ഞു. പൈപ്പ് പൊട്ടി വെള്ളം പാഴായതിനാൽ മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. Published: 04 May 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കറുകപുത്തൂർ-വട്ടൊള്ളിക്കാവ് റോഡിൽ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി തുടങ്ങി
M
MathrubhumiSource Link
about 2 hours ago
