മേളപ്പൂരത്തിൽ കലഞ്ഞൂർ മഹാദേവന് പള്ളിവേട്ട നടത്തി To advertise here, കലഞ്ഞൂർ : എട്ടുനാൾ കലഞ്ഞൂർ ദേശത്തെ ആവേശപ്പൂരത്തിലാക്കിയ കലഞ്ഞൂർ മഹാദേവർ ക്ഷേത്രം ഉത്സവത്തിന് വ്യാഴാഴ്ച ആറാട്ടോടെ കൊടിയിറങ്ങും. വൈകീട്ട് നാലുമുതൽ നടക്കുന്ന ആറാട്ട് എഴുന്നള്ളത്തിന് മേളപ്രമാണി കല്ലൂർ ജയന്റെ നേതൃത്വത്തിൽ 60 കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും ഹരിപ്പാട് മുരുകദാസ്, കോട്ടയം അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള നാഗസ്വരവും അകമ്പടിയാകും. ആറാട്ട് എഴുന്നള്ളത്തിന് എത്തുന്ന ഗജവീരന്മാർക്ക് രാവിലെ 10.40-ന് കൊല്ലംമുക്ക് ജങ്ഷനിൽ സ്വീകരണം നൽകും. മേളക്കൊഴുപ്പിൽ പള്ളിവേട്ട വാദ്യമേളങ്ങളുടെ വിസ്മയത്തിൽ മഹാദേവന് പള്ളിവേട്ട നടന്നു. കിഴക്കേക്കരയുടെ പള്ളിവേട്ട ഉത്സവത്തിന് പട്ടാഴി ആർ. പ്രഭാതും ചേർത്തല മനോജ് ശശിയും ചേർന്ന് നടത്തിയ നാഗസ്വരക്കച്ചേരിയും ഓച്ചിറ മനീഷ്ചന്ദ്രനും വടവാതൂർ ഹരികൃഷ്ണനും ചേർന്നുള്ള സ്പെഷ്യൽ തവിലുമായിരുന്നു പ്രത്യേകത. മേള പ്രമാണി ഇരിങ്ങപ്പുറം ബാബുവിന്റെ നേതൃത്വത്തിൽ 70 കലാകാരന്മാർ അണിനിരന്ന മേജർസെറ്റ് പഞ്ചാരിമേളവും മാറ്റുകൂട്ടി. കാഴ്ചശ്രീബലി എഴുന്നള്ളത്തിന്റെ ഭാഗമായി നടത്തിയ പഞ്ചാരിമേളത്തിന് വലിയ ജനക്കൂട്ടം സാക്ഷിയായി. രാത്രിയിൽ ക്ഷേത്രത്തിൽനിന്ന് കിഴക്കേ ആൽത്തറയിലേക്ക് പള്ളിവേട്ടയ്ക്കായി മഹാദേവൻ എഴുന്നള്ളി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പള്ളിവേട്ട വരവ് നടത്തിയത്. ക്ഷേത്രത്തിൽ ഇന്ന് നാഗസ്വരക്കച്ചേരി 8.30, കൊടിയിറക്ക്, ആറാട്ട്ബലി 10.30, ആനയൂട്ട് 11.00, ഓട്ടൻതുള്ളൽ 4.00, ആറാട്ട് എഴുന്നള്ളത്ത്, പഞ്ചാരിമേളം 4.00, നാഗസ്വരക്കച്ചേരി(സ്റ്റേജിൽ) വൈകീട്ട് 6.00, ആറാട്ടുവരവ് 7.00, സംഗീതസദസ്സ്- ഭരത് സുന്ദർ, 10.30, നൃത്തനാടകം 2.00
