ശാസ്താംകോട്ട : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനംകുറിച്ച് ഭരണിക്കാവിൽ നടന്ന കൊട്ടിക്കലാശത്തിൽ പ്രവർത്തകരുടെ ആവേശം വാനോളമുയർന്നു. ഭരണിക്കാവ് ജങ്ഷനെ ജനസാഗരമാക്കിയാണ് കുന്നത്തൂർ മണ്ഡലത്തിലെ മൂന്ന് മുന്നണികളുടെയും പ്രചാരണം കൊടിയിറങ്ങിയത്. To advertise here, വൈകീട്ട് നാലുമുതൽ വാഹനങ്ങളിൽ വിവിധഭാഗങ്ങളിൽനിന്ന് പ്രവർത്തകർ ഭരണിക്കാവിലേക്ക് എത്തിക്കൊണ്ടിരുന്നു. പലഭാഗങ്ങളിൽനിന്ന് ചെറുപ്രകടനങ്ങളുമായും പ്രവർത്തകരെത്തി. അഞ്ചുമണിയായതോടെ പ്രവർത്തകരെക്കൊണ്ട് ഭരണിക്കാവ് ജങ്ഷൻ നിറഞ്ഞു. സംഘർഷം ഒഴിവാക്കുന്നതിന് ഓരോ മുന്നണിക്കും ജങ്ഷനിൽനിന്നുള്ള പാതകളിൽ പ്രത്യേക ഇടങ്ങൾ നൽകിയിരുന്നു. എൽ.ഡി.എഫിന് അടൂർ പാതയിലും യു.ഡി.എഫിന് ശാസ്താംകോട്ട പാതയിലുമായിരുന്നു സ്ഥലം അനുവദിച്ചത്. എൻ.ഡി.എ.യുടെ പ്രകടനം ചക്കുവള്ളി പാതയിലായിരുന്നു. എന്നാൽ ആവേശം അണപൊട്ടിയതോടെ നിയന്ത്രണങ്ങളെല്ലാം പാളി. ഒടുവിൽ മൂന്നു മുന്നണികളും ചേർന്ന് ജങ്ഷനെ ആവേശക്കടലാക്കി. ഇതിനിടയിൽ ബി.ജെ.പി., എൽ.ഡി.എഫ്. പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളിലേക്കു കടക്കാനുള്ള സാധ്യത പോലീസിന്റെയും കേന്ദ്രസേനയുടെയും സമയോചിതമായ ഇടപെടലിൽ ഒഴിവായി. പരസ്പരം കൊടിവീശി തർക്കിക്കാനുള്ള ശ്രമവും ഇരുഭാഗത്തുനിന്നുണ്ടായി. വലിയ വാഹനങ്ങളുടെ പുറത്തും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലും വലിയ കൊടികൾ വീശിക്കൊണ്ട് കയറിനിന്ന യുവാക്കൾ ആവേശത്തിമർപ്പിലായിരുന്നു. അലങ്കരിച്ച പ്രത്യേക വാഹനത്തിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥി കോവൂർ കുഞ്ഞുമോനും യു.ഡി.എഫ്. സ്ഥാനാർഥി ഉല്ലാസ് കോവൂരും നിലയുറപ്പിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി രാജിപ്രസാദ് ക്രെയിനിൽ ഉയരത്തിൽ കയറിനിന്നാണ് പ്രവർത്തകരെ അഭിവാദ്യം ചെയ്തത്. അമ്മൻകുടം തുള്ളലും വാദ്യമേളങ്ങളും പാരഡി ഗാനങ്ങളും ആവേശംകൊട്ടിക്കയറുന്നതിന് മേമ്പൊടിയായി. യുവജനസംഘടനകളുടെ പ്രവർത്തകർ കൊടിവീശിയും മുദ്രാവാക്യങ്ങൾ വിളിച്ചും നൃത്തംചവിട്ടിയും കൊട്ടിക്കലാശം കൊഴുപ്പിച്ചു. കൃത്യം ആറിനുതന്നെ പ്രചാരണം കൊടിയിറങ്ങി. ‘സ്വർണം കട്ടവരാരപ്പാ...’ എന്ന പാരഡി ഗാനവുമായി യു.ഡി.എഫ്. പ്രവർത്തകർ രംഗം കൊഴുപ്പിക്കാൻ ശ്രമിച്ചെങ്കിലും രണ്ടുവരിയിൽ നിർത്തേണ്ടിവന്നതും ശ്രദ്ധേയമായി. ബുധനാഴ്ച സ്ഥാനാർഥികൾ അന്തിമമായി വോട്ടുറപ്പിക്കുന്നതിനായി നിശ്ശബ്ദ പ്രചാരണത്തിലേക്ക് കടക്കും. ചാഞ്ചാടാൻ സാധ്യതയുള്ള വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കുന്നതിലാകും ശ്രദ്ധ.
