കാഞ്ഞിരപ്പള്ളി : നിർമാണ പ്രവർത്തനം നടന്ന് വരുന്ന കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിൽ കലുങ്ക് അപകടാവസ്ഥയിലായതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കാഞ്ഞിരപ്പള്ളി കുരിശുങ്കൽ മുതൽ മണ്ണാറക്കയം ഭാഗത്തേക്കുള്ള ഗതാഗതമാണ് താത്കാലികമായി നിരോധിച്ചത്. To advertise here, മണ്ണാറക്കയത്തിനും കുരിശിങ്കലിനും ഇടയിലുള്ള കലുങ്കാണ് അപകടാവസ്ഥയിലായത്. പുതിയ കലുങ്ക് നിർമിക്കാൻ പാതിഭാഗം പൊളിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതോടെ പഴയ കലുങ്കിന്റെ ബാക്കിഭാഗം ഇടിയുന്ന സ്ഥിതിയായി. ഇതോടെ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. എന്നാൽ വാഹനങ്ങൾ പോയാൽ വീണ്ടും ഇടിയാൻ സാധ്യതയുള്ളതിനാൽ കുരിശുങ്കലിൽ മണിമല റോഡിലേക്ക് പ്രവേശിക്കുന്നയിടത്ത് മണ്ണിട്ട് ഗതാഗതം പൂർണമായി നിരോധിച്ചു. എന്നാൽ പിന്നീട് ചെറുവാഹനങ്ങൾക്ക് പോകാൻ മണ്ണ് ഭാഗീകമായി നീക്കി. വരും ദിവസങ്ങളിൽ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. നിലവിൽ ഒരുവശത്ത് കലുങ്ക് നിർമാണവും അരികിലൂടെ വാഹനങ്ങളും കടത്തിവിട്ടിരുന്നു. എന്നാൽ, ഈ ഭാഗത്ത് ഇതിന് സാധിക്കില്ലെന്നും കലുങ്ക് പൂർണമായും പൊളിച്ച് പണിയാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഡോ. എൻ. ജയരാജ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, വാർഡംഗം ജോയി മുണ്ടാമ്പള്ളി എന്നിവർ സ്ഥലത്തെത്തി അപകടസാധ്യത വിലയിരുത്തിയശേഷമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. കാൽനടയാത്രക്കാർക്കായി വഴിയൊരുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുവഴി പോകണം മണ്ണാറക്കയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കുന്നുംഭാഗത്തെത്തി ടി.ബി. റോഡിലൂടെ പോകണം. തിരിച്ച് കാഞ്ഞിരപ്പള്ളിക്ക് വരുന്ന വാഹനങ്ങളും മണ്ണാറക്കയത്തുനിന്ന് തിരിഞ്ഞ് ടി.ബി. റോഡ് വഴി കുന്നംഭാഗത്ത് എത്തി മറ്റിടങ്ങളിലേക്ക് പോകണം. നിർമാണം ഇങ്ങനെ കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള 6.862 കിലോമീറ്റർ ഭാഗവും മണിമല മുതൽ കുളത്തൂർ മൂഴി വരെയുള്ള 11.5 കിലോമീറ്റർ ഭാഗവും ചേർന്നുള്ള 18.362 കിലോമീറ്ററാണ് നവീകരിക്കുന്നത്. പ്രസ്തുത ഭാഗത്തിന് മധ്യത്തിലായി വരുന്ന മണ്ണനാനി മുതൽ മണിമല വരെയുള്ള ഭാഗം പുനലൂർ- മൂവാറ്റുപുഴ റോഡിന്റെ ഭാഗമായി നേരത്തെ പൂർത്തിയാക്കിയിരുന്നു. നിലവിലെ റോഡിന്റെ വീതി എട്ട് മീറ്റർ എന്നത് 10 മീറ്റർ വീതിയാക്കി വർദ്ധിപ്പിക്കും. കാഞ്ഞിരപ്പള്ളി മുതൽ മണ്ണനാനി വരെയുള്ള ഭാഗത്ത് ചെറുതും വലുതുമായ 32 കലുങ്കുകളാണ് നിർമിക്കുക.

കലുങ്ക് അപകടാവസ്ഥയിൽ; മണിമല റോഡിൽ ഗതാഗതം നിരോധിച്ചു
M
MathrubhumiSource Link
about 2 months ago