ചടയമംഗലം : കല്ലടത്തണ്ണി വെള്ളച്ചാട്ടം പാത ദുർഘടമായതോടെ സന്ദർശകരുടെ യാത്ര ബുദ്ധിമുട്ടായി. To advertise here, കുണ്ടും കുഴിയും ചാലും രൂപപ്പെട്ട പാത അപകടമേഖലയായത് ദിനംപ്രതി വിനയാകുകയാണ്. ഇരുചക്ര-മുച്ചക്ര വാഹനയാത്രക്കാരും അപകടഭീതിയിലാണ്. പാതയോരം കാടുമൂടിയത് സന്ദർശകരുടെ ഭീതി വർധിപ്പിച്ചു. ചടയമംഗലം പഞ്ചായത്തിലെ ഗ്രാമീണ ടൂറിസം കേന്ദ്രമായിട്ടും പ്രാദേശിക ഭരണകൂടം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇത്തിക്കരയാറിന്റെ ശാന്തതയും വെള്ളച്ചാട്ടവും വട്ടത്തിൽതങ്ങൾ കബറിസ്താനും പ്രകൃതി അനുഗ്രഹിച്ച പച്ചപ്പും വള്ളിപ്പടർപ്പുകളും എന്നും ടൂറിസ്റ്റുകളുടെ പറുദീസയാണ്. പാറയുടെ മുകളിലൂടെ പളുങ്കുമണിപോലെ താഴേക്കു പതിക്കുന്ന ജലധാര കാണികൾക്ക് വിസ്മയക്കാഴ്ചയാണ്. ഒട്ടേറെ സന്ദർശകരാണ് നിത്യേന ഇവിടെയെത്തുന്നത്. ഫോട്ടോഷൂട്ടിനായും ദൂരെനിന്നുവരെ സന്ദർശകർ എത്തുന്നുണ്ട്. ആറിന്റെ മുകൾപരപ്പിലെ കുന്നുകളും കല്ലടത്തണ്ണിയുടെ മനോഹാരിതയും വശ്യതയാർന്ന അനുഭവമാണ് നൽകുക. ടൂറിസം മേഖലയ്ക്ക് വലിയ സംഭാവന നൽകാനുള്ള പ്രദേശത്ത് എത്തിച്ചേരുക പ്രയാസമാണ്. റോഡ് കോൺക്രീറ്റിങ് ഉൾപ്പടെയുള്ള വികസനം അടിയന്തര ആവശ്യമാണ്. മഴക്കാലത്ത് പാത വെള്ളക്കെട്ടിൽ മുങ്ങും. മതസൗഹാർദത്തിന്റെ അടയാളമായി വട്ടത്തിൽ തങ്ങൾ കബറിസ്താനിലേക്കും ആളുകളെത്തുന്നുണ്ട്. കല്ലടത്തണ്ണി ഭാഗത്തുനിന്ന് ഇവിടേക്ക് താത്‌കാലിക പാലവുമുണ്ട്. ടൂറിസത്തിന് വലിയ സാധ്യതയുള്ള ഭൂപ്രദേശത്തിന് അനുയോജ്യമായ വികസനം നടപ്പാക്കാൻ കഴിയുമെങ്കിലും അതിനുള്ള ശ്രമങ്ങളുണ്ടാകുന്നില്ല. ജടായു ടൂറിസവുമായി ബന്ധപ്പെടുത്തിയും വികസനസാധ്യതയുണ്ട്. ചടയമംഗലം, വെളിനല്ലൂർ, പള്ളിക്കൽ പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമാണിത്. ചടയമംഗലം-പള്ളിക്കൽ റോഡിൽ കല്ലടത്തണ്ണിയിൽനിന്നു തുടങ്ങുന്ന അരക്കിലോമീറ്റർ ടൂറിസം പാതയുടെ ഓരത്തെ കാടുതെളിച്ച് സഞ്ചാരയോഗ്യമാക്കാൻ ശ്രമം വേണം.

കല്ലടത്തണ്ണി വെള്ളച്ചാട്ടംപാതയിൽ ദുരിതയാത്ര
M
MathrubhumiSource Link
about 2 months ago