കൊല്ലം : വീതിക്കുറവും വാഹനങ്ങളുടെ തിരക്കുംമൂലം പഴയ ദേശീയപാതയിലെ കളക്ടറേറ്റ്-കാവനാട് റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. കല്ലുംതാഴം-അയത്തിൽ റോഡിൽ ഗതാഗതനിരോധനം ഏർപ്പെടുത്തിയതോടെ തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടുതലും ആൽത്തറമൂട് വഴി നഗരത്തിലെത്തി, കോളേജ് ജങ്ഷനിലൂടെയാണ് കടന്നുപോകുന്നത്. വാഹനത്തിരക്കേറിയതോടെ ചെറിയ തടസ്സമുണ്ടായാൽപ്പോലും റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും. ജങ്ഷനുകളിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുമ്പോഴേക്കും സ്ഥിതി കൂടുതൽ രൂക്ഷമാകും. To advertise here, രാവിലെയും വൈകീട്ടുമാണ് കൂടുതലും കുരുക്കുണ്ടാകുന്നത്. റോഡിൽ ഗതാഗതനിയന്ത്രണത്തിന് ട്രാഫിക് വാർഡന്മാരുമില്ല. ഹൈസ്കൂൾ ജങ്ഷൻ കഴിഞ്ഞാൽ കാവനാട് ആൽത്തറമൂട്ടിൽ ദേശീയപാത നിർമാണം നടക്കുന്നിടത്താണ് ട്രാഫിക് ജീവനക്കാരുള്ളത്. ഇടറോഡുകളിൽനിന്ന് വാഹനങ്ങൾ പ്രധാന പാതയിലേക്ക് പ്രവേശിക്കുമ്പോഴും അപകടങ്ങൾ സംഭവിക്കാറുണ്ട്. പാതയോരങ്ങളിലെ അനധികൃത പാർക്കിങ് കുരുക്കിനിടയാക്കുന്നു. പലയിടത്തും കഷ്ടിച്ച് വാഹനങ്ങൾ കടന്നുപോകാനുള്ള വീതിയേയുള്ളൂ. റോഡരികുകളിലെ പാർക്കിങ് കാരണം കാൽനടയാത്രയും ബുദ്ധിമുട്ടേറി. നടപ്പാതകൾ ഇല്ലാത്തതും ദുരിതം :അമ്മച്ചിവീടുമുതൽ കാവനാടുവരെയുള്ള ഭാഗത്ത് കാൽനടയാത്രയ്ക്കായി നടപ്പാതകളില്ലാത്തതും ദുരിതമാണ്. പലഭാഗത്തും റോഡിൽ കുഴികൾ നികത്തി ടാർ ചെയ്തതോടെ റോഡ് ഉയരത്തിലും വശങ്ങൾ താഴ്ചയിലുമായി. ബസിൽനിന്നിറങ്ങുന്ന യാത്രക്കാർ കാൽവയ്ക്കുന്നത് കുഴിയിലേക്കാണ്. രാത്രിയിൽ പ്രദേശത്തെ കടകളിൽനിന്നുള്ള വെളിച്ചവും വാഹനങ്ങളുടെ പ്രകാശവും മാത്രമാണ് യാത്രക്കാരുടെ ആശ്രയം. ആൽത്തറമൂട് ജങ്ഷനിൽറോഡ് തകർച്ചയും പൊടിശല്യവും :ദേശീയപാത നിർമാണം നടക്കുന്ന കാവനാട് ആൽത്തറമൂട് ജങ്ഷനിൽ യാത്രക്കാർക്ക് സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. ടാറിങ്ങും മെറ്റലുമിളകി റോഡ് തകർന്നിട്ട് നാളേറെയായി. വേനലായതോടെ പൊടിശല്യവുമുണ്ട്. ശക്തികുളങ്ങര ഭാഗത്തേക്കുള്ള റോഡാണ് തകർന്നത്. റോഡിന്റെ ശോച്യാവസ്ഥയിൽ പലതവണ പരാതി ഉയർന്നിട്ടും നന്നാക്കാൻ നടപടിയില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മുൻപ് പലതവണ തട്ടിക്കൂട്ട് കുഴിനികത്തൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. മഴപെയ്യുന്നതോടെ റോഡ് ചെളിക്കുളമാകും. ഇരുചക്രവാഹനയാത്രക്കാർക്ക് നടുവൊടിക്കുന്ന യാത്രയാണിവിടെ. ചവറ ഭാഗത്തുനിന്നും ദേശീയപാതയിൽനിന്നും കൊല്ലത്തേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. കുഴികൾ നികത്തിയാൽ ഒരുപരിധിവരെ ഇവിടെ യാത്ര സുഗമമാകും.

കളക്‌ടറേറ്റ്-കാവനാട് പാതയിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു
M
MathrubhumiSource Link
about 2 months ago