Last Updated: 26 March 2026, 11:30 PM IST വ്യക്ത്യധിക്ഷേപമടങ്ങിയതും സഭ്യമല്ലാത്തതുമായ പദപ്രയോഗങ്ങൾ നമ്മുടെ കക്ഷിരാഷ്ട്രീയസംവാദങ്ങളിൽ ഇടംപിടിക്കേണ്ട എന്തുകാര്യമാണുള്ളതെന്നാണ് അദ്ഭുതംതോന്നുന്നത് പുതിയ വാക്കുകൾ പുതിയ കാലത്തിന്റെ അടയാളങ്ങളാണെന്ന് എഴുതിയത് വിശ്രുത ചരിത്രകാരൻ എറിക് ഹോബ്‌സ്ബാമാണ്. ഇതിലൊരു ഭേദഗതിക്കുള്ള സ്വാതന്ത്ര്യമെടുക്കുകയാണെങ്കിൽ, നെറികെട്ട വാക്കുകൾ നെറികെട്ട രാഷ്ട്രീയത്തിന്റെ അടയാളങ്ങളാണെന്നു പറയാനായേക്കും. അതാണ് കുറെക്കാലമായി നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച്, തിരഞ്ഞെടുപ്പുകാലമാകുമ്പോൾ. രാഷ്ട്രീയ എതിരാളികൾക്കുനേരേ അഭിലഷണീയമല്ലാത്ത വാക്കുകൾ പൊതുവേദിയിൽ ഉപയോഗിക്കാൻ മടിയില്ലാത്തവരിൽ പ്രാദേശികനേതാക്കൾമാത്രമല്ല, ഉയർന്നനിരയിലെ നേതാക്കൾവരെയുണ്ടെന്നതാണു വാസ്തവം. വ്യക്ത്യധിക്ഷേപമടങ്ങിയതും സഭ്യമല്ലാത്തതുമായ പദപ്രയോഗങ്ങൾ നമ്മുടെ കക്ഷിരാഷ്ട്രീയസംവാദങ്ങളിൽ ഇടംപിടിക്കേണ്ട എന്തുകാര്യമാണുള്ളതെന്നാണ് അദ്ഭുതംതോന്നുന്നത്. ആശയപരമായി എതിരിടുമ്പോഴും സോദരത്വേന പുലരാനുള്ള വിശാലരാഷ്ട്രീയഭാവനയാണ് കൈമോശംവന്നിരിക്കുന്നത്. വാക്കുകളിൽ സ്പർധകലരുന്നത് അതുകൊണ്ടാണ്. മിതത്വവും മര്യാദയും ഇല്ലാതാകുന്നത് അപ്പോഴാണ്. അത് നല്ല രാഷ്ട്രീയത്തിന്റെ ലക്ഷണമേയല്ല. വിലക്ഷണപ്രയോഗങ്ങൾ വനിതാനേതാക്കൾക്കുനേരേയാകുമ്പോൾ അത് നമ്മുടെ രാഷ്ട്രീയരംഗത്തെ സ്ത്രീവിരുദ്ധതയുടെയും പുരുഷാധികാരാഹന്തയുടെയും മറനീക്കലാകുന്നു. കാലം ആവശ്യപ്പെടുന്ന മാറ്റം ഉൾക്കൊള്ളാൻ അധീശരാഷ്ട്രീയം ഇനിയും സന്നദ്ധമായിട്ടില്ലെന്നാണു വെളിപ്പെടുന്നത്. To advertise here, കായംകുളത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരേ യു.ഡി.എഫ്. തിരഞ്ഞെടുപ്പുപ്രചാരണപരിപാടിയിൽ പ്രാദേശിക മുസ്‌ലിംലീഗ് നേതാവുനടത്തിയ പരാമർശം ഹീനമാണ്. സ്ത്രീയെ കേവലശരീരമോ കാഴ്ചവസ്തുവോ ആയിമാത്രം കണക്കാക്കുകയോ അല്ലെങ്കിൽ അങ്ങനെ ചിത്രീകരിക്കുകയോചെയ്യുന്നതാണു കണ്ടത്. ആ പരാമർശം പിന്തിരിപ്പൻമാത്രമല്ല, നൃശംസവുമാണ്. അതു നടത്തിയ പ്രാദേശികഭാരവാഹിയെ മുസ്‌ലിംലീഗ് നേതൃത്വം പാർട്ടിതലനടപടിക്കു വിധേയനാക്കിയത് സ്വാഗതാർഹംതന്നെ. പറഞ്ഞ വാക്ക് പക്ഷേ, അകാരണമായ ആക്ഷേപത്തിനിരയായ വനിതാസ്ഥാനാർഥിയുടെയും ഈ സമൂഹത്തിന്റെതന്നെയും മനസ്സിലുണ്ടാക്കിയ മുറിവ് ഉടനെയൊന്നും ഉണങ്ങുകയില്ല. മുൻമന്ത്രിയും അമ്പലപ്പുഴയിലെ യു.ഡി.എഫ്. പിന്തുണയുള്ള സ്ഥാനാർഥിയുമായ ജി. സുധാകരനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ, ‘ചെറ്റത്തരം’ എന്ന പരാമർശവും നല്ല രാഷ്ട്രീയത്തിനു യോജിച്ചതല്ല. ചെറ്റ എന്നാൽ കുടിൽ എന്ന അർഥമല്ലേയുള്ളൂവെന്നും അപ്പറഞ്ഞതിൽ എന്താണ് അസഭ്യമായിട്ടുള്ളതെന്നുമുള്ള മുഖ്യമന്ത്രിയുടെതന്നെ ന്യായീകരണം, ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ്. മുഖ്യമന്ത്രിയുടേത് ‘ചാരുതയുള്ള പ്രയോഗ’മാണെന്ന സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ ന്യായവാദം കൂടുതൽ അപഹാസ്യം. പാലക്കാട്ടെ യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരേ മുൻമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ ‘കോമാളി’പ്രയോഗം ഈ തിരഞ്ഞെടുപ്പുകാലത്തുകേട്ട മറ്റൊരു അപഥപദമാണ്. ഇന്ത്യൻ പാർലമെന്റിന്റെ വെബ്‌സൈറ്റിൽ, അംഗങ്ങൾ സഭയിലെ പ്രസംഗത്തിനിടെ പറഞ്ഞ തമാശകൾ, ഉദ്ധരിച്ച മഹദ്‌വചനങ്ങളും കവിതാശകലങ്ങളും, പാടിയ പാട്ടുവരികൾ എന്നിവ പ്രസാധനംചെയ്യുന്ന പ്രത്യേക വിഭാഗംതന്നെയുണ്ട്. അവയോടുള്ള സഭയുടെ/അംഗങ്ങളുടെ പൊതുവിലുള്ള പ്രതികരണം എങ്ങനെയായിരുന്നെന്ന ചെറുവിശദീകരണവുമുണ്ട് കൂടെ. രാഷ്ട്രവ്യവഹാരം ഗൗരവമേറിയ പ്രക്രിയയാണെങ്കിലും അവിടെ തമാശകൾക്ക് ഇടമുണ്ടെന്നും കവിതകൾ ആദരവോടെ ശ്രവിക്കപ്പെടുമെന്നും പാട്ടുകൾ ആസ്വദിക്കപ്പെടുമെന്നുമൊക്കെ ഇതു കാണിക്കുന്നു. ഒരുതരത്തിൽ, വെബ്‌സൈറ്റിൽ ഇങ്ങനെയൊരു വിഭാഗം ഉൾക്കൊള്ളിച്ചതിന്റെ ഉദ്ദേശ്യംതന്നെ ഇതായിരിക്കാം. ഇതിൽ നമ്മുടെ നേതാക്കൾക്ക് ഉൾക്കൊള്ളാവുന്ന പാഠമുണ്ട്; രാഷ്ട്രീയസംവാദത്തിന്റെ ഗൗരവം ഇടയ്ക്കൊക്കെ അല്പം നേർപ്പിച്ചോളൂ, അത് മാന്യതയുടെ അതിരുകൾ ഭേദിച്ചുകൊണ്ടും എതിരാളികളെ നിന്ദിച്ചുകൊണ്ടുമാകരുത് എന്ന പാഠം. നല്ല വാക്കുകൾ നൃത്തംവെക്കുന്ന കവിതയാകട്ടെ, നമ്മുടെ രാഷ്ട്രീയം.
