കുറ്റിപ്പുറം : ഉദ്ഘാടനമെല്ലാം ജോറായി നടന്നെങ്കിലും കാങ്കക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ജനങ്ങൾക്ക് പൂർണമായും ഉപകാരപ്പെടണമെങ്കിൽ ഇനിയും കാത്തിരിക്കണം. അനുബന്ധറോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയാണ് ഉദ്ഘാടനമഹാമഹം നടത്തിയത്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും-പാലക്കാട് ജില്ലയിലെ കുമ്പിടിയെയും ബന്ധിപ്പിക്കുന്ന കാങ്കക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം മാർച്ച് ഒന്നിനാണ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചത്. എന്നാൽ ഇരു ഭാഗത്തേയും അനുബന്ധ റോഡുകളുടെ നിർമാണംപൂർത്തിയാക്കിയിരുന്നില്ല. To advertise here, കഴിഞ്ഞവർഷം അവസാനത്തോടെ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം പൂർത്തിയായിരുന്നു. അനുബന്ധ റോഡില്ലാത്തതിനാൽ ഇരുചക്ര വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് ഇതുവഴി യാത്രചെയ്യാൻ ഏറെ ബുദ്ധിമുട്ടാണ്. കുമ്പിടി ഭാഗത്ത് ഉദ്ഘാടനസമയത്ത് ബ്രിഡ്ജിലേക്കുള്ള റാമ്പിന്റെ നിർമാണം നടത്തിയതിനാൽ അവിടെ വാഹനങ്ങൾക്ക് ബ്രിഡ്ജിന് മുകളിലേക്ക് കയറാൻ പ്രയാസമില്ല. കുറ്റിപ്പുറം ഭാഗത്ത് പുഴയിൽനിന്ന് കയറ്റിയിട്ട മണൽ റാമ്പ് രൂപത്തിലാക്കി മാറ്റിയതിനാൽ ബ്രിഡ്ജിലേക്ക് വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും എളുപ്പമല്ല. റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 29 ഷട്ടറുകളിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത്. നിലവിൽ കരാർ കമ്പനിക്കാണ് ഷട്ടറുകളുടെ പ്രവർത്തനച്ചുമതല. അനുബന്ധ റോഡുകളുടെ നിർമാണംകൂടി പൂർത്തിയാക്കിയതിനുശേഷമേ റെഗുലേറ്റർ കം ബ്രിഡ്ജ് ഇറിഗേഷൻ വകുപ്പിനു കൈമാറാനാകൂ. റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകൾ പൂർണമായും അടച്ചിട്ട് ഭാരതപ്പുഴയിൽ ജലം കെട്ടിനിർത്തുന്നത് കാർഷികഗ്രാമങ്ങളേറേയുള്ള കുറ്റിപ്പുറം, ഇരിമ്പിളിയം, തിരുവേഗപ്പുറ, ആനക്കര, കപ്പൂർ പഞ്ചായത്തുകളിലെ കൃഷി, കുടിവെള്ള പദ്ധതികൾക്ക് ഏറെ ഗുണകരമാകും. ചെങ്ങണക്കടവിൽ നിർമാണം നടക്കുന്ന കുറ്റിപ്പുറം ജൽജീവൻ പദ്ധതിയുടെ കിണറ്റിൽ നീരൊഴുക്ക് വർധനവിനും ഇവിടുത്തെ ജലസംഭരണം ഗുണകരമാകും. എന്നാൽ ഷട്ടറുകൾ പൂർണമായും അടച്ചിടുന്നത് ഭാരതപ്പുഴയുടെ രാങ്ങാട്ടൂർ വരെയുള്ള പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാക്കും. ഷട്ടറുകളുടെ പ്രവർത്തന നിയന്ത്രണം ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്താൽമാത്രമേ ഈ വിഷയത്തിന് പരിഹാരമാകൂ. അനുബന്ധ റോഡ് നിർമാണത്തിന് സ്ഥലംവിട്ടുനൽകുന്നതിനുള്ള സമ്മതപത്രം നൽകാൻ ഒൻപതുപേർ കൂടിയുണ്ട്. കുറ്റിപ്പുറം ഭാഗത്ത് ആറുപേരും കുമ്പിടി ഭാഗത്ത് മൂന്നുപേരും സമ്മതപത്രം നൽകിയിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സ്ഥലമെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങൾ റവന്യൂ വകുപ്പ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിനുശേഷമേ തുടർപ്രവർത്തനം നടക്കുകയുള്ളൂ. അപ്പോഴേക്കും കാലവർഷമെത്തിയാൽ അനുബന്ധ റോഡ് നിർമാണത്തെ പ്രതികൂലമായി ബാധിക്കും. കുമ്പിടി ഭാഗത്ത് മാത്രമാണ് അനുബന്ധ റോഡ് നിർമാണം ഇപ്പോൾ പുരോഗമിക്കുന്നത്. Published: 20 Mar 2026, 12:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാങ്കക്കടവ് െറഗുലേറ്റർ കം ബ്രിഡ്‌ജ് ഉദ്ഘാടനം ജോറായി; പക്ഷേ, ഇനിയും കാത്തിരിക്കണം
M
MathrubhumiSource Link
about 2 months ago