കാലടി : കഴിഞ്ഞദിവസത്തെ മഴയിലും ചുഴലിക്കാറ്റിലും കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ കാർഷികമേഖലയിൽ മാത്രം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കിയതായി പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ അറിയിച്ചു. 221 ജാതികൾ, 15887 വാഴകൾ, 72 അടയ്ക്കാമരങ്ങൾ, 14 തെങ്ങുകൾ, 60 റബ്ബർ മരങ്ങൾ എന്നിവയ്ക്ക് നാശം സംഭവിച്ചു. To advertise here, തുറവുംകര എയർപോർട്ട് ഭാഗത്ത് തോട്ടത്തിൽ ശശി എന്ന കർഷകന്റെ മാത്രം 10,000 വാഴകൾ നശിച്ചുപോയി. കോഴിക്കാടൻ ജോയ്, ഉതുപ്പാൻ വിൽസൺ എന്നിവരുടെ ആയിരത്തോളം വീതം വാഴകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. വൈദ്യുത മേഖലയിൽ വലിയ പ്രതിസന്ധിയാണ് കാഞ്ഞൂർ സെക്ഷനു കീഴിൽ ഉണ്ടായിരിക്കുന്നത്. 29 പോസ്റ്റുകൾ ഒടിഞ്ഞുപോയി. ഒരു ട്രാൻസ്‌ഫോർമർ പൂർണമായും തകർന്നു. വൈദ്യുതമേഖലയിൽ ഏകദേശം 25 ലക്ഷം രൂപയോളം നഷ്ടംവന്നതായി കെ.എസ്.ഇ.ബി. കണക്കാക്കുന്നു. രണ്ടുദിവസം നാശനഷ്ടങ്ങൾ ഉണ്ടായ മേഖലയിൽ പൂർണമായും വൈദ്യുതി സ്തംഭിച്ചു. 12 വീടുകൾക്ക് തകരാർ സംഭവിച്ചു. പതിനായിരം വാഴകൾ നഷ്ടപ്പെട്ട തോട്ടത്തിൽ ശശിക്ക് ഇതിനുമുൻപും ഇത്രത്തോളം വാഴകളുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇൻഷുറൻസ് ഉണ്ടായിരുന്നെങ്കിലും മുൻപ് നശിച്ച വാഴകളുടെ ഇൻഷുറൻസ് തുക ഇതുവരെ ലഭിച്ചിട്ടില്ല. സമയാസമയങ്ങളിൽ നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ കർഷകർക്ക് ആശ്വാസമാവുകയുള്ളൂ എന്നും അതിനുവേണ്ട ശക്തമായ ഇടപെടലും നടപടികളും കൃഷിവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, വൈസ് പ്രസിഡന്റ് വിജി ബിജു, സ്ഥിരം സമിതി അധ്യക്ഷരായ എബിൻ ഡേവിസ്, ഖാലിദ് കാസിം, കൃഷി ഓഫീസർ സിമി ഹുസൈൻ, വില്ലേജ് ഓഫീസർ പി.ഇ. സിന്ധു, കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനിയർ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.സി. രഘു, പഞ്ചായത്തംഗങ്ങളായ ഷിജി ടോമി, കെ.വി. അഭിജിത്ത്, പ്രിയ ജോബി, എം.കെ. ലെനിൻ, സരിത ബാബു, ഹണി ഡേവിസ് എന്നിവർ നാശനഷ്ടം സംഭവിച്ച മേഖലകൾ സന്ദർശിക്കുകയും പരിഹാരമാർഗങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

കാഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ അരക്കോടി രൂപയുടെ കൃഷിനാശം
M
MathrubhumiSource Link
18 days ago