കരുതൽ മറികടന്ന് ആനക്കൂട്ടം To advertise here, പത്തനംതിട്ട : ഭീതിപരത്തി നാട്ടിലും കാട്ടാന ഇറങ്ങുന്നു. ഇവയെ കാടുകയറ്റാനുള്ള ശ്രമങ്ങളൊക്കെ പാഴാകുകയാണ്. വ്യാപകമായി കൃഷിനശിപ്പിക്കുന്നു. വാഴയും കൈതയും പറ്റില്ലെന്നായിട്ടുണ്ട്. കാട്ടാനയ്ക്കുപുറമേ കാട്ടുപന്നിശല്യവും രൂക്ഷമാണ്. നാട്ടിലിറങ്ങുന്ന പുലികളെ പിടിക്കാൻ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ നായ മുതലായ മൃഗങ്ങളെ വെച്ച് അവയെ കൂട്ടിലാക്കാനുള്ള ശ്രമവും പരാജയപ്പെടുന്നു. വരൾച്ചയും ആഹാര സാധനങ്ങളുടെ കുറവുമാണ് കാട്ടുമൃഗങ്ങളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. വനാതിർത്തിയോടു ചേർന്നുകിടക്കുന്ന ജനവാസമേഖലയെല്ലാം ഭീതിയിലാണ്. ഇതുകൂടാതെ മലയണ്ണാൻ, കുരങ്ങ് എന്നിവയുടെ ശല്യവുമുണ്ട്. കഴിഞ്ഞദിവസം കാട്ടുപന്നിയിടിച്ച് ഒാട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു. കോന്നി-കുമ്മണ്ണൂർ റോഡിൽ ആനകുത്തി മുസ്‍ലിം പള്ളിക്കു സമീപമായിരുന്നു അപകടം. തണ്ണിത്തോട്, തേക്കുതോട്, അരുവാപ്പുലം ഭാഗങ്ങളിൽനിന്ന് കാട്ടാന ഒഴിയുന്നില്ല. ഇന്ന് ഒരിടത്തെങ്കിൽ നാളെ മറ്റൊരിടത്തെന്നാണ് സ്ഥിതി. ചക്ക കണ്ടാൽ അവ തീർന്നശേഷമേ പ്രദേശം വിടുകയുള്ളൂ. എലിമുള്ളുംപ്ലാക്കൽ ജോസ് ജോർജിന്റെ 40 മൂട് ഏത്തവാഴയാണ് നശിപ്പിച്ചത്. ഒളികല്ല്, കുമ്പളത്താമൺ, ചിറയ്ക്കൽപ്പടി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. സൗരവേലിക്കുപോലും രക്ഷയില്ലെന്നാണ് സ്ഥിതി. രണ്ടുദിവസം മുൻപ് ചിറയ്‌ക്കലിൽ സത്യന്റെ റബ്ബർമരങ്ങളും സൗരവേലിയും കാട്ടാന നശിപ്പിച്ചു. വടശ്ശേരിക്കര ടൗണിനുസമീപംവരെ കാട്ടാനയെത്തുന്നു. വടശ്ശേരിക്കര -ഒളികല്ല് റോഡ് മുറിച്ചുകടക്കുന്ന മൂന്ന് കാട്ടാനകളെയാണ് ബൈക്ക് യാത്രികൻ കണ്ടത്. അവയ്ക്ക് മുന്നിൽപ്പെടാതെ അദ്‌ഭുതകരമായാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. പാക്കണ്ടം, അതിരുങ്കൽ മേഖലയിൽ ഒന്നരവർഷംകൊണ്ട് മൂന്ന് പുലികളെയാണ് പിടികൂടി കാട്ടിലേക്കുവിട്ടത്. പ്രത്യേക കൂടൊരുക്കി അതിൽ വളർത്തുമൃഗങ്ങളെ കെട്ടിയിട്ടാണ് പുലികളെ പിടികൂടുന്നത്. പോത്തുപാറ, കമ്പകത്തുംപച്ച എന്നിവിടങ്ങളിലെല്ലാം കാട്ടാനശല്യമുണ്ട്.
