കാട്ടാക്കട : വോട്ടഭ്യർഥനയുമായി ദേശീയ നേതാക്കൾ, നാടിന്റെ തലങ്ങും വിലങ്ങും സ്ഥാനാർഥികളുടെ ഗുണങ്ങളുടെ വിവരണവുമായി അനൗൺസ്‌മെന്റ് വാഹനങ്ങൾ, സ്ഥാനാർഥികളുടെ പര്യടനങ്ങൾ, കുടുംബയോഗങ്ങൾ വോട്ടെടുപ്പിനു ദിവസങ്ങൾ ശേഷിക്കേ കാട്ടാക്കട നിയമസഭാമണ്ഡലം തിളച്ചുമറിയുന്നു. To advertise here, ശക്തമായ ത്രികോണമത്സരത്തിനു കളമൊരുങ്ങിയതോടെ കാട്ടാക്കടയിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ്. എൻ.ഡി.എ. സ്ഥാനാർഥി പി.കെ.കൃഷ്ണദാസിനായി കേന്ദ്രമന്ത്രി അമിത് ഷാ ഞായറാഴ്ച പ്രചാരണത്തിന് എത്തിയതോടെ പ്രവർത്തകരാകെ ഉഷാറിലാണ്. ഒപ്പം യു.ഡി.എഫ്. സ്ഥാനാർഥി എം.ആർ.ബൈജുവിനായി കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.പി.യുടെ റോഡ്ഷോ കാട്ടാക്കട മണ്ഡലത്തെയാകെ ഒന്നിളക്കിമറിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥി ഐ.ബി.സതീഷിനായി സി.പി.എം. കേന്ദ്രനേതാക്കളായ വൃന്ദാ കാരാട്ട്, പ്രകാശ് കാരാട്ടുമെത്തി. സതീഷിന്റെ വാഹനപര്യടനം ഞായറാഴ്ചയോടെ സമാപിച്ചു. രാവിലെ വിവിധ ദേവാലയങ്ങളിലെ ഈസ്റ്റർ ദിനാഘോഷങ്ങളിൽ പങ്കെടുത്തശേഷം വിളപ്പിൽ പഞ്ചായത്തിലെ കൊല്ലംകോണത്തുനിന്നാണ് പര്യടനം തുടങ്ങിയത്. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ചപ്പാത്ത്, വിട്ടിയം, മിണ്ണംകോട്, കാട്ടുവിള, പ്ലാവിളക്കോണം, കുണ്ടമൺഭാഗം, പള്ളിമുക്ക്, ബി.പി.നഗർ വഴി പേയാട് സമാപിച്ചു. യു.ഡി.എഫ്. സ്ഥാനാർഥി എം.ആർ.ബൈജുവിന്റെ പര്യടനം പകൽ 3-ന് കൊറ്റംപള്ളിയിൽനിന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. തൂങ്ങാംപാറ, കണ്ടല, നെല്ലിക്കാട്, ആക്കോട്, ചീനിവിള, അരുവിയോട്, പൂവൻവിള എന്നിവിടങ്ങളിലൂടെ മാറനല്ലൂരിൽ സമാപിച്ചു. രാവിലെ വിവിധ പള്ളികളിലെ ഈസ്റ്റർ പ്രാർഥനകളിലും ആഘോഷങ്ങളിലും പങ്കുകൊണ്ടു. എൻ.ഡി.എ. സ്ഥാനാർഥി പി.കെ.കൃഷ്ണദാസ് കഴിഞ്ഞ ദിവസം പ്ലാവൂർ മേഖലയിൽ പര്യടനം പൂർത്തിയാക്കി. ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാർ കൊറ്റംപള്ളിയിൽ ഉദ്‌ഘാടനം ചെയ്തു. ഞായറാഴ്ച മണ്ഡലത്തിലെ വിവിധ ചർച്ചുകളിലെ ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കാളിയായി. വൈകീട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനിയിലെ പൊതുയോഗത്തിലും പങ്കെടുത്തു. കാട്ടാക്കടയുടെ സമഗ്രവികസനം പ്രഖ്യാപിച്ച് എൻ.ഡി.എ.യുടെ പ്രകടനപത്രികയും പുറത്തിറക്കി. ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പ്രകാശനം ചെയ്തു.

കാട്ടാക്കടയിൽ ത്രികോണ പോര്... ഇഞ്ചോടിഞ്ച്
M
MathrubhumiSource Link
about 1 month ago