പത്തനാപുരം (കൊല്ലം): വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലെത്തിയ പിറവന്തൂർ മുള്ളുമല ഉന്നതിയിലെ ദമ്പതിമാർ കാട്ടാനക്കൂട്ടത്തിനു മുൻപിൽ അകപ്പെട്ടു. ആനക്കൂട്ടം പാഞ്ഞടുത്തതോടെ പ്രാണരക്ഷാർത്ഥം ഇരുവരും കൂറ്റൻ തേക്കുമരത്തിൽ കയറിപ്പറ്റി. സ്ഥലംവിടാതെ മരത്തിനുചുറ്റും കാവലായി കാട്ടാനകളും. മണിക്കൂറുകൾ കഴിഞ്ഞ് ഇവരെ തിരഞ്ഞെത്തിയ വനപാലകർ ആനക്കൂട്ടത്തെ വിരട്ടിയോടിച്ച് മരത്തിൽനിന്നു താഴെയിറക്കിയപ്പോൾ പുനർജന്മം കിട്ടിയ സന്തോഷമായിരുന്നു ഇരുവർക്കും. To advertise here, കുറേദിവസം കാട്ടിൽ കഴിയാനുള്ള ആഹാരസാധനങ്ങളുമായി ചൊവ്വാഴ്ച രാവിലെയാണ് ഉൾവനത്തിലേക്ക് കരുണാകരനും ഭാര്യ റംസയും പോയത്. വനവിഭവങ്ങൾ ശേഖരിക്കാൻ പതിവായി കാടുകയറുന്നതാണ് ഇവർ. ദിവസങ്ങൾകൊണ്ടു ശേഖരിക്കുന്ന വിഭവങ്ങൾ തലച്ചുമടായി ഉന്നതിയിലെത്തിക്കുകയാണ് പതിവ്. യാത്രയ്ക്കിടയിൽ സാധാരണയായി കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ കാണാറുണ്ടെങ്കിലും വഴിയൊഴിഞ്ഞുപോകുന്നതിനാൽ അവ ആക്രമണസ്വഭാവം കാട്ടാറില്ല. എന്നാൽ ഇക്കുറി നേരേ മറിച്ചായി കാര്യങ്ങൾ. മൂന്നുകിലോമീറ്ററോളം ഉള്ളിൽ വാവരൂപന ഭാഗത്ത് ചെടിപ്പടർപ്പുകൾക്കിടയിൽ നിന്ന കാട്ടാനക്കൂട്ടത്തിനു മുൻപിൽ അറിയാതെ അകപ്പെടുകയായിരുന്നു. ഓടിയിട്ടും ചിന്നംവിളിച്ച് പിൻതുടരുകയായിരുന്നു കാട്ടാനകളെന്ന് ഇരുവരും പറഞ്ഞു. ഒടുവിൽ മറ്റു മാർഗമില്ലാതെ മരത്തിൽ കയറിപ്പറ്റുകയായിരുന്നു രണ്ടാളും. വലിയ വള്ളികൾ പടർന്നുകയറിയ മരമായതിനാൽ അധികം ബുദ്ധിമുട്ടില്ലാതെ മുകളിലെത്താനായി. ഓടുന്നതിനിടെ വലിച്ചെറിഞ്ഞ ആഹാരസാധനങ്ങളെല്ലാം കാട്ടാന നശിപ്പിച്ചു. മരത്തിൽ കുത്തിയും മറ്റും പ്രകോപനവുമായി കാട്ടാനകൾ മാറാതെ നിന്നിട്ടും മനസ്സാന്നിധ്യംകൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്. കരുണാകരന്റെ കൈയിലുള്ള മൊബൈൽ ഫോണിൽ ഏറെ നേരം പരിശ്രമിച്ചാണ് മണ്ണാറപ്പാറ വനം റെയ്‌ഞ്ച് ഓഫീസിലേക്ക് വിളിക്കാനായത്. ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ ഇന്ദ്രജിത്തിന്റെ നേതൃത്വത്തിൽ വനപാലകരും ഉന്നതിയിലെ യുവാക്കളും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരെയും കണ്ടത്തി രക്ഷപ്പെടുത്തിയത്. Content Highlights: A couple was trapped by a wild elephant herd while collecting forest produce. They survived by climbing a large teak tree and waiting for hours. Forest officials from Mannarappara Range successfully rescued the couple. The importance of forest safety and quick reporting during wildlife encounters. Published: 19 Mar 2026, 02:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാട്ടാനകളെ ഭയന്ന് മരത്തിനു മുകളിൽ, രക്ഷപ്പെടുത്തി വനപാലകർ; ജീവൻ കിട്ടിയ സന്തോഷത്തിൽ ദമ്പതിമാർ
M
MathrubhumiSource Link
about 2 months ago