മറയൂർ: അഞ്ചുനാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിലേക്ക് കാട്ടുതീ പടർന്നത് ആശങ്കയ്ക്കിടയാക്കി. ഒരുനിമിഷത്തെ ശ്രദ്ധക്കുറവ് ഉണ്ടായെങ്കിൽ കോളേജ് കെട്ടിടം മുഴുവനായി കാട്ടുതീയിൽ പെടുമായിരുന്നു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സമയോചിതമായ ഇടപ്പെടലിൽ വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു. To advertise here, കാന്തല്ലൂർ വെട്ടുക്കാട്ടിൽ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ളതാണ് കോളേജ്. കെട്ടിടത്തിന് ചുറ്റും തീ പടർന്നസമയത്ത് വിദ്യാർഥികളടക്കം 150-ൽ അധികംപേർ കോളേജിൽ ഉണ്ടായിരുന്നു. പുറത്തിറങ്ങുവാൻ കഴിയാത്തവിധം കോളേജ് കെട്ടിടത്തിന് ചുറ്റും തീ പടർന്നു. ഉച്ചയ്ക്ക് ഭക്ഷണ സമയമായിരുന്നു. ഒന്നരമണിയോടുകൂടി പ്രിൻസിപ്പൽ ജി. ശ്രീകുമാറിനും ജീവനക്കാരൻ എസ്.ഇന്ദ്രജിത്തിനും വയർ കരിയുന്ന ഗന്ധം ലഭിച്ചു. അന്തരീക്ഷത്തിൽ പുകപടലങ്ങൾ ഉയരുന്നതുംകണ്ടു. സംശയംതോന്നി പെട്ടെന്ന് പുറത്തിറങ്ങി നോക്കുമ്പോഴാണ് ഓഫീസിന് പിന്നിൽ താഴെനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു കുന്നിൻമുകളിലാണ് കോളേജ്. മൂന്നുവശവും വലിയചരിവാണ്. കാറ്റിൽ നിമിഷനേരം കൊണ്ടാണ് തീ മുകളിലേക്ക് പടർന്നത്. നല്ല കാറ്റ് ഉണ്ടായിരുന്നതിനാൽ കോളേജ് കെട്ടിടത്തിന്റെ ടെറസിൽകിടന്ന കരിയിലകൾക്ക് തീപിടിച്ചു. ഉപേക്ഷിച്ചിട്ടിരുന്ന പ്ളാസ്റ്റിക് കസേരകൾക്കും കുടിവെള്ള പൈപ്പിനും വൈദ്യുതി സർവീസ് വയറുകളിലേക്കും ഒ.എഫ്.സി. കേബിളുകൾക്കും തീ പിടിച്ചു. അപകടം തിരിച്ചറിഞ്ഞയുടൻ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഉണർന്ന് പ്രവർത്തിച്ച് തീ നിയന്ത്രണവിധേയമാക്കി. ആദ്യം വൈദ്യുതിബന്ധം വിച്ഛേദിച്ചു. ടെറസിലും മറ്റും കിടന്നിരുന്ന കത്തുവാൻ സാധ്യതയുള്ള സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്കുമാറ്റി. സമീപമുള്ള ടാങ്കിലും പൈപ്പിൽനിന്ന് വെള്ളമെത്തിച്ച് വിദ്യാർഥികൾ കോളേജ് കെട്ടിടത്തിലേക്ക് പടർന്ന തീ നിയന്ത്രണവിധേയമാക്കി. ഇതിനിടെ മറുവശത്ത് തീ വീണ്ടും പടർന്നു. ഈസമയത്ത് മറയൂർ പോലീസ് സംഘവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തെല്ലൊന്ന് പകച്ചെങ്കിലും അപകടം മുൻകൂട്ടി കാണുവാനും ഉണർന്ന് പ്രവർത്തിക്കുവാനും കഴിഞ്ഞതിനാൽ വലിയദുരന്തം ഒഴിവായതായി പ്രിൻസിപ്പൽ ഡോ.ജി. കൃഷ്ണകുമാർ പറഞ്ഞു. Content Highlights: Students and staff at Anjunad College, Kanthalloor, successfully averted a major wildfire disaster. Published: 18 Apr 2026, 08:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാട്ടുതീയിൽ അകപ്പെട്ട് അഞ്ചുനാട് കോളേജ്; അധ്യാപകരും വിദ്യാർഥികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
M
MathrubhumiSource Link
22 days ago