പുത്തൂർ : കർഷകന്റെ പ്രതീക്ഷകളെ തകർക്കുന്ന കാട്ടുപന്നികളെ ഫലപ്രദമായി തടയാൻ പവിത്രേശ്വരം പഞ്ചായത്തിൽ സൗരോർജവേലി പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന്റെകൂടി സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതിയുത്‌പാദിപ്പിച്ച് വേലിയിലൂടെ പ്രവഹിപ്പിക്കുകയാണ് രീതി. വേലിയിൽ തൊട്ടാൽ വൈദ്യുതാഘാതമേൽക്കും. ഇടവിട്ട് വൈദ്യുതി കടത്തിവിടുന്ന രീതിയായതിനാൽ അപകടം സംഭവിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ പന്നികളെ ഭയപ്പെടുത്തി തുരത്താൻ പര്യാപ്തമാണുതാനും. ആവശ്യമുള്ള സമയങ്ങളിൽമാത്രം വൈദ്യുതി കടത്തിവിടാനുള്ള നിയന്ത്രണസംവിധാനവുമുണ്ട്. നാട്ടുകാർക്ക് ജാഗ്രതാസന്ദേശമായി ഇടവിട്ട് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. To advertise here, പദ്ധതിയുടെ ആദ്യഘട്ടമായി 3,966 മീറ്റർ വേലിയാണ് സ്ഥാപിക്കുക. ഇതിനോടകം ചെറുപൊയ്കയിൽ 1,777 മീറ്റർ സ്ഥാപിച്ചുകഴിഞ്ഞതായി കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. പദ്ധതി ഏറെ ഗുണം ചെയ്യുന്നതായാണ് വേലി സ്ഥാപിച്ച പ്രദേശങ്ങളിലെ കർഷകർ പറയുന്നത്. മീറ്ററിന് 250 രൂപയാണ് ചെലവ്. ഇതിൽ 50 ശതമാനം കർഷകർ വഹിക്കണം. ബാക്കി സബ്‌സിഡിയായി ലഭിക്കും. കാട്ടുപന്നിശല്യം അതിരൂക്ഷമായ ഒട്ടേറെ ഭാഗങ്ങൾ പവിത്രേശ്വരം പഞ്ചായത്തിലുണ്ട്. ആദ്യഘട്ടത്തിന്റെ വിജയസാധ്യത പഠിച്ചശേഷം പ്രയോജനകരമെങ്കിൽ പഞ്ചായത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ ലക്ഷ്യം. 3,95,840 രൂപ ഗ്രാമപ്പഞ്ചായത്ത് പ്ലാൻ ഫണ്ടും ഒരുലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തുമാണ് നിലവിൽ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വിഹിതം ലഭിച്ചെങ്കിലും ഗ്രാമപ്പഞ്ചായത്ത് വിഹിതം ലഭിച്ചിട്ടില്ല. അതിനാൽ നിലവിൽ വേലി സ്ഥാപിച്ചവർ സ്വന്തം നിലയിൽ പണം മുടക്കിയിരിക്കുകയാണ്. പഞ്ചായത്ത് ഫണ്ട് ലഭ്യമായാൽ ഉടൻതന്നെ സബ്‌സിഡി വിതരണം ചെയ്യും. ഏറെ പ്രയോജനകരം കാട്ടുപന്നിശല്യത്താൽ വാഴയും മറ്റു കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. സൗരോർജവേലി നിർമിച്ചത് ഏറെ പ്രയോജനകരമായി. ഇപ്പോൾ ഇവയുടെ ശല്യം ഉണ്ടാകുന്നില്ല. മുള്ളൻപന്നികളുടെ ശല്യവും ഇല്ലാതായിരിക്കുന്നെന്ന് ചെറുപൊയ്കയിലെ കർഷകരായ ദേവകി ഭവനിൽ രഘുനാഥൻപിള്ള, ചാത്തനല്ലൂർ വീട്ടിൽ രാധാകൃഷ്ണപിള്ള, കളീക്കൽ തുണ്ടിൽ വീട്ടിൽ സുജ എന്നിവർ പറഞ്ഞു. Published: 21 Apr 2026, 02:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാട്ടുപന്നികളെ തുരത്താൻ സൗരോർജവേലി പദ്ധതിക്ക് പവിത്രേശ്വരത്ത് തുടക്കം
M
MathrubhumiSource Link
19 days ago