കാട്ടാക്കട : റോഡിലൂടെ ഇരുചക്രവാഹനത്തിൽ പോകുന്നവരെയും വഴിയാത്രക്കാരെയും ഉപദ്രവിക്കുക, കൃഷിയിടങ്ങളിൽ കൂട്ടമായെത്തി വിളകളും വീടുകളിൽ കടന്നുകയറി കാണുന്നതൊക്കെയും നശിപ്പിക്കുക... അഗസ്ത്യവനം അതിരിടുന്ന കോട്ടൂർ പ്രദേശത്തെ ജനങ്ങളാകെ വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു. To advertise here, കുരങ്ങ്, പന്നി, മാൻ എന്നിവയായിരുന്നു മുമ്പ് ശല്യക്കാരെങ്കിൽ ഇപ്പോൾ കാട്ടുപോത്തുകൂട്ടമാണ് നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്നത്. കഴിഞ്ഞ ദിവസം കോട്ടൂർ വലിയവിളയിൽ മൂന്ന് കൂറ്റൻ കാട്ടുപോത്തുകളാണ് നാട്ടിൽ തീറ്റ തേടിയെത്തിയത്. ഇവയെ തിരിച്ചോടിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഉപദ്രവിക്കാൻ തിരിഞ്ഞതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് വാഴപ്പള്ളിയിൽ സന്ധ്യയ്ക്ക് റോഡിലൂടെ ബൈക്കിൽ പോയ ദമ്പതിമാരെ പുള്ളിമാൻ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ വർഷം ആദ്യം വ്ലാവെട്ടിയിൽ വഴിയാത്രക്കാരായ വീട്ടമ്മയെയും മകളെയും കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. അതേമാസം, ഉത്തരംകോട് കാട്ടുപോത്തിനെ കണ്ട് വിരണ്ട് ബൈക്കിൽനിന്നു വീണ് ടാപ്പിങ് തൊഴിലാളികൾക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായി. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ ഉപദ്രവിക്കുന്ന സംഭവങ്ങൾ ഇപ്പോൾ വ്യാപകമാണ്. അതിനാൽ വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ രാത്രിയിൽ റോഡിലൂടെ യാത്രചെയ്യാൻ പ്രദേശത്തുകാർ മടിക്കുന്നു. വനത്തോട് ചേർന്ന കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന നാശം ഇതിന് പുറമെയാണ്. കോട്ടൂർ, കാപ്പുകാട്, കള്ളിയൽ, സ്വർണക്കോട്, മന്തിക്കളം, മുണ്ടൻചിറ, ശംഭുതാങ്ങി, വില്ലുചാരി, വ്ലാവെട്ടി, നെട്ടുകാൽത്തേരി തുടങ്ങിയയിടങ്ങളിലാണ് ഇവയുടെ ഉപദ്രവം കൂടുതൽ. കുരങ്ങ്, പന്നി, പുള്ളിമാൻ, കാട്ടുപോത്ത് എന്നിവയാണ് പ്രധാനശല്യക്കാർ. വേനൽ കടുത്തത്തോടെ നാട്ടിൽ കൂട്ടത്തോടെയെത്തുന്ന ഇവ കൃഷിയിടങ്ങളിൽ മേഞ്ഞുനടക്കുന്നത് പ്രദേശത്തുകാർക്ക് പതിവുകാഴ്ചയാണിപ്പോൾ. വനാതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ കുരങ്ങുകൾ അപകടകാരികളായിട്ടും നാളേറെയായി. ഇവ വീടുകളിൽ കടന്നുകയറി കുട്ടികളെ ഉൾപ്പെടെ ഉപദ്രവിക്കുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്യുന്നു. വന്യമൃഗശല്യം തടയാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങൾ വരെ അരങ്ങേറിയെങ്കിലും പ്രശ്നം രൂക്ഷമായി തുടരുന്നു.

കാട്ടുപോത്തുകളും മാനുകളും കൂട്ടത്തോടെ നാട്ടിൽ ഭയത്തോടെ നാട്ടുകാർ
M
MathrubhumiSource Link
23 days ago