അഹമ്മദാബാദ് : കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നതുപോലെയുള്ള ഒരു നീക്കമായിരുന്നു അത്. പക്ഷേ, രാജ്യത്തെ വനംവകുപ്പിന് അപൂർവ അനുഭവവും. അങ്ങേയറ്റം വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (ജി.ഐ.ബി.) എന്നപക്ഷിക്ക് സ്വാഭാവിക ആവാസവ്യവസ്ഥയിൽ മുട്ടവിരിയിക്കാനായിരുന്നു ഈ സാഹസം. To advertise here, രാജസ്ഥാനിലും ഗുജറാത്തിലുമായി 150 ബസ്റ്റാർഡുകളെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ ശേഷിക്കുന്നുള്ളൂ. ഗുജറാത്തിൽ ആകെ മൂന്ന് പെൺപക്ഷികൾ മാത്രവും. ഇവയുടെ മുട്ടകൾ വിരിയാറില്ല. കച്ചിലെ നളിയയിൽ ഒരു പക്ഷി മുട്ടയിട്ടപ്പോഴാണ് വനംവകുപ്പിന്റെ തലയിൽ ആശയം വിരിഞ്ഞത്. ജയ്സൽമേറിൽ സാമിലെ സംരക്ഷണകേന്ദ്രത്തിൽ ഇൻകുബേറ്ററിലുള്ള ഒരു മുട്ട ഇതിന് പകരമായി വെക്കുക. ജമ്പ് സ്റ്റാർട്ട് മെതേഡ് എന്നാണ് ഈ രീതിയെ വിളിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിൽ വളരെ ദൂരംതാണ്ടി നടപ്പാക്കുന്നത് ആദ്യ ഉദ്യമമായിരുന്നു. കേന്ദ്ര വന്യജീവിവകുപ്പിന്റെ അനുമതിലഭിച്ചു. 15 ദിവസം പ്രായമായ മുട്ടയാണ് തിരഞ്ഞെടുത്തത്. 770 കിലോമീറ്റർദൂരം കേടുപാടില്ലാതെ മുട്ടയെത്തിക്കണം. അതിനായി ട്രാഫിക് നിയന്ത്രിച്ച് പ്രത്യേക വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ എത്തിക്കുകയായിരുന്നു. 19 മണിക്കൂർ നീണ്ട യാത്രയിൽ മുട്ടയടങ്ങിയ പോർട്ടബിൾ ഇൻക്യുബേറ്റർ നാലുപേർ മാറിമാറി മടിയിൽവെച്ചു. മാർച്ച് 22-ന് നളിയയിലെ കൂട്ടിൽ പക്ഷിയില്ലാത്ത തക്കംനോക്കി മുട്ട മാറ്റിവെക്കാനുമായി. തള്ളപ്പക്ഷി സംശയമില്ലാതെ അടയിരുന്നു. നാലാംദിവസം മുട്ടവിരിഞ്ഞു. 2016-നുശേഷം ആദ്യമാണ് ഗുജറാത്തിൽ ഒരു ജി.ഐ.ബി. കുഞ്ഞ് ജനിക്കുന്നത്. ഈ വിവരം കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവാണ് കഴിഞ്ഞദിവസം ഔദ്യോഗികമായി അറിയിച്ചത്. പോറ്റമ്മയും കുഞ്ഞും പുറത്തിറങ്ങി നടക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, കുറുക്കൻമാരിൽനിന്ന് കുഞ്ഞിനെ രക്ഷിക്കുകയെന്ന ദൗത്യമാണ് അമ്മയ്ക്കും വനംവകുപ്പിനുമുള്ളത്. വേട്ടയും പുൽമേടുകളുടെ നാശവും വൈദ്യുതക്കമ്പികളിൽ തട്ടിയുള്ള മരണവുമാണ് ഗുജറാത്തിൽ ജി.ഐ.ബി.കളുടെ നാശത്തിന് കാരണമായത്. Published: 30 Mar 2026, 12:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാതങ്ങൾതാണ്ടി ഒരു മുട്ടപിറന്നു; ഒരു ‘ജി.ഐ.ബി.’ കുഞ്ഞ്
M
MathrubhumiSource Link
about 1 month ago