കാത്തിരുന്ന തിരഞ്ഞെടുപ്പ്

കാത്തിരുന്ന തിരഞ്ഞെടുപ്പ്

M
MathrubhumiSource Link
Last Updated: 16 March 2026, 12:07 AM IST വോട്ടുതേടിച്ചെല്ലുന്ന രാഷ്ട്രീയപ്രവർത്തകർ ഓരോ വീട്ടിലെയും ആതിഥ്യരുചിയറിയുന്ന പ്രചാരണക്കാലമാണ് ഇനി തിരഞ്ഞെടുപ്പുകൾ വരാൻ കാത്തിരിക്കുന്ന സമൂഹമാണ് കേരളം. ചുടുരാഷ്ട്രീയം ചർച്ചചെയ്യുന്ന ചായക്കടകളും ബാർബർഷോപ്പുകളും ഇന്ന് വ്യാപകമായ കാഴ്ചയല്ലെങ്കിലും രാഷ്ട്രീയത്തിലുള്ള മലയാളിയുടെ ഹരത്തിന് ഒട്ടും കുറവുവന്നിട്ടില്ല. ‘ആരു ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽത്തന്നെ’ എന്നൊക്കെയൊരു രസത്തിന് തട്ടിവിടുമെങ്കിലും വോട്ടുകുത്താൻ മലയാളി കൃത്യമായി പോളിങ് ബൂത്തിലെത്തും. വോട്ടുതേടിച്ചെല്ലുന്ന രാഷ്ട്രീയപ്രവർത്തകർ ഓരോ വീട്ടിലെയും ആതിഥ്യരുചിയറിയുന്ന പ്രചാരണക്കാലമാണ് ഇനി. തിരഞ്ഞെടുപ്പായാൽ നാടെങ്ങുമുയരുന്ന ശബ്ദകോലാഹലങ്ങൾ ആസ്വദിക്കാത്ത മലയാളിയുണ്ടാകില്ല. രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നു നമ്മൾ പരിഭവിക്കുകയും ദൂരദിക്കുകളിൽ ജീവിതോത്കർഷസാധ്യത തേടുകയുംചെയ്യുന്ന യുവാക്കൾവരെ തിരഞ്ഞെടുപ്പുകാലത്ത് നാട്ടിലെ രാഷ്ട്രീയചലനങ്ങൾ ശ്രദ്ധിക്കുന്നു; ഒത്താൽ നാട്ടിലെത്തി വോട്ടുചെയ്യുന്നു. എന്തിനേറെ, കേരളത്തിലെ കൗമാരക്കാർപോലും സാമൂഹികമാധ്യമങ്ങൾപോലുള്ള അവരുടേതായ ഇടങ്ങളിൽ രാഷ്ട്രീയജാഗ്രത പ്രകടിപ്പിക്കുന്നുണ്ട്. നാം മലയാളികൾ ഒരു രാഷ്ട്രീയസമൂഹമാണ്. നമ്മുടെ സംസ്ഥാനം വീണ്ടുമൊരു നിയമസഭാതിരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. നാം കുറച്ചായി കാത്തിരിക്കുന്ന തിരഞ്ഞെടുപ്പാണിത്. മൂന്നു വ്യത്യസ്ത രാഷ്ട്രീയഭൂപടങ്ങളെ ചേർത്തുവെച്ച് ഐക്യകേരളമെന്ന സമന്വയസ്വപ്‌നം യാഥാർഥ്യമായതിനുശേഷമുള്ള പതിനാറാമത്തെ നിയമസഭയിലേക്കാണ് ജനഹിതം തേടുന്നത്. അടുത്തമാസം ഒൻപതിന് ഒറ്റഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ ഒൻപതിനുതന്നെയാണു നിയമസഭാതിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിൽ ഏപ്രിൽ 23-നും. പശ്ചിമബംഗാൾ നിയമസഭയിലേക്ക് ഏപ്രിൽ 23, 29 തീയതികളിൽ രണ്ടുഘട്ടമായി വോട്ടെടുപ്പ് നടക്കും. ഈ സംസ്ഥാനങ്ങളിലെല്ലാംകൂടി 17.4 കോടി പേർ വോട്ടുചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലായിടത്തും മേയ് നാലിനാണ് ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പുകമ്മിഷൻ നടത്തിയ പ്രത്യേക ഊർജിത പുതുക്കൽ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ-എസ്.ഐ.ആർ.) പ്രക്രിയക്കുശേഷമുള്ള അന്തിമ വോട്ടർപട്ടികയിൽ കേരളത്തിൽ 2.69 കോടിപ്പേരാണുണ്ടായിരുന്നത്. എന്നാൽ, വോട്ടർപട്ടികയിൽ പേരുചേർക്കൽ തുടരുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചവരെയുള്ള കണക്കുപ്രകാരം, സംസ്ഥാനത്ത് 2,71,11,856 പേർ വോട്ടർപട്ടികയിലുണ്ട്. പേരുചേർക്കുന്നതിനുള്ള അപേക്ഷകൾ ഇനിയും പരിഗണനയിലുണ്ടെന്നും നിയമസഭാതിരഞ്ഞെടുപ്പാകുമ്പോഴേക്ക് നാല്പതിനായിരത്തോളംപേരെക്കൂടി വോട്ടർപട്ടികയിൽ ചേർത്തേക്കുമെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറയുന്നു. തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചപ്പോഴേക്കുതന്നെ, സംസ്ഥാനത്തെ ഭരണമുന്നണിയായ എൽ.ഡി.എഫിലെ സി.പി.എം., സി.പി.ഐ. കക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മത്സരിക്കുന്ന 86 സീറ്റിൽ എൺപതെണ്ണത്തിലാണ് സി.പി.എം. ഇന്നലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ പത്തുപേരാണ് വനിതകൾ. സി.പി.ഐ.യുടെ ഇരുപത്തിയഞ്ചു സ്ഥാനാർഥികളിൽ വനിതകൾ അഞ്ചുപേരാണ്. നമ്മുടെ സംസ്ഥാനത്തെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലുമുള്ള സ്ത്രീസാന്നിധ്യത്തിന്റെ വൈപുല്യം കണക്കിലെടുക്കുമ്പോൾ സി.പി.എം., സി.പി.ഐ. പട്ടികകളിലെ വനിതാപ്രാതിനിധ്യം തുലോം കുറവാണെന്നു പറയേണ്ടിവരും. യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥിപ്പട്ടികകൾ വരുംദിവസങ്ങളിൽ പുറത്തുവരും. 2021-ൽ കേരളജനത നൽകിയ അസാധാരണസമ്മാനമായ തുടർഭരണത്തിന്റെ ആവേശം എൽ.ഡി.എഫിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ, ഇനിയും പഞ്ചവത്സരാധികാരം എന്ന തീവ്രസ്വപ്നത്തിലാണ് അവർ. യു.ഡി.എഫിനാകട്ടെ, ഈ തിരഞ്ഞെടുപ്പ് മരണക്കിണർപോലെയാണ്; പാളിയാൽ ഗർത്തത്തിലേക്കു നിപതിക്കുമെന്ന സന്ദിഗ്ധാവസ്ഥ. എങ്കിലും അവരും പ്രതീക്ഷയിലാണ്. പത്തുവർഷത്തെ എൽ.ഡി.എഫ്. ഭരണം ജനത്തിനു മടുത്തെന്നും അധികാരത്തിൽ തങ്ങൾക്കു തിരിച്ചെത്താനാകുമെന്നും അവർ കരുതുന്നു. സ്വന്തമായ കണക്കുകൂട്ടലുകളും കേന്ദ്രഭരണാധികാരം പകരുന്ന ബലവുമായി എൻ.ഡി.എ.യും ആത്മവിശ്വാസത്തോടെ രംഗത്തുണ്ട്. ജനം ആരെ തിരഞ്ഞെടുക്കുമെന്നു നോക്കാം. To advertise here, Published: 16 Mar 2026, 12:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാത്തിരുന്ന തിരഞ്ഞെടുപ്പ് — Mathrubhumi | Boolokam | Boolokam