കുറത്തിക്കുടിയിലേക്ക് തുടങ്ങിയ കെ.എസ്.ആർ.ടി.സി. സർവീസ് ഒറ്റദിവസംകൊണ്ട് നിർത്തി To advertise here, അനുമതി ഇല്ലാതെ സർവീസ് നടത്താനാകില്ലെന്ന് വനംവകുപ്പ് അടിമാലി : കുറത്തിക്കുടിക്കാരുടെ വർഷങ്ങൾ നീണ്ട ആവശ്യമായിരുന്നു ഒരു ബസ് സർവീസ്. അവസാനം കാത്തിരിപ്പിന് വിരാമമിട്ട് കുടിയിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് എത്തി. ഒറ്റദിവസംകൊണ്ട് സർവീസ് അവസാനിപ്പിച്ചു. വനംവകുപ്പിന്റെ എതിർപ്പ് കാരണമാണ് സർവീസ് നിർത്തേണ്ടി വന്നതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. കുറത്തിക്കുടിക്ക് അഞ്ച് കിലോമീറ്റർ ഇപ്പുറമുള്ള പെരുമൺകുത്തുവരെ തിങ്കളാഴ്ച മുതൽ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തുമെന്ന് കോതമംഗലം എ.ടി.ഒ. പറഞ്ഞു. വനംവകുപ്പിന്റെ അനുമതി കിട്ടിയാലേ കുറത്തിക്കുടിയിലേക്ക് പോകാൻ കഴിയൂ. ട്രയൽ റണ്ണായ സർവീസ് വനത്തിനുള്ളിലെ ആദിവാസി ഉന്നതിയാണ് കുറത്തിക്കുടി. ഇവിടേക്ക് പൊതുഗതാഗത സംവിധാനങ്ങൾ ഒന്നുംതന്നെ ഇല്ല. ഒരു കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങണമെന്ന് നാളുകളായുള്ള ആവശ്യമാണ്. വെള്ളിയാഴ്ചയാണ് കുറത്തിക്കുടി ബോർഡുവെച്ച് അടിമാലിയിൽനിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങിയത്. ഇക്കാര്യം വനംവകുപ്പ് അറിഞ്ഞു. അനുമതിയില്ലാതെ സർവീസ് നടപടി നേരിടേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരെ അറിയിച്ചു. തുടർന്ന് പ്രശ്നം ഒഴിവാക്കാനായി വനമേഖലയ്ക്ക് മുൻപ് ബോർഡ് മാറ്റി ട്രയൽ റൺ എന്ന ബോർഡ് വെച്ചു. ഉന്നതിയിൽ എത്തിയപ്പോൾ ബസിനും ജീവനക്കാർക്കും ഗംഭീരമായ വരവേൽപ്പും സ്വീകരണവും നൽകി. സാധാരണ സർവീസ് നടത്തുന്നതുപോലെ ബസിന്റെ മുൻപിൽ ബോർഡും എഴുതിയാണ് സർവീസ് നടത്തിയത്. ഇതിനാൽ നാട്ടുകാരും രാഷ്ട്രീയക്കാരും ഉൾപ്പെടെ എല്ലാവരും ബസ് സർവീസ് ആരംഭിച്ചെന്ന പ്രതീക്ഷയിലാണ് സ്വീകരണം ഒരുക്കിയത്. എന്നാൽ, ശനിയാഴ്ച ബസ് എത്തിയില്ല. കാത്തുനിന്നവർ നിരാശരായി. അന്വേഷിച്ചപ്പോഴാണ് സംഭവം മനസ്സിലായത്. മാങ്കുളത്തുനിന്നും കുറത്തിക്കുടിയിലേക്കുള്ള അഞ്ച് കിലോമീറ്റർ ദൂരം വനമേഖലയിലൂടെയാണ് കടന്നുപോകുന്നതെന്ന് മൂന്നാർ ഡി.എഫ്.ഒ. പി.എസ്. സാജു പറഞ്ഞു. ഈ വഴിയിലൂടെ സർവീസ് നടത്തുന്നതിന് വനംവകുപ്പിന്റെ അംഗീകാരം ആവശ്യമാണ്. ഈ നടപടി കെ.എസ്.ആർ.ടി.സി. പൂർത്തിയാക്കിയിട്ടില്ല. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കെ.എസ്.ആർ.ടി.സി.ക്കെതിരേ കേസെടുക്കുാൻ സാധിക്കുമെന്നും മൂന്നാർ ഡി.എഫ്.ഒ. പറഞ്ഞു.

കാത്തിരുന്ന ബസ് കുറത്തിക്കുടിയിലെത്തി; പിറ്റേദിവസം മുതൽ വീണ്ടും കാത്തിരിപ്പ്
M
MathrubhumiSource Link
about 2 months ago