കണ്ണുകെട്ടി കസേരയിലിരുത്തി കൈകാലുകൾ ബന്ധിച്ചാണ് തീ കൊളുത്തിയത് To advertise here, ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു ബെംഗളൂരു : യുവാവിനെ വീട്ടിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകി അറസ്റ്റിൽ. ബെംഗളൂരുവിലെ അഞ്ജനപുരയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. തുമക്കൂരു ജില്ലയിലെ ചിക്കനായകനഹള്ളി സ്വദേശി കിരൺ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരണിന്റെ കാമുകി പ്രേരണയെ (27) പോലീസ് അറസ്റ്റ് ചെയ്തു. കിരണിനെ കണ്ണുകെട്ടി കസേരയിലിരുത്തി കൈകാലുകൾ ബന്ധിച്ചാണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തുകയും ചെയ്തു. മുൻപ് ഒരു ടെലികോം സ്ഥാപനത്തിൽ സഹപ്രവർത്തകരായിരുന്ന ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ, കിരൺ ഈയിടെയായി തന്നെ അവഗണിക്കുന്നതായി പ്രേരണയ്ക്ക് പരാതിയുണ്ടായിരുന്നു. കിരൺ തന്നെ വിവാഹം കഴിക്കാൻ തയ്യാറാവില്ലെന്നും ഭയന്നിരുന്നു. ഇതാണ് കൊലപാതകം നടത്താൻ കാരണമെന്ന് പോലീസ് അറിയിച്ചു. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പ്രേരണ താമസിച്ചിരുന്നത്. ചൊവ്വാഴ്ച വീട്ടിൽ മറ്റാരുമില്ലാത്ത സമയം പ്രേരണ, കിരണിനെ വിളിച്ചുവരുത്തുകയായിരുന്നു. ശേഷം കിരണിനെ കണ്ണുകെട്ടി കസേരയിലിരുത്തി. കൈകാലുകൾ കയറുകൊണ്ട് കെട്ടുകയും ചെയ്തു. ഇത് എന്തിനാണെന്ന് കിരൺ ചോദിച്ചപ്പോൾ, താൻ വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തുകയാണെന്നും വിദേശരാജ്യങ്ങളിലെ രീതി ഇങ്ങനെയാണെന്നും പ്രേരണ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പ്രേരണ വീഡിയോ പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു. വിവാഹാഭ്യർഥനയ്ക്ക് കാത്തിരിക്കുന്നതിനിടെ യുവതി കിരണിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് അയൽക്കാരെത്തി പരിശോധിച്ചപ്പോഴാണ് കിരണിനെ വെന്തുമരിച്ച നിലയിൽ കണ്ടത്. താൻ ശുചിമുറിയിൽ പോയപ്പോൾ കിരൺ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പ്രേരണ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ, പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നതെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഡി.എൽ. നാഗേഷ് പറഞ്ഞു.

കാമുകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന യുവതി അറസ്റ്റിൽ
M
MathrubhumiSource Link
17 days ago