കാറ്റ് കൊണ്ടുപോയ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല

കാറ്റ് കൊണ്ടുപോയ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല

താലൂക്കിലെ പല പ്രദേശങ്ങളും ഇരുട്ടിൽ To advertise here, കാറ്റിൽ തൂണുകളൊടിഞ്ഞ്‌ മാത്രം കെ.എസ്.ഇ.ബി.ക്ക് 6 ലക്ഷം രൂപയുടെ നാശനഷ്ടം കോതമംഗലം : താലൂക്കിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിൽ കനത്ത കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞ് ലൈൻ പൊട്ടിയും തൂണുകൾ ഒടിഞ്ഞും നിലച്ച വൈദ്യുതിവിതരണം മൂന്നുദിവസം പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാനായിട്ടില്ല. നാല് സെക്ഷനുകളിലായി നൂറിലേറെ വൈദ്യുതിത്തൂണുകളാണ് ഒടിഞ്ഞത്. നിരവധി തൂണുകൾ ചരിഞ്ഞും മറിഞ്ഞും കിടക്കുന്നതും നേരെയാക്കിയിട്ടില്ല. തൂണുകൾ ഒടിഞ്ഞതുമൂലം ആറുലക്ഷംരൂപയുടെ നാശനഷ്ടമാണ് കെ.എസ്.ഇ.ബി.ക്ക് ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കീരംപാറ സെക്ഷനിൽ മാത്രം രണ്ടുദിവസം കൊണ്ട് 50 തൂണുകളാണ് ഒടിഞ്ഞത്. കുട്ടംപുഴയിൽ മാത്രം 24 എൽ.ടി. തൂണുകളും 9 എച്ച്.ടി. തൂണുകളും തകർന്നിട്ടുണ്ട്. 10 തൂണുകൾ ചരിഞ്ഞിട്ടുമുണ്ട്. 40-ലേറെ സ്ഥലങ്ങളിൽ ലൈൻ പൊട്ടിയിരുന്നു. ബോർഡ് ജീവനക്കാർക്ക് പുറമേ കരാർ പണിക്കാരെ കൂടി ഉൾപ്പെടുത്തിയാണ് പണികൾ നടത്തുന്നത്. കരാറുകാരുടെ കുറവാണ് പണികൾ പൂർത്തിയാക്കാൻ താമസം നേരിടുന്നതെന്ന് അധികൃതർ പറഞ്ഞു. മൂന്നുദിവസമായി വൈദ്യുതി നിലച്ചതു കാരണം കനത്ത ചൂടിൽ മുറിക്കുള്ളിൽ കഴിയാനും രാത്രി ഉറങ്ങാൻപോലും സാധിക്കാത്ത അവസ്ഥയിലുമാണ് ജനം. കീരംപാറ, പിണ്ടിമന, കുട്ടംപുഴ, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് വൈദ്യുതി പുനഃസ്ഥാപിക്കാത്തത് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കീരംപാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറയിൽ പമ്പ് ഹൗസിന് സമീപം തിങ്കളാഴ്ച വൈകീട്ട് ട്രാൻസ്‌ഫോർമറിലേക്ക് മരങ്ങൾ വീണ് രണ്ട് തൂണുകളും സമീപത്തെ രണ്ട് എൽ.ടി. തൂണുകളും ലൈനുകളും പൊട്ടിയത് നേരെയാക്കാത്തതു കാരണം തട്ടേക്കാട്, ഊഞ്ഞാപ്പാറ പമ്പ് ഹൗസിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മുതൽ ഏതാനും സെക്കൻഡ്‌ മാത്രം വൈദ്യുതിവന്നുപോകുന്നതു കാരണം പമ്പിങ് നിലച്ച് പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ളം മുട്ടിയിരിക്കുകയാണ്. കുട്ടംപുഴ പഞ്ചായത്തിലെ കീഴാലിപ്പടി ഭാഗത്ത് മരങ്ങൾ വീണ്‌ രണ്ട് വൈദ്യുതത്തൂണുകൾ റോഡിലേക്ക് മറിഞ്ഞിട്ട് മൂന്ന് ദിവസമായി. പ്രദേശത്ത് ഞായറാഴ്ച മുതൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. ഉരുളൻതണ്ണിക്ക് സമീപം ക്ണാച്ചേരി ഭാഗത്ത് തൂൺ ഒടിഞ്ഞത് നേരെയാക്കാത്തതുകാരണം പിണവൂർകുടി ആദിവാസി ഉന്നതിയിലും മാമലകണ്ടം പ്രദേശത്തും മൂന്നു ദിവസമായി വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, മുട്ടത്തുപാറ, വാവേലി, ഉപ്പുകണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതിവിതരണം ഭാഗികമാണ്. അയിരൂർപ്പാടം പള്ളിക്കവലയിൽ വൈദ്യുതി നിലച്ചത് നേരെയാക്കാനായി തിങ്കളാഴ്ച രാത്രി എത്തിയ ജീവനക്കാർക്കു നേരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ മൂന്നുദിവസം വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാറ്റ് കൊണ്ടുപോയ വൈദ്യുതി പുനഃസ്ഥാപിക്കാനായില്ല — Mathrubhu… | Boolokam