കാഴ്ചകൾക്കുവേണം കൂടുതൽ തെളിച്ചം...

കാഴ്ചകൾക്കുവേണം കൂടുതൽ തെളിച്ചം...

വികസനത്തിന്റെ രാജയാകണം രാജാക്കാടിന്-02 To advertise here, രാജാക്കാട്: പ്രകൃതിസൗന്ദര്യവും കാർഷികസമൃദ്ധിയും നിറഞ്ഞ രാജാക്കാടിനെ ലോക ടൂറിസം ഭൂപടത്തിൽ കൃത്യമായി അടയാളപ്പെടുത്തുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. ടൂറിസവും അനുബന്ധ കച്ചവടങ്ങൾക്കും വലിയ സാധ്യതയാണ് ഈ പ്രദേശം മുന്നോട്ടുവെയ്ക്കുന്നത്. മുന്നേറ്റത്തിനുള്ള വാതിലുകൾ ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചതോടെ നൂറുകണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങളാണ് രാജാക്കാട്-കുത്തുങ്കൽ വഴി കടന്നുപോകുന്നത്. എന്നാൽ രാജാക്കാട്ടിൽനിന്നും മുല്ലക്കാനം-എല്ലക്കൽ റോഡിന്റെ നിർമാണം ഒച്ചിന്റെ വേഗത്തിലാണ് പുരോഗമിക്കുന്നത്. വർഷങ്ങളായി നടക്കുന്ന ഈ റോഡിന്റെ നിർമാണം അടുത്ത കാലവർഷത്തിനു മുന്നോടിയായെങ്കിലും അടിയന്തരമായി പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഈ റോഡുകൂടി സമയബന്ധിതമായി പൂർത്തീകരിച്ചാൽ വ്യാപാരത്തിനും ടൂറിസത്തിനും വലിയ ഉത്തേജനം ലഭിക്കാൻ കാരണമാകും. രാജാക്കാട് ടൗൺ കേന്ദ്രീകരിച്ചുള്ള ബൈപ്പാസ് റോഡുകളുടെയും ലിങ്ക് റോഡുകളുടെയും വികസനം നടപ്പാക്കുകയും, ഓട്ടോറിക്ഷാ സ്റ്റാൻഡിനായി പ്രത്യേക സ്ഥലം കണ്ടെത്തുകയും ചെയ്താൽ ടൗണിലെ ട്രാഫിക് പ്രശ്നങ്ങൾ കുറയുമെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. അവഗണനയിൽ കള്ളിമാലി വ്യൂപോയിന്റ് ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിട്ടുള്ള കള്ളിമാലി വ്യൂപോയിന്റ് അടിസ്ഥാന സൗകര്യ വികസനത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. പൊൻമുടി ഡാമിലെ ജലസമൃദ്ധിയും, മൊട്ടകുന്നുകളുടെ കാഴ്ചയും, സൂര്യാസ്തമയത്തിന്റെ വിദൂരകാഴ്ചയും വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. കള്ളിമാലി വ്യൂപോയിന്റിൽ ഒരു മുന്നറിയിപ്പ് ബോർഡുപോലും സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. രാത്രിയിൽ പ്രദേശത്ത് വെളിച്ചം പകരുന്നതിനായി സ്ഥാപിച്ച സൗരോർജവിളക്ക് സമൂഹവിരുദ്ധർ നശിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി പ്രദേശത്ത് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുമെന്ന കാര്യം പ്രഖ്യാപനത്തിൽ ഒതുങ്ങി. വ്യൂപോയിന്റിന്റെ പ്രവേശന കവാടത്തിനായി നിർമിച്ച കോൺക്രീറ്റ് തൂണുകളുടെ നിർമാണംപോലും പാതിവഴിയിൽ ഉപേക്ഷിച്ചു. കീഴുക്കാംതൂക്കായ മലഞ്ചെരിവിലേക്ക് യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ വിദ്യാർഥികൾ ഉൾപ്പെടെ കയറി ഇറങ്ങുന്നത് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. കുത്തുങ്കൽ വെള്ളച്ചാട്ടവും പരിസരവും, കനകകുന്ന് വ്യൂപോയിന്റിലും സാഹസിക ടൂറിസത്തിന് വലിയ സാധ്യതകളാണുള്ളത്. ചെറുകിട സംരംഭങ്ങൾക്ക് അവസരം രാജാക്കാട് ഇതിനകം തന്നെ ഒരു ലോക്കൽ മാർക്കറ്റ് ഹബ്ബായി മാറിയിട്ടുണ്ട്. സൂപ്പർമാർക്കറ്റുകൾ, റസ്റ്ററന്റുകൾ, സർവീസ് സെന്ററുകൾ എന്നിങ്ങനെ നിരവധി സംരംഭങ്ങൾ ഇവിടെ വിജയകരമായി പ്രവർത്തിച്ചുവരുന്നത് വികസനകുതിപ്പിന്റെ ലക്ഷണങ്ങളാണ്. കൃഷി സാധ്യതകൾ കൃഷിയിലാണ് രാജാക്കാടിന്റെ അടിസ്ഥാന ശക്തി. കുരുമുളക്, കാപ്പി, ഏലക്ക തുടങ്ങിയവ മൂല്യവർധിത ഉത്പന്നങ്ങളായി വിപണനം ചെയ്താൽ കർഷകർക്ക് കൂടുതൽ വരുമാനം നേടാൻ കഴിയും. പാക്കേജിങ് യൂണിറ്റുകൾ, ഭക്ഷണ അധിഷ്ഠിതമായ ചെറിയ പ്രോസസിങ് യൂണിറ്റുകൾ, എന്നിവയ്ക്ക് വലിയ സാധ്യതയാണ് ഇവിടെയുള്ളത്. യുവത്വത്തിന് വഴികാട്ടി യുവജനങ്ങൾക്കും വിദ്യാർഥികൾക്കുംവേണ്ടി പരിശീലനകേന്ദ്രങ്ങളും, വിവിധ നൈപുണ്യ വികസനകേന്ദ്രങ്ങളും പദ്ധതികളും ആരംഭിക്കാൻ കഴിയണം. യുവജനങ്ങൾക്ക് ഐ.ടി, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പരിശീലനം നൽകുന്നത് ഭാവിയിൽ വലിയ മാറ്റംസൃഷ്ടിക്കും. ശരിയായ പദ്ധതികളും ഇടപെടലുകളും ഉണ്ടെങ്കിൽ, ഈ ഒരു സാധാരണ മലയോരഗ്രാമം ശക്തമായ ഒരു ചെറുനഗരമായി മാറാൻ അധിക സമയം വേണ്ടിവരില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കാഴ്ചകൾക്കുവേണം കൂടുതൽ തെളിച്ചം... — Mathrubhumi | Boolokam | Boolokam