കണ്ണിന് ആനന്ദം, കാതിന് ഇമ്പം To advertise here, ആലത്തൂർ : ദിഗന്തം മുഴക്കിയ ഉച്ച ഈട്. മീനച്ചൂടിനെ ആവേശച്ചൂടാൽ നിഷ്പ്രഭമാക്കി ഉത്സവക്കണ്ടത്തിലേക്ക് ഒഴുകിയെത്തിയ ജനാവലി. തലയെടുപ്പിന്റെ ആനച്ചന്തം. വാനിൽ വിസ്മയജാലകം തുറന്ന വെടിക്കെട്ടുകൾ. ആചാരത്തികവിൽ കുതിര എഴുന്നള്ളത്ത്. കണ്ണിന് ആനന്ദവും കാതിന് ആരവവും പകർന്ന് കാവശ്ശേരി പൂരം ആഘോഷിച്ചു. പരക്കാട്ടുകാവ് ദേവസ്വവും കാവശ്ശേരി, കഴനി, വാവുള്ള്യാപുരം ദേശങ്ങളും പകൽപ്പൂരക്കമ്മിറ്റിയും പൂരം കെങ്കേമമാക്കി. നിർമാല്യദർശനത്തോടെ ചടങ്ങുകൾ തുടങ്ങി. പരക്കാട്ടുകാവിൽനിന്ന് കഴനി ദേശമന്ദിലേക്ക് കുതിരക്കിണ്ണം ആനയിച്ചു. വാവുള്ള്യാപുരം കൂട്ടാലമന്ദിൽ പണ്ടാരക്കുതിരയ്ക്ക് തലവെച്ചു. ക്ഷേത്രത്തിൽനിന്ന് കൂട്ടാലയിലേക്ക് കുട്ടൻകുളങ്ങര അർജുനൻ പൊൻതിടമ്പേറ്റി പുറപ്പെട്ടു. വെയിൽ ചാഞ്ഞതോടെ പഞ്ചവാദ്യത്തോടെ ഒൻപത് ആനകൾ അണിനിരന്ന എഴുന്നള്ളത്ത് തുടങ്ങി. എസ്.എൻ.ഡി.പി. പകൽപ്പൂരക്കമ്മിറ്റിയുടെ വെടിക്കെട്ടിനുശേഷം പകൽ എഴുന്നള്ളത്ത് കാവുകയറി. ആതിഥേയരായ കാവശ്ശേരി ദേശക്കാർ തണ്ടാൻ സമുദായത്തിന്റെ ചീർമ്പക്കാവിൽനിന്ന് കുത്തുവിളക്കുമായി കഴനി, വാവുള്ള്യാപുരം ദേശക്കാരെ പൂരത്തിന് ക്ഷണിക്കാൻ പുറപ്പെട്ടു. ക്ഷേത്രാങ്കണത്തിൽ ഇരട്ടത്തായമ്പകയുണ്ടായി. കല്ലേപ്പുള്ളി കുറുംബക്കാവിൽനിന്ന് പന്തവും വാദ്യഘോഷങ്ങളുമായി ദേശക്കാർ മന്ദിലെത്തി കുത്തുവിളക്കിനെ വരവേറ്റശേഷം കുതിര എഴുന്നള്ളത്ത് പുറപ്പെട്ടു. വാവുള്ള്യാപുരം ദേശമന്ദിൽ തായമ്പകയുണ്ടായി. ബന്ധുദേശമായ അത്തിപ്പൊറ്റക്കാരെത്തി കുതിര വണങ്ങി. പറവേല ഊർവലമെത്തിതോടെ കുതിര എഴുന്നള്ളത്താരംഭിച്ചു. കാവശ്ശേരി ദേശം കുതിര എഴുന്നള്ളത്ത് ശങ്കരമൂച്ചിയിൽനിന്ന് പുറപ്പെട്ടു. ദേശക്കുതിരകൾ ഈടുവെടിയാലിങ്കൽ എത്തിയോടെ മൂന്ന് ദേശക്കാരും ഊഴക്രമത്തിൽ വെടിക്കെട്ടാരംഭിച്ചു. കമ്മാൻ കുതിരയും ദേശക്കുതിരകളും പരിവാരസമേതം കീഴാൽതറയിൽനിന്ന് കാവുകയറി. പരക്കാട്ടുകാവ് ഭഗവതി സഹോദരിയായ മാങ്ങോട്ടുകാവ് ഭഗവതിക്കൊപ്പം വാവുള്ള്യാപുരം ദേശക്കുതിരമേൽ വിരുന്നിന് പുറപ്പെട്ടു. പരക്കാട്ടുകാവിൽ വേദമുറജപവും ചാന്താട്ടവും ക്ഷേത്രപാലകന് ഗുരുതിയും സമർപ്പിച്ച് ഉത്രംകൊണ്ട് ഏഴുദിവസത്തേക്ക് നടയടച്ചു. ഞായറാഴ്ച നടതുറക്കൽ പഴംപൂരമായി ആഘോഷിക്കും. Published: 01 Apr 2026, 02:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
