ഷാർജ : പ്രാദേശിക കാർഷികമേഖലയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ട് സംയോജിത മാതൃകാ കമ്യൂണിറ്റി ഫാം ആരംഭിച്ചതായി അൽ ഹംരിയ മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കൃഷിയിടം ഒരുക്കിയത്. ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുകയും ജീവിതനിലവാരം ഉയർത്തുകയുംചെയ്യുന്ന ആധുനികവും സുരക്ഷിതവുമായ കാർഷികരീതികൾ സ്വീകരിക്കാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. To advertise here, യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പദ്ധതി. പാരിസ്ഥിതിക അവബോധമുള്ള ഒരു സമൂഹം ഉത്തരവാദിത്വത്തോടെ കാർഷിക ഉത്പാദനത്തിന് നേതൃത്വംനൽകും. പച്ചക്കറികൾക്കും പഴങ്ങൾക്കുമായി പ്രത്യേക സ്ഥലങ്ങൾ, അലങ്കാര സസ്യങ്ങൾ വളർത്താനും സസ്യതൈകൾ വിതരണംചെയ്യാനുമുള്ള നഴ്‌സറി, ജൈവ തേൻ ഉത്പാദനം എന്നിവയെല്ലാം ഫാമിലുണ്ടാകും. കാർഷിക മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്നതിനും ജൈവ വളം നിർമിക്കുന്നതിനും പ്രത്യേക സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വ്യക്തികൾക്ക് കൃഷിചെയ്യാൻ നിർദിഷ്ട സ്ഥലങ്ങളും നൽകും. ഇതുവഴി കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് അനുയോജ്യമായ കൃഷി ചെയ്യാം. മാങ്ങ, മാതളനാരങ്ങ, പപ്പായ, തക്കാളി, വെള്ളരി, ഉള്ളി, ബ്രൊക്കോലി, കുരുമുളക് എന്നിങ്ങനെ പ്രാദേശിക കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിവിധ ഉത്പന്നങ്ങൾ ഫാമിൽ കൃഷിചെയ്തു വിജയിപ്പിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയും സമൂഹവും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയാണ് പുതിയ സംരംഭം അടയാളപ്പെടുത്തുന്നതെന്ന് അൽ ഹംരിയ മുനിസിപ്പാലിറ്റി മേധാവി മുബാറക് റാഷിദ് അൽ ഷംസി പറഞ്ഞു. കാർഷിക മേഖലയുടെ വികസനത്തിന് സംരംഭം മികച്ച സംഭാവനകൾ നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിര ജൈവകൃഷിയും പ്രാദേശിക ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആളുകളെ പ്രകൃതിയുമായി ബന്ധിപ്പിക്കാനും ഇതുവഴി കഴിയുമെന്നതാണ് പ്രത്യേകത. കൂടാതെ പ്രാദേശിക ഭക്ഷ്യോത്പാദനം പ്രോത്സാഹിപ്പിക്കാനും ഭക്ഷ്യസുരക്ഷാ സംരംഭങ്ങൾ ശക്തിപ്പെടുത്താനും ഇറക്കുമതി ഉത്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതുവഴി സാധിക്കും. Published: 18 Apr 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കാർഷികമേഖലയ്ക്ക് പിന്തുണയേകി അൽ ഹംരിയ മുനിസിപ്പാലിറ്റി
M
MathrubhumiSource Link
22 days ago