ചിറ്റാരിക്കാൽ: കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ വിവിധ പ്രദേശത്ത് സ്ഥാപിച്ചെന്ന് പറയുന്ന 28 പൊതുടാപ്പുകൾ കാണാനില്ല. പഞ്ചായത്തിൽ ഇത്രയും പൊതുടാപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വാട്ടർ അതോറിറ്റി അവകാശവാദം. കമ്പല്ലൂർ സ്കൂൾ പരിസരത്ത് റോഡ് പണിയിൽ ടാപ്പ് നശിപ്പിച്ചു. മറ്റുസ്ഥലങ്ങളിൽ ടാപ്പുകൾ സ്ഥാപിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. To advertise here, 2012-ലാണ് 32 കോടി രൂപ ചെലവിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ കുടിവെള്ള പദ്ധതി അനുവദിച്ചത്. 2399 കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. 2014-ലാണ് നിർമാണം ആരംഭിച്ചത്. വീടുകളിൽ വെള്ളം വിതരണം ചെയ്യുന്നതോടൊപ്പം പൊതുടാപ്പുകൾ വേണമെന്ന ആവശ്യം ശക്തമായിരുന്നു. വാട്ടർ അതോറിറ്റിക്കും ജലനിധിക്കുമായിരുന്നു നിർമാണ ചുമതല. 2019 ജനുവരി 21-ന് വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ പഞ്ചായത്ത് ഭരണസമിതിക്ക് പൊതുടാപ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. കത്തിൽ കുടിവെള്ള പദ്ധതിക്കായി പഞ്ചായത്തിലെ രണ്ട് സോണുകളിലായി 80 കിലോമീറ്റർ ജലവിതരണ പൈപ്പുകൾ വലിച്ചിട്ടുണ്ടെന്നും അതിൽ 97 പൊതുടാപ്പുകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും പറയുന്നു. പദ്ധതി പഞ്ചായത്ത് ഏറ്റെടുത്തതിനാൽ പൊതുടാപ്പുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ അടയാളപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്കിയത്. ജനുവരി 29-ന് ചേർന്ന പഞ്ചായത്ത് ഭരണസമിതി അടിയന്തരയോഗം 28 സ്ഥലത്ത് ടാപ്പുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തു വാട്ടർ അതോറിറ്റിയെ അറിയിക്കുകയും ചെയ്തു. നിലവിൽ 28 പൊതുടാപ്പുകൾ പ്രവൃത്തിക്കുന്നുണ്ടെന്നാണ് വാട്ടർ അതോറിറ്റി പൊതുപ്രവർത്തകനായ കൊല്ലാടയിലെ പി. രവീന്ദ്രന് നൽകിയ മറുപടിയിലുള്ളത്. ജലവിതരണം ചെയ്യുന്നത് എസ്.എൽ.ഇ.സി.ബി.ജിയാണെന്നും സോൺ ഒന്നിൽ അഞ്ചും സോൺ രണ്ടിൽ 23 ടാപ്പുകളും ഉണ്ടെന്നാണ് മറുപടി. പഞ്ചായത്ത് ആസ്ഥാനമായ ചിറ്റാരിക്കാൽ ടൗണിൽ ഏഴ് പൊതുടാപ്പുകൾ സ്ഥാപിക്കാനാണ് ഭരണസമിതി നിർദേശിച്ചത്. കനറാ ബാങ്കിന് സമീപം, പഴയ പഞ്ചായത്ത് ഓഫീസിന് സമീപം, കുരിശുപള്ളിക്ക് സമീപം, അങ്കണവാടിക്ക് സമീപം, ബസ് സ്റ്റാൻഡ് പരിസരം, പെട്രോൾ പമ്പിന് സമീപം, ചിറ്റാരിക്കാൽ അക്കര സിറ്റി എന്നീസ്ഥലങ്ങളിലാണ്. പഞ്ചായത്ത് ആസ്ഥാനമായ ചിറ്റാരിക്കാൽ ടൗണിൽ ഒന്നും സ്ഥാപിച്ചിട്ടില്ല. 2022-ൽ പദ്ധതി പൂർത്തിയായതായി ജലനിധി അവകാശപ്പെടുന്നുണ്ട്. എന്നാൽ 800-ൽ താഴെ കുടുംബങ്ങൾക്കു മാത്രമാണ് പദ്ധതിയിൽനിന്ന് വെള്ളം ലഭിക്കുന്നത്. പൊതുടാപ്പുകൾ സ്ഥാപിച്ചിട്ടേയില്ല. കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണത്തിന് 24 കോടി രൂപ ജൽജീവൻ മിഷന് അനുവദിച്ചിട്ടുണ്ട്. ഇപ്പോഴും നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. എന്നാൽ ഈ ഏഴു സ്ഥലത്ത് ടാപ്പുകൾ സ്ഥാപിച്ചിരുന്നില്ല. 2022-ൽ പണി പൂർത്തിയായെന്നാണ് ജലനിധി പറയുന്നത്.

കുടിവെള്ള പദ്ധതിയിൽ സ്ഥാപിച്ച 28 പൊതുടാപ്പുകൾ എവിടെ ?
M
MathrubhumiSource Link
about 2 months ago