കോതമംഗലം ബ്രാഞ്ച് കനാൽ കാലി To advertise here, കോതമംഗലം : പെരിയാർവാലി കോതമംഗലം ബ്രാഞ്ച് കനാലിലൂടെ ദിവസങ്ങളായി ജലവിതരണം മുടങ്ങിയതോടെ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കാർഷികമേഖലയെയും ബാധിച്ചുതുടങ്ങി. കനാൽവെള്ളം എത്താതായതോടെ കിണർ ഉൾപ്പെടെയുള്ള ജലാശയങ്ങൾ വറ്റിവരണ്ട അവസ്ഥയിലാണ്. രണ്ടാഴ്ചയായി കിഴക്കേ കോതമംഗലം മേഖലയിൽ ജലക്ഷാമം നൂറുകണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ജല അതോറിറ്റിയുടെ കോഴിപ്പിള്ളി പമ്പ് ഹൗസിലെ ജല വിതരണത്തെയും സാരമായി ബാധിച്ചുതുടങ്ങി. മലയിൻകീഴിന് കിഴക്കോട്ട് അരമനപ്പടി, അമ്പലപ്പറമ്പ്, വലിയകാവ്, അയ്യങ്കാവ്, വായനശാലപ്പടി, കുത്തുകുഴി, മാരമംഗലം തുടങ്ങിയ പ്രദേശങ്ങളിലാണ് കനാൽവെള്ളം എത്താത്തതിനാൽ ശുദ്ധജല സ്രോതസ്സുകൾ വറ്റിയിരിക്കുന്നത്. കനാൽവെള്ളത്തെ ആശ്രയിച്ചുള്ള ഏക്കർകണക്കിന് സ്ഥലത്തെ കൃഷികളും നശിച്ചുതുടങ്ങി. നഗരത്തിലെ കുടിവെള്ളത്തെയും ബാധിച്ചു വേനൽക്കാലത്ത് കനാലിലൂടെ കോഴിപ്പിള്ളി പുഴയിൽ എത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ജല അതോറിറ്റിയുടെ പമ്പിങ് നടക്കുന്നത്. ഒരാഴ്ചയായി കനാൽവെള്ളത്തിന്റെ അളവ് കുറവായത് പമ്പിങ്ങിനെ ബാധിച്ചുതുടങ്ങിയെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ചെക്ക് ഡാമിൽ വളരെ കുറഞ്ഞ അളവിലേ ജലനിരപ്പുള്ളൂ. രണ്ടുദിവസമായി കോതമംഗലം നഗരത്തിൽ ഉൾപ്പെടെ ജലവിതരണത്തെ ഇത് ബാധിച്ചിട്ടുണ്ട്. മൂന്ന് മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നിടത്ത് ഒരു മോട്ടോർ മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്. ഇതുകാരണം രാപകൽ പ്രവർത്തിക്കുന്നിടത്ത് പകൽ മാത്രമാണ് പമ്പിങ് നടത്തുന്നത്. ഉയർന്ന പ്രദേശത്തേക്ക് വെള്ളം എത്തുന്നത് നാമമാത്രമാണ്. കനാലിൽ വെള്ളമെത്തിക്കാൻ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ മേഖലയിൽ ശുദ്ധജലവിതരണവും താറുമാറാകും. കനാലിൽ പായൽ അടിഞ്ഞത് നീക്കണം ചെങ്കര മെയിൻ കനാലിൽനിന്നാണ് ബ്രാഞ്ച് കനാലിലേക്ക് വെള്ളം തുറന്നിരിക്കുന്നത്. പല സ്ഥലത്തും ബണ്ട് ഇടിച്ചിലും പായൽനിറഞ്ഞ് ചെടികൾ വളർന്നുനിൽക്കുന്നതും കാരണമാണ് താഴ്ന്നഭാഗങ്ങളിലേക്ക് വെള്ളം എത്താത്തത്. കനാൽ ശുചീകരിച്ച് ജലവിതരണം സുഗമമാക്കാൻ നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും തൊഴിലാളികളെ ലഭിക്കുന്നില്ലെന്നാണ് പെരിയാർവാലി അധികൃതരുടെ വിശദീകരണം. കനാലിലെ പായലും ചെടികളും നീക്കംചെയ്ത് വൃത്തിയാക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവർ കൂട്ടത്തോടെ നാട്ടിലേക്ക് വോട്ട് ചെയ്യാൻ പോയതാണ് പ്രതിസന്ധിയിലാക്കിയതെന്ന് അധികൃതർ പറഞ്ഞു. നാലുമാസം മുൻപാണ് കനാൽ തുറന്നത്. ഇടയ്ക്കിടെ പായൽ നീക്കംചെയ്താണ് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നത്. മെയിൻ കനാലിൽനിന്നും അഞ്ച് കിലോമീറ്റർ പിന്നിട്ട് കള്ളാട് ഭാഗം മുതലാണ് വെള്ളത്തിന്റെ അളവ് കുറയുന്നത്. 14.8 കിലോമീറ്റർ ദൂരംവരുന്ന കനാലിന്റെ ബാക്കിഭാഗത്താണ് ജലലഭ്യത കുറഞ്ഞിരിക്കുന്നത്. പായൽ ഉള്ളതുകൊണ്ട് കുറഞ്ഞ അളവിലാണ് വെള്ളം തുറന്നിരിക്കുന്നത്. പായൽ നീക്കാതെ തുറന്നാൽ നീർപ്പാലം ഉള്ളിടത്തും മറ്റിടങ്ങളിലും വെള്ളം കവിഞ്ഞൊഴുകാൻ ഇടയാകും. രണ്ടു ദിവസത്തിനുള്ളിൽ കനാൽ ശുചീകരിച്ച് പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു.
