അരൂരിൽ ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി To advertise here, അരൂർ : ഉയരപ്പാത നിർമാണത്തിന്റ ഭാഗമായ കാന നിർമാണം അശ്രദ്ധമായി ചെയ്യുന്നതു മൂലം ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി. തിങ്കളാഴ്ച വൈകീട്ട് 5.30-ഓടെ അരൂർ അമ്പലം ജങ്ഷന് വടക്ക് ദേശീയപാതയ്ക്ക് കിഴക്കു ഭാഗത്തെ പൈപ്പാണ് പൊട്ടിയത്. ഇതുമൂലം അരൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച ശുദ്ധജല വിതരണം മുടങ്ങി. കഴിഞ്ഞ 10 ദിവസത്തിനിടെ മുന്നൂറ് മീറ്റർ പരിധിയിൽ ഇത് നാലാം തവണയാണ് 315 എം.എം. വ്യാസമുള്ള ജലവിതരണപൈപ്പ് പൊട്ടിക്കുന്നത്. അരൂർ അമ്പലം ജങ്ഷൻ മുതൽ വടക്കോട്ട് കാന നിർമാണത്തിനായി കുഴിയെടുക്കുന്നുണ്ട്. യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുമ്പോൾ ഇതിന്റെ ഇരുമ്പുകൈ തട്ടിയാണ് പൈപ്പിന് തകരാർ ഉണ്ടാകുന്നത്. ആദ്യ തവണ പൈപ്പ് പൊട്ടിയപ്പോൾ തന്നെ ജോലി ചെയ്യിക്കുന്നവർക്ക് പൈപ്പ് ലൈനിന്റെ സ്‌കെച്ചും ലൈനും അടക്കം കാണിച്ചുകൊടുത്തിരുന്നതായി വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. ജീവനക്കാരുടെ കുറവു മൂലം നിർമാണം നടക്കുന്ന സമയം തങ്ങളുടെ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കഴിയാത്ത സ്ഥിതിയാണ് വാട്ടർ അതോറിറ്റിക്ക്. ഇതിനിടെയാണ് കരാർ കമ്പനി അലക്ഷ്യമായി ജോലി ചെയ്യുന്നത്. പൈപ്പ് പൊട്ടലും അറ്റകുറ്റപ്പണിയും നിത്യസംഭവമായതോടെ കടുത്ത വേനലിൽ അരൂർ മേഖലയിൽ ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. തിങ്കളാഴ്ച പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് കാനയ്ക്കായുള്ള കുഴിയിൽ ഒഴുകി പരന്ന് പാഴായത്. രാത്രിയോടെ അറ്റകുറ്റപ്പണി ആരംഭിച്ചുവെങ്കിലും ചില നിർമാണ സാമഗ്രികൾ വരാൻ വൈകി. ഇതാണ് കുടിവെള്ളം മുടങ്ങുവാനുള്ള കാരണം. Published: 01 Apr 2026, 02:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
