മടമ്പം ആർ.സി.ബി.യിൽ ശുദ്ധജലവിതരണത്തിന് പദ്ധതിയില്ല To advertise here, ശ്രീകണ്ഠപുരം : കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും മടമ്പം റെഗുലേറ്ററിൽ ശുദ്ധജലവിതരണത്തിന് പദ്ധതി വേണവെന്ന ആവശ്യം ഇനിയും നടപ്പായില്ല. ഷട്ടർ അടച്ചതോടെ മടമ്പം റെഗുലേറ്ററിൽ വെള്ളം നിറഞ്ഞുകിടക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. മലയോരമേഖലയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. കാർഷികമേഖലയിലേക്കുള്ള ജലസേചനവും ശുദ്ധജലവിതരണവും ലക്ഷ്യമാക്കിയാണ് മടമ്പം പദ്ധതി തുടങ്ങിയത്. 2004-ൽ നിർമാണം തുടങ്ങിയ പദ്ധതി 2012-ൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. എല്ലാവർഷവും വേനൽക്കാലത്ത് ഷട്ടറിട്ട് വെള്ളം സംഭരിക്കാറുണ്ടെങ്കിലും വെള്ളം പമ്പ് ചെയ്യാനോ ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യാനോ ഉള്ള പദ്ധതിയില്ല. ഷട്ടറിട്ടാൽ പയ്യാവൂർ പാറക്കടവ് പുഴയിൽവരെ വെള്ളം ഉയരും. എന്നാൽ, ഒരിടത്തും ജലസേചനത്തിന് സൗകര്യമില്ല. നേരത്തേ ഇവിടെനിന്ന് വെള്ളം പമ്പ് ചെയ്ത് ചേപ്പറമ്പ് പാറയിൽ സ്ഥാപിക്കുന്ന ടാങ്കിലെത്തിച്ച് ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ വിതരണം ചെയ്യാനായി നിടിയേങ്ങ ശുദ്ധജലപദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുനെങ്കിലും നടന്നില്ല. ഈ പദ്ധതി യാഥാർഥ്യമായിരുന്നെങ്കിൽ ശ്രീകണ്ഠപുരം നഗരസഭയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമായിരുന്നു. വേനൽ കടുത്തതോടെ ഈ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. വേനൽക്കാലത്ത് പെരുവളത്തുപറമ്പിലെ ടാങ്കിൽനിന്ന് നഗരസഭയുടെ നേതൃത്വത്തിൽ ലോറിയിൽ എത്തിച്ചാണ് കുടിവെള്ളവിതരണം നടത്താറുള്ളത്. മടമ്പം പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ശുദ്ധജലവിതരണം നടപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നത്. ശുദ്ധജലവിതരണത്തിനായി നാല് സ്ഥലങ്ങളിൽ ടാങ്കുകൾ നിർമിക്കാനും പൈപ്പ് വഴി വെള്ളമെത്തിച്ച് വിതരണം ചെയ്യാനുമായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനാവശ്യമായ സ്ഥലവും ഏറ്റെടുത്തു. എന്നാൽ, പദ്ധതി യാഥാർഥ്യമായില്ല. ഇതിനോട് ചേർന്ന് മൂന്നാംഘട്ടമെന്ന നിലയിൽ മടമ്പം മേഖലയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്ന പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. വർഷത്തിൽ ആറുമാസവും വെള്ളം നിറഞ്ഞുനിൽക്കുന്ന ഇവിടെ ഉല്ലാസബോട്ടുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാനായിരുന്നു പദ്ധതി. ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞ് 12 വർഷം കഴിഞ്ഞിട്ടും രണ്ടും മൂന്നും ഘട്ട പ്രവർത്തനങ്ങളുടെ പ്രാരംഭനടപടികൾപോലും തുടങ്ങിയിട്ടില്ല.
