ആനക്കര : ചൂട് കനക്കുന്നതിനോടൊപ്പം ജില്ലയുടെ പടിഞ്ഞാറൻമേഖലയിൽ കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു. വർഷങ്ങളായി വറ്റാതിരുന്ന കിണറുകളും കുഴൽക്കിണറുകളും ഇത്തവണ വേനൽ ആരംഭിച്ചപ്പോൾത്തന്നെ വറ്റിത്തുടങ്ങിയതോടെ തൃത്താലയുൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽ പുതിയ കിണർനിർമാണവും പഴയ കിണറുകളുടെ ചെളിനീക്കി ആഴംകൂട്ടലും തകൃതിയായി. To advertise here, പുഴകളിലും ചെറുകുളങ്ങളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. മുമ്പ് പത്തുകോൽ ആഴത്തിൽത്തന്നെ വെള്ളംലഭിച്ചിരുന്ന പ്രദേശങ്ങളിൽ ഇപ്പോൾ പതിനഞ്ച് കോൽ കുഴിച്ചിട്ടും വെള്ളം കണ്ടെത്താനാവാത്ത അവസ്ഥയുണ്ട്. ഇതോടെ ഭൂഗർഭജലനിരപ്പ് വർഷംതോറും താഴ്‌ന്നുകൊണ്ടിരിക്കയാണെന്ന ആശങ്ക നാട്ടുകാരിൽ ശക്തമാകുന്നു. തൃത്താലമേഖലയിലെ പല സ്ഥലത്തും 200 മുതൽ 300മീറ്റർവരെ ആഴമുള്ള കുഴൽക്കിണറുകളിൽപ്പോലും വെള്ളം വറ്റിത്തുടങ്ങി. ഇപ്പോൾ കുഴിക്കുന്ന പുതിയ കുഴൽക്കിണറുകളിൽ 300മീറ്റർവരെ കുഴിച്ചിട്ടും വെള്ളംലഭിക്കാത്ത സാഹചര്യത്തിൽ ചിലയിടങ്ങളിൽ നിർമാണംതന്നെ ഉപേക്ഷിക്കേണ്ടി വന്നതായും നാട്ടുകാർ പറയുന്നു. ഗ്രാമങ്ങളിലെ തൊഴിലാളികളോടൊപ്പം ഇതരസംസ്ഥാന തൊഴിലാളികളും ചേർന്നാണ് പലപ്രദേശങ്ങളിലും കിണർനിർമാണം നടത്തുന്നത്. ചിലയിടങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ തനിച്ചും കിണർ കുഴിക്കുന്നത് കാണാം. വേനൽക്കാലം കൂടുതൽ കടുത്താൽ കുടിവെള്ളപ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയുമുണ്ട്. ചില പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ടാങ്കർലോറിയെയാണ് ആശ്രയിക്കുന്നത്. ഭൂഗർഭ ജലനിരപ്പ് വർഷംതോറും കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മഴവെള്ളസംഭരണം, കുളങ്ങൾ സംരക്ഷിക്കൽ, ചെറുകെട്ടുകൾ നിർമിക്കൽ തുടങ്ങിയ ജലസംരക്ഷണ നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നു. Published: 30 Mar 2026, 01:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുടിവെള്ളക്ഷാമം: ഗ്രാമങ്ങളിൽ കിണർനിർമാണം തകൃതി
M
MathrubhumiSource Link
about 1 month ago