അബുദാബി : രാജ്യത്തെ കുട്ടികളുടെ സന്തോഷത്തിനും ക്ഷേമത്തിനും സുരക്ഷയ്ക്കും നൽകുന്ന മുൻഗണന തുടരുമെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഇമിറാത്തി ശിശുദിനത്തോടനുബന്ധിച്ച് ഞായറാഴ്ചയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. To advertise here, ഈ പ്രതിസന്ധിഘട്ടങ്ങളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരാണെന്നും ആത്മവിശ്വാസവും പ്രതീക്ഷയും നിറഞ്ഞ ഒരു രാജ്യത്താണ് അവർ ജീവിക്കുന്നതെന്നും ഉറപ്പുനൽകാൻ എല്ലാ കുടുംബങ്ങളും അധ്യാപകരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടികളെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന സമഗ്ര സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി (ദുബായ് കൾച്ചർ) ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. പുതുതലമുറയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ പ്രധാന ഓർമപ്പെടുത്തലാണ് ഇമിറാത്തി കുട്ടികളുടെ ദിനം. കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്. അവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്. സമാധാനത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ വളരാനും അവരുടെ കഴിവുകൾ കണ്ടെത്താനും അഭിവൃദ്ധി നേടാനുമുള്ള ഇടമാണ് നൽകുന്നതെന്നും ശൈഖ ലത്തീഫ പറഞ്ഞു. രാജ്യത്തിന്റെ ഭാവിയുടെ അടിത്തറയായി യുവതലമുറയെ ശാക്തീകരിക്കാനാണ് നേതൃത്വം ഇമിറാത്തി ശിശുദിനം ആഘോഷിക്കുന്നതെന്ന് യു.എ.ഇ. വിദ്യാഭ്യാസ മന്ത്രി സാറാ അൽ അമീരി പറഞ്ഞു. 'ഡിജിറ്റൽ അറിവിനായുള്ള അവകാശം' എന്നതാണ് ഈ വർഷത്തെ പ്രമേയമെന്ന് മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി എൻജിനിയർ മുഹമ്മദ് അൽ ഖാസിം വ്യക്തമാക്കി. ആഗോള വികസനങ്ങൾക്ക് അനുസൃതമായി മികച്ച ഡിജിറ്റൽ പഠന സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് കുട്ടികളുടെ ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കാനാണ് മുൻഗണന നൽകുന്നത്. ആധുനിക സാങ്കേതികവിദ്യകൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കാനാണ് വിദ്യാഭ്യാസ നയങ്ങൾ ലക്ഷ്യമിടുന്നത്. വിജ്ഞാനാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കാൻ ഡിജിറ്റൽ സാക്ഷരത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
