കാസർകോട് : പതിവ് ഭരണനിർവഹണങ്ങളുടെ തിരക്കുകൾക്കിടയിലും കളക്ടറേറ്റ് തിങ്കളാഴ്ച ഹൃദ്യമായ ഒരു സ്നേഹസംഗമത്തിനാണ് സാക്ഷ്യം വഹിച്ചത്. ദേലംപാടി പഞ്ചായത്തിലെ കണ്ണങ്കോൽ പട്ടികവർഗ ഉന്നതിയിലുള്ള കൊച്ചുകൂട്ടുകാരാണ് തങ്ങളുടെ പ്രിയപ്പെട്ട കളക്ടറെ കാണാനായി കളക്ടറേറ്റിൽ എത്തിയത്. To advertise here, കുറച്ചുനാൾ മുൻപ് കളക്ടർ അർജുൻ പാണ്ഡ്യൻ കണ്ണങ്കോൽ പട്ടികവർഗ ഉന്നതിയിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ഈ സൗഹൃദത്തിന്റെ തുടക്കം. സന്ദർശനത്തിനിടെ മയ്യള എസ്.ജിഎ.എൽ.പി. സ്കൂളിലെ വിദ്യാർഥികളായ നാലാം ക്ലാസുകാരൻ ശരത്തും മൂന്നാം ക്ലാസുകാരൻ ആദി കൃഷ്ണയും കളക്ടർക്ക് മുന്നിലൊരു ആഗ്രഹം വെച്ചു. 'ഞങ്ങളുടെ സ്കൂൾ കൂടി സാർ ഒന്ന് കാണണം.' കുട്ടികളുടെ ആ സ്നേഹം നിറഞ്ഞ ആവശ്യം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. അവരെയും കൂട്ടി തന്റെ ഔദ്യോഗികവാഹനത്തിൽതന്നെ കളക്ടർ സ്കൂൾ കാണാനായി യാത്രതിരിച്ചു. അന്ന് ആ കുരുന്നുകൾ ഒരു ആഗ്രഹം കൂടി പറഞ്ഞിരുന്നു. തങ്ങൾക്ക് കളിക്കാൻ ഒരു ഫുട്‌ബോൾ വേണമെന്ന്. അന്നത്തെ ആ യാത്രയുടെയും സൗഹൃദത്തിന്റെയും ഓർമ്മകളുമായാണ് ശരത്തും ആദിയും കൂട്ടുകാരും ഇന്ന് കളക്ടറെ കാണാൻ കളക്ടറേറ്റിലേക്ക് എത്തിയത്. ജീവിതത്തിൽ ആദ്യമായി കളക്ടറേറ്റും കളക്ടറുടെ ഓഫീസും നേരിൽ കണ്ടതിന്റെ കൗതുകവും ആവേശവും ആ കുഞ്ഞുമുഖങ്ങളിൽ നിറഞ്ഞു. തങ്ങളെ കാണാൻ വന്ന കൊച്ചുകൂട്ടുകാരെ കളക്ടർ ചേർത്തുപിടിച്ചു. അന്ന് അവർ ഏറെ ആഗ്രഹിച്ച ഫുട്‌ബോൾ സമ്മാനമായി നൽകിയപ്പോൾ കുട്ടികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് അവർക്കൊപ്പം ഏറെനേരം അദ്ദേഹം ചെലവഴിച്ചു. സ്കൂൾ വിശേഷങ്ങളും അവധിക്കാല പ്ലാനുകളും കളക്ടർ ചോദിച്ചറിഞ്ഞു. കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനും അദ്ദേഹം സമയം കണ്ടെത്തി. കുട്ടികളുടെ ആഗ്രഹപ്രകാരം ബേക്കൽ ബീച്ചിൽ കൂടി കൊണ്ടുപോയശേഷമാണ് കളക്ടർ അവരെ യാത്രയാക്കിയത്. കാസർകോട് പട്ടികവർഗ വികസന ഓഫീസർ പി.രാഘവൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ, ദീപ, കെ.ധനേഷ്, ചന്ദ്രശേഖർ, ആർ.ശരണ്യ തുടങ്ങിയവർ പങ്കെടുത്തു. Published: 07 Apr 2026, 03:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുട്ടികൾ എത്തി പ്രിയപ്പെട്ട സാറിനെ വീണ്ടും കാണാൻ; വാഗ്ദാനം നിറവേറ്റി കളക്ടർ
M
MathrubhumiSource Link
about 1 month ago