പോലീസ് കേസെടുത്തു To advertise here, കോടഞ്ചേരി : കോടഞ്ചേരി സെയ്ന്റ് മേരീസ് ഫൊറോനപള്ളിയുടെ ഉടമസ്ഥതയിലുള്ള കുരിശുമലയിലെ കുരിശും കുരിശുതറയും തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസിന്റെയും വിവിധ ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ കോടഞ്ചേരിയിൽ പ്രതിഷേധറാലി. പ്രതിഷേധസമ്മേളനം ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ ഉദ്ഘാടനംചെയ്തു. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, ജസ്റ്റിൻ തറപ്പേൽ, ജോൺസൺ തെങ്ങുംതോട്ടത്തിൽ എന്നിവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു. കുരിശുതകർത്ത സംഭവത്തിൽ കോടഞ്ചേരി മണ്ഡലം യു.ഡി.എഫ്. നേതൃയോഗം പ്രതിഷേധിച്ചു. സംഭവത്തിൽ പോലീസ് അലംഭാവം കാണിക്കുകയാണെന്നും കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും മദ്യ, മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുന്നതിന് ഉദാഹരണമാണ് കുരിശു തകർത്ത സംഭവമെന്നും യോഗം ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷനായി. കുരിശ് തകർത്ത സംഭവത്തിൽ കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് സി.പി.എം. കോടഞ്ചേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ മതസൗഹാർദവും സമാധാനാന്തരീക്ഷവും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നതായി യോഗം പത്രക്കുറിപ്പിൽ പറഞ്ഞു. ഷിബു പുതിയേടത്ത് അധ്യക്ഷനായി. എൽ.ഡി.എഫ്. സ്ഥാനാർഥി ലിന്റോ ജോസഫ് സംഭവം സംബന്ധിച്ച് പള്ളിയധികൃതരുമായി കൂടിക്കാഴ്ച നടത്തി. എൻ.ഡി.എ. സ്ഥാനാർഥി സണ്ണി തോമസ് കുരിശുമലയിൽ സന്ദർശനം നടത്തി. കുരിശ് തകർത്ത സമൂഹവിരുദ്ധരെ ഉടൻ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫൊറോന പള്ളി അധികൃതരെയും അദ്ദേഹം സന്ദർശിച്ചു. കുരിശ് തകർത്ത സംഭവത്തിൽ ദേശീയ ജനാധിപത്യസഖ്യം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയും പ്രതിഷേധിച്ചു. കൃത്യംചെയ്ത സമൂഹവിരുദ്ധരെ കണ്ടെത്തണമെന്ന് കമ്മറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെ കോടഞ്ചേരി പോലീസ് കുരിശുമലയിലെത്തി പരിശോധിച്ചു. കോടഞ്ചേരി ഫൊറോന പള്ളി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഊർജിതാന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു.
