വേണം അടിയന്തര ഇടപെടലുകൾ To advertise here, പീരുമേട് : ഏലപ്പാറയിൽനിന്ന് കോഴിക്കാനം, ഹെലിബറിയാ, മ്ലാമല ഭാഗത്തേക്ക് തിരിയുന്ന കോഴിക്കാനം റോഡിന്റെ തുടക്കഭാഗത്ത് ഗതാഗതക്കുരുക്ക് പതിവാണ്. ഇടുങ്ങിയ റോഡിന് ഇരുവശവും വാഹനങ്ങൾ അശാസ്ത്രീയമായി നിർത്തിയിടുന്നതാണ് കുരുക്കിന് കാരണം. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നു. കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ ഇതുവഴി സർവീസ് നടത്തുന്നതാണ്. ഏലപ്പാറയിൽനിന്ന് ഹെലിബെറിയ വഴി മ്ലാമലയിൽ എത്താൻ കഴിയുന്ന റോഡാണിത്. ജനങ്ങളുടെ നീണ്ടനാളത്തെ ആവശ്യങ്ങൾക്കൊടുവിലാണ് ഇതുവഴി കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിച്ചത്. എന്നാൽ, സ്റ്റാൻഡിൽനിന്ന് ആളെക്കയറ്റി ഇതിലേ കടന്നുപോകാൻ കഴിയാതെ ഗതാഗതക്കുരുക്കിൽ ബസുകൾ കിടക്കേണ്ടിവരും. ഏലപ്പാറ സെൻട്രൽ ജങ്ഷനിൽനിന്ന് കോഴിക്കാനത്തേക്ക് കയറുന്ന 100 മീറ്ററോളം ഭാഗത്താണ് പ്രതിസന്ധിയുള്ളത്. പ്രധാന റോഡുകളേക്കാൾ താരതമ്യേന വീതി കുറഞ്ഞ ഭാഗമാണിത്. ഏലപ്പാറയിൽ വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. ഇവരുടെ വാഹനങ്ങൾ നിർത്തിയിടാൻ മറ്റു സ്ഥലങ്ങളില്ല. ഇതോടെ ടൗണിന് അടുത്തുള്ള കോഴിക്കാനം റോഡിൽ വാഹനം നിർത്തിയിടും. ഇടുങ്ങിയ റോഡിന് ഇരുവശത്തും വാഹനങ്ങൾ നിർത്തുന്നതോടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നതടക്കം ഗതാഗതതടസ്സത്തിന് ഇടയാക്കും. ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്നതിൽ നിയന്ത്രണംവേണം. വർഷങ്ങളായി തുടരുന്ന വിഷയത്തിൽ സർക്കാർ ഇടപെടലുകളാണ് വേണ്ടത്. ഏലപ്പാറയിൽ ബസ് സ്റ്റാൻഡ് അടക്കമുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് പ്രധാന പ്രതിസന്ധിയാണ്. വാഗമണ്ണിലേക്ക് അടക്കമെത്തുന്ന വിനോദ സഞ്ചാരികൾക്കും ഇവരുടെ വ്യാപാരം പ്രതീക്ഷിക്കുന്ന കച്ചവടക്കാരും പ്രതിസന്ധി നേരിടുന്നുണ്ട്. കൂടുതൽ വാഹനങ്ങൾ പാർക്കുചെയ്യാൻ കഴിയുന്ന മൈതാനം ഏലപ്പാറയിൽ ഒരുക്കുക എന്നതാണ് ഇതിന് പോംവഴി. Published: 21 Apr 2026, 03:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
