കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ 13 സീറ്റിൽത്തന്നെ മത്സരിക്കാനാകുമെന്ന കേരള കോൺഗ്രസ് എമ്മിന്റെ പ്രതീക്ഷ തെറ്റി. കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി ഇല്ലെങ്കിൽ പേരാമ്പ്ര സീറ്റ് കിട്ടുമെന്നായിരുന്നു കേരള കോൺഗ്രസ് എം പ്രതീക്ഷിച്ചതെങ്കിലും ഇവിടെ എൽ.ഡി. എഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ തന്നെ പേരാണ് സിപിഎം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സിപിഎം തങ്ങളോട് വിശ്വാസവഞ്ചന കാട്ടിയെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ മുതിർന്ന നേതാക്കളിൽ ഒരാൾ പ്രതികരിച്ചത്. സിപിഎമ്മിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നും അവസാന ഘട്ടത്തിൽ എങ്കിലും കുറ്റ്യാടി തരാൻ സാധിക്കില്ലെങ്കിൽ പേരാമ്പ്ര കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. ഇത് ലഭിക്കാതെ വന്നതോടെ വലിയ നിരാശയിലുമാണ് ജില്ലാ നേതൃത്വം. To advertise here, കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് നൽകിയിട്ടും സിപിഎമ്മിൽ നിന്ന് പ്രതിഷേധമുണ്ടായ പ്രത്യേക സാഹചര്യത്തിൽ സീറ്റ് സിപിഎമ്മിനുതന്നെ തിരിച്ചുനൽകുമ്പോൾ അന്നുനൽകിയ വാക്ക് ഇത്തവണ പാലിക്കുമെന്നാണ് മാണി വിഭാഗം കരുതിയത്. എന്നാൽ, സിറ്റിങ് സീറ്റെന്ന നിലയിൽ കുറ്റ്യാടി സീറ്റിൽ ഇത്തവണയും കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ പരിഗണിക്കുകയായിരുന്നു. പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനെയും നിശ്ചയിച്ചു. പേരാമ്പ്ര സീറ്റ് നൽകാമെന്ന് നേരത്തെ ധാരണയാണെങ്കിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ പേരാമ്പ്ര മണ്ഡലത്തിലെ പരാജയമാണ് ഒരിക്കൽ കൂടി ടി പി രാമകൃഷ്ണനിലേക്ക് സ്ഥാനാർത്ഥിത്വം എത്തിയത്.ടിപി അല്ലാതെ മറ്റൊരാൾ മത്സരിച്ചാൽ തോൽക്കുമെന്ന ഭീതിയും നേതൃത്വത്തിന് ഉണ്ടായിരുന്നു. ഇതോടെ മാണി വിഭാഗത്തിന്റെ പേരാമ്പ്ര പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുകയും ചെയ്തു. സിപിഎമ്മിൽ വിശ്വാസമുണ്ടെന്നും കോഴിക്കോട് ജില്ലയിലെ ഒരു സീറ്റ് അവസാനഘട്ടത്തിൽ തങ്ങളുടെ തങ്ങളിലേക്ക് തന്നെ വന്നുചേരുമെന്നും ജില്ലയിലെ കേരള കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു . ഈ പ്രതീക്ഷയാണ് ഇല്ലാതായത്. നേരത്തെ പറഞ്ഞ 13 സീറ്റ് കിട്ടും കിട്ടണമല്ലോ എന്നായിരുന്നു സീറ്റ് വിഭജന ചർച്ചയ്ക്ക് ശേഷം ജോസ് കെ മാണിയുടെ പ്രതികരണം. എൽഡിഎഫ് കഴിഞ്ഞ തവണ 13 സീറ്റായിരുന്നു ജോസ് വിഭാഗത്തിന് വാഗ്ദാനം ചെയ്തത്. കോഴിക്കോട് ജില്ലയിൽ അത് കുറ്റ്യാടി സീറ്റ് ആയിരുന്നു. മുഹമ്മദ് ഇഖ്ബാലിനെ സ്ഥാനാർഥിയായും കേരള കോൺഗ്രസ് എം തീരുമാനിച്ചിരുന്നു. എന്നാൽ ഇടത് വേരോട്ടമുള്ള കുറ്റ്യാടിയിൽ സിപിഎം മത്സരിച്ചിരുന്ന സീറ്റ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതോടെ അതിശക്തമായ പ്രതിഷേധം അണികളിൽ ഉണ്ടായി. നേതൃത്വത്തിനെതിരെ പരസ്യമായി പാർട്ടി പ്രവർത്തകർ രംഗത്തെത്തി. ഇതോടെയാണ് മുഹമ്മദ് ഇഖ്ബാലിനെ മാറ്റി കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കിയത്. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ നടത്തിയ ചർച്ചയുടെ ഭാഗമായിട്ടായിരുന്നു തങ്ങൾക്ക് ലഭിച്ച സീറ്റ് വിട്ടുകൊടുക്കാൻ കെസിഎം തീരുമാനിച്ചത്. അടുത്ത തവണ കുറ്റ്യാടി സീറ്റ് തിരിച്ചു നൽകുമെന്നും അന്ന് വാക്ക് നൽകിയിരുന്നു. പക്ഷേ ഈ വാക്കുകളെല്ലാം വെറും വാക്ക് ആവുകയായിരുന്നു എന്നാണ് ഇപ്പോൾ മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം പറയുന്നത്. ഇതിൽ ചെയർമാൻ ശക്തമായ പ്രതിഷേധം അറിയിക്കണമെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്. പേരാമ്പ്ര ലഭിക്കുകയാണെങ്കിൽ മുഹമ്മദ് ഇഖ്ബാലിനെ തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാകുമെന്നായിരുന്നു കരുതിയത്. ക്രിസ്ത്യൻ കുടിയേറ്റ പഞ്ചായത്തുകളുള്ള മണ്ഡലം എന്നതുകൊണ്ടും വർഷങ്ങളായി മുഹമ്മദ് ഇഖ്ബാൽ മണ്ഡലത്തിലെ പരിചിത മുഖം എന്നതുകൊണ്ടും മത്സരിച്ചാൽ ജയിക്കുമെന്നായിരുന്നു കേരളാ കോൺഗ്രസ് എം കണക്കുകൂട്ടിയത്. മാത്രമല്ല കഴിഞ്ഞതവണ സിപിഎം പ്രതിഷേധത്തിന്റെ വികാരം മാനിച്ച് സ്വയം ഒഴിഞ്ഞുകൊടുത്തതിന്റെ പ്ലസ് പോയിന്റ് ഇത്തവണ പേരാമ്പ്രയിൽ ഇക്ബാലിന് ഗുണകരമാവുമെന്നും കരുതിയിരുന്നു. മുഹമ്മദ് ഇഖ്ബാൽ പേരാമ്പ്ര ലക്ഷ്യമിട്ട് നേരത്തെ തന്നെ മണ്ഡലത്തിൽ സജീവമായിരുന്നു. 1980 മുതൽ തുടർച്ചയായി സിപിഎം മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് പേരാമ്പ്രയെങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് എൽഡിഎഫ് ഇവിടെ നേരിട്ടത്. ആകെയുള്ള പത്ത് പഞ്ചായത്തിൽ ഒമ്പതും കൈവശം വെച്ചിടുത്തു നിന്ന് ഇത്തവണ നാലിലേക്ക് ഒതുങ്ങി. അഞ്ചു പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഇതിൽ ഇരുപത് വർഷത്തിലധികം എൽഡിഎഫ് ഭരിച്ചിരുന്ന പേരാമ്പ്ര പഞ്ചായത്ത് വരെ ഉൾപ്പെടും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വോട്ടിങ് സ്വഭാവമായിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാവുക എന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടുമ്പോഴും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത്ര വലിയ ആത്മവിശ്വാസത്തോടെ അവർക്ക് ഗോദയിലേക്കിറങ്ങാനാവില്ല. 1977-ൽ കേരള കോൺഗ്രസിൽ നിന്ന് ഡോ.കെ.സി ജോസഫ് പേരാമ്പ്രയിൽ നിന്ന് വിജയിച്ചിരുന്നു. Content Highlights: Kerala Congress M expected 13 seats in the assembly election., CPM denied both Kuttiyadi and Perambra seats to the Mani faction., Local CPM leadership insists on T.P. Ramakrishnan for Perambra to ensure victory., The decision has caused significant internal friction and disappointment within the Kerala Congress M district leadership., The shift in voting patterns during local body elections influenced CPM's candidate selection. Published: 15 Mar 2026, 06:39 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുറ്റ്യാടിയും പേരാമ്പ്രയുമില്ല; രണ്ടിടത്തും സ്ഥാനാർഥികളുമായി CPM; കേരള കോൺഗ്രസിൽ നിരാശ
M
MathrubhumiSource Link
about 2 months ago