വെള്ളരിക്കുണ്ട് : മാലോത്തിനടുത്ത് പുഞ്ച കാപ്പിത്തട്ട് മലയിലെ വീടുകളിൽ കുടിവെള്ളം എത്തണങ്കിൽ കാട്ടാന കനിയണം. വനത്തിനകത്തെ ഉറവകളിൽനിന്ന് പൈപ്പിലാണ് വെള്ളമെടുക്കുന്നത്. ആന ഇത് വലിച്ചറിഞ്ഞ് കുടിവെള്ളം മുട്ടിക്കുന്നത് പതിവാണ്. ഞായറാഴ്ച വെള്ളം കിട്ടാത്ത വിഷമത്തിലായിരുന്നു ഇവിടെയുള്ളവർ. വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ദൂരം അകത്തേക്ക് കടന്ന് വെള്ളമെടുക്കുന്ന ഉന്നതി കുടുംബങ്ങളുണ്ട്. വനാതിർത്തിയിൽ ഒരിടത്തും കിണറില്ല. കിണർ കുഴിച്ചെങ്കിലും വെള്ളം കിട്ടുന്നില്ലെന്ന് താമസക്കാർ പറയുന്നു. അതുകൊണ്ട് വനം മാത്രമാണ് ആശ്രയം. വെള്ളം വരുന്ന പൈപ്പ് ആന തകർത്താൽ ശരിയാക്കാൻ വീണ്ടും വനത്തിനകത്ത് കയറണം. ആനയെ പേടിക്കണം. പുരുഷൻമാരാണ് അധികവും ഇതിനായി വനത്തിൽ കയറുന്നത്. ഒരു പൈപ്പിൽനിന്ന് സമയബന്ധിതമായി ഒന്നിലധികം കുടുംബങ്ങൾ വെള്ളമെടുക്കുന്ന രീതിയാണിവിടെ. അതുകൊണ്ട് വെള്ളം തടസ്സപ്പെട്ടാൽ എല്ലാ കുടുംബങ്ങളും വിഷമത്തിലാകുന്നു. വനാതിർത്തിയിലെ സൗരോർജ വേലി തകർത്ത് ആന പുറത്തിറങ്ങുന്നതായി പരിസരത്തുള്ളവർ പറയുന്നു. വേനൽകടുത്തതോടെ ഉൾക്കാട്ടിൽ തീറ്റകുറഞ്ഞതാണ് ആനക്കൂട്ടം പുറംകാട്ടിലും കൃഷിയിടത്തിലും ഇറങ്ങാൻ കാരണമാകുന്നത്. ജലസമൃദ്ധമായ ഒരു പഞ്ചായത്ത് കുളം പുഞ്ചയിലുണ്ട്. ഏത് വേനലിലും ഇത് വറ്റാറില്ല. കുറച്ച് കുടുംബങ്ങളേ ഇതിൽനിന്നും വെള്ളമെടുക്കുന്നുള്ളൂ. കുളം വൃത്തിയാക്കാൻ മുമ്പ് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും നടന്നില്ല. To advertise here, Published: 18 Mar 2026, 04:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

കുളത്തിൽ വെള്ളമുണ്ട് കുടിക്കാൻ വെള്ളമില്ല
M
MathrubhumiSource Link
about 2 months ago