വയലേറുമാടം ഒരുങ്ങി To advertise here, ആറ്റിങ്ങൽ : മൂന്നു പതിറ്റാണ്ടിനുശേഷം ചെമ്പൂര് കുളത്തുങ്കര ഏലാ കൊയ്ത്തിനൊരുങ്ങുന്നു. ഞായറാഴ്ച വൈകീട്ട് നാലിനാണ് കൊയ്ത്ത്. ഈ വിളവെടുപ്പ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് പാടശേഖരസമിതി. നാട് ഇതുവരെ കാണാത്ത ഉത്സവമേളങ്ങൾക്കാണ് ഈ പാടശേഖരം വേദിയാകുന്നത്. കൊയ്ത്തുപാട്ടുകളും കളരിയഭ്യാസങ്ങളും തിരുവാതിരനൃത്തവുമായി ഒരു ഗ്രാമമൊന്നാകെ ഈ കാർഷികോത്സവത്തിന്റെ ഭാഗമാകാനൊരുങ്ങുകയാണ്. മുദാക്കൽ പഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിലൊന്നാണ് കുളത്തുങ്കര. 30 വർഷമായി ഈ പാടശേഖരത്തിൽ നെൽക്കൃഷി നടന്നിട്ടില്ല. ഒരു കാലത്ത് ഇരുപ്പൂവും മുപ്പൂവും വിളഞ്ഞ പാടശേഖരമാണ് മൂന്നു പതിറ്റാണ്ട് തരിശ്ശുകിടന്നത്. കൃഷിച്ചെലവുകൾ കൂടിയതും വരുമാനം കുറഞ്ഞതും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാതായതുമെല്ലാം നിലം തരിശ്ശിടുന്നതിലേക്ക് ഉടമകളെ നയിച്ചു. കൃഷിയെ ജീവിതത്തിന്റെ സമസ്തമേഖലയുമായി കൂട്ടിയിണക്കി ആഘോഷമാക്കുകയും സംസ്ഥാനത്തിനാകെ മാതൃകയാവുകയും ചെയ്ത പിരപ്പമൺകാട് പാടശേഖരത്തിലെ പ്രവർത്തനങ്ങൾ ചെമ്പൂരുകാർക്കും ആവേശം പകർന്നു. അങ്ങനെ പ്രദേശത്തെ കൃഷിയെ സ്നേഹിക്കുന്നവർ ഒത്തുകൂടി കുളത്തുങ്കര പാടശേഖരം വീണ്ടെടുക്കാൻ തീരുമാനിച്ചു. ജഗദേവൻ പ്രസിഡന്റും എസ്.ആർ. ദീപു സെക്രട്ടറിയുമായി 55 അംഗങ്ങളുള്ള പാടശേഖരസമിതിക്ക് രൂപം നൽകി. രാജഗോപാലക്കുറുപ്പ് ചെയർമാനും രാജശേഖരൻനായർ കൺവീനറുമായുള്ള ഉപദേശകസമിതി മാർഗനിർദേശങ്ങളുമായി മുന്നിൽ നിന്നു. കർഷകരെ നേരിൽക്കണ്ട് കൃഷിയിറക്കാൻ പ്രേരിപ്പിച്ചു. സമിതിക്ക് വിട്ടുകൊടുത്ത നിലങ്ങളിൽ കൂട്ടായി കൃഷിയിറക്കി. വലിയ പാടശേഖരത്തിലെ 15 ഏക്കർ നിലത്തിൽ ഇത്തവണ കൃഷി നടത്തി. 8.5 ലക്ഷത്തോളം രൂപ ചെലവിട്ടാണ് കൃഷിയിറക്കാനായത്. ഇനിയും 20 ഏക്കറിലധികം നിലങ്ങൾ കൂടിയുണ്ട്, ഈ പാടശേഖരത്തിൽ. അവകൂടി നെൽക്കൃഷിയിലേക്ക് തിരിച്ചെത്തുന്നതോടെ പാടശേഖരത്തിന്റെ വീണ്ടെടുപ്പ് പൂർണമാകും. ചെമ്പൂര് ഗവ. എൽ.പി. സ്കൂൾ, ഇടയ്ക്കോട് ഗവ. എൽ.പി. സ്കൂൾ, ഇളമ്പ ഗവ. എച്ച്.എസ്.എസിലെ എൻ.എസ്.എസ്. യൂണിറ്റ്, സ്കൗട്‌സ് യൂണിറ്റ്, ചെമ്പൂര് ഹരിശ്രീ സാംസ്കാരികസമിതി എന്നിവയും ഈ പാടശേഖരത്തിലെ കൃഷിക്കൊപ്പം കൂടിയിട്ടുണ്ട്. ജലക്ഷാമമുൾപ്പെടെയുള്ള വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് പാടശേഖരം വിളവെടുപ്പിന് തയ്യാറായിട്ടുള്ളത്.

കുളത്തുങ്കര ഏലായിൽ ഇന്ന് വിളവെടുപ്പുത്സവം
M
MathrubhumiSource Link
about 2 months ago