30 വർഷത്തിനുശേഷം കൃഷിയിറക്കി ചരിത്രമെഴുതിയ പാടശേഖരം To advertise here, ആറ്റിങ്ങൽ : ചെമ്പൂര് കുളത്തുങ്കര ഏലായിൽ കൂടുതൽ വയലുകൾ നെൽക്കൃഷിയിലേക്കു മടങ്ങുന്നു. വർഷങ്ങളായി തരിശുകിടക്കുകയും മറ്റു വിളകളുടെ കൃഷി നടന്നുവരുകയും ചെയ്ത പാടങ്ങളാണ് വീണ്ടും നെൽക്കൃഷിക്കുവേണ്ടി സജ്ജമാക്കുന്നത്. പാടശേഖരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞതവണ നടത്തിയ നെൽക്കൃഷി വലിയ വിജയമായതിനെത്തുടർന്നാണ് അടുത്ത കൃഷിക്കായി കൂടുതൽ വയലുകൾ സജ്ജമാക്കുന്നത്. നെൽക്കൃഷിയുടെ വീണ്ടെടുപ്പിലൂടെ ചെമ്പൂര് ഗ്രാമത്തിനു വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മുദാക്കൽ പഞ്ചായത്തിലെ വലിയ പാടശേഖരങ്ങളിലൊന്നാണ് ചെമ്പൂര് കുളത്തുങ്കര പാടശേഖരം. കർഷകത്തൊഴിലാളികളുടെ ക്ഷാമവും കൃഷി നഷ്ടമാവുകയും ചെയ്തതോടെ 30 വർഷമായി ഏലായിൽ നെൽക്കൃഷി നടത്തിയിരുന്നില്ല. തരിശുപാടങ്ങളുടെ വീണ്ടെടുപ്പിലൂടെ നാടിനാകെ പുത്തൻമാതൃക സമ്മാനിച്ച പിരപ്പമൺകാട് പാടശേഖരത്തിൽനിന്നു ലഭിച്ച ഊർജമാണ് കുളത്തുങ്കര പാടശേഖരത്തിന്റെ വീണ്ടെടുപ്പിനു പ്രചോദനമായത്. പാടശേഖരത്തിലെ 15 ഏക്കർ നിലത്തിലാണ് കഴിഞ്ഞതവണ കൃഷിയിറക്കിയത്. ജഗദേവൻ പ്രസിഡന്റും എസ്.ആർ.ദീപു സെക്രട്ടറിയുമായുള്ള 55 അംഗ പാടശേഖരസമിതി രൂപവത്കരിച്ചായിരുന്നു പ്രവർത്തനങ്ങൾ. നിലമുടമകളെ നേരിട്ടുകണ്ട് നെൽക്കൃഷിക്കായി തയ്യാറെടുപ്പിച്ചു. സ്വന്തമായി കൃഷിചെയ്യാൻ താത്‌പര്യമില്ലെന്നറിയിച്ചവരുടെ നിലങ്ങൾ പാടശേഖരസമിതി ഏറ്റെടുത്ത് കൃഷിയിറക്കുകയായിരുന്നു. മികച്ച വിളവാണ് കഴിഞ്ഞതവണ ലഭിച്ചത്. കൊയ്‌തെടുത്ത നെല്ലിൽ കുറച്ച് സപ്ലൈകോയ്ക്കു കൈമാറി. ബാക്കിയുള്ളത് കുത്തി തവിടുകളയാത്ത അരിയാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടാണെങ്കിലും പച്ചരിയും പുഴുക്കലരിയും ഇത്തരത്തിൽ ലഭ്യമാക്കാൻ സമിതി ശ്രമിക്കുന്നുണ്ട്. കൃഷിയെ വ്യവസായവുമായി കൂട്ടിയിണക്കാൻവേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. നെൽക്കൃഷി ഇല്ലാതായതോടെ പല കർഷകരും വയലുകളിൽ മരച്ചീനിയും പച്ചക്കറിയും വാഴയുമെല്ലാം കൃഷിയിറക്കിയിരുന്നു. പന്നിശല്യം രൂക്ഷമായപ്പോൾ ഇവയും ഉപേക്ഷിച്ചു. പിന്നീട് പുല്ലും കാടും വളർന്നുകിടക്കുന്ന നിലയിലായിരുന്നു മിക്ക വയലുകളും. ഇവയാണ് പാടശേഖരസമിതി വീണ്ടെടുത്തത്. ആദ്യത്തെ കൃഷി വിജയമാവുകയും വിളവെടുപ്പ് വലിയ സാംസ്കാരികോത്സവമായതും ഗ്രാമത്തിനാകെ സന്തോഷം പകർന്നു. കൂടുതലാളുകളെ ഈ സംരംഭവുമായി കൂട്ടിയിണക്കാൻ ഇതിലൂടെ കഴിഞ്ഞു. വിദ്യാർഥികളും അധ്യാപകരും കർഷകരും കർഷകത്തൊഴിലാളികളും വീട്ടമ്മമാരും വിവിധ സർക്കാർജോലികളിൽനിന്നു വിരമിച്ചവരുമുൾപ്പെടെ വലിയൊരു വിഭാഗമാളുകൾ ഇപ്പോൾ പാടശേഖരസമിതിയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാണ്. തരിശുകിടന്ന കൂടുതൽ വയലുകൾ അടുത്ത കൃഷിക്കു സജ്ജമാക്കുന്ന ജോലികളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. വയലുടമകളുടെ നേതൃത്വത്തിലാണ് പാടത്തിന്റെ വീണ്ടെടുപ്പു നടത്തുന്നത്. കൂടാതെ ഏലാത്തോടുകളുടെ നവീകരണവും നീരൊഴുക്ക് ക്രമീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മേടമാസം അവസാനത്തോടെ അടുത്ത കൃഷിക്കു വിത്തിറക്കാനുള്ള ഒരുക്കത്തിലാണ് കുളത്തുങ്കര പാടശേഖരം.

കുളത്തുങ്കര ഏലായിൽ കൂടുതൽ വയലുകൾ നെൽക്കൃഷിക്കു സജ്ജമാക്കുന്നു
M
MathrubhumiSource Link
18 days ago