ആറ്റിങ്ങൽ : മുപ്പതാണ്ടിനുശേഷം കുളത്തുങ്കര പാടശേഖരത്തിൽ വിളവെടുപ്പിനായി അവർ ഒത്തുകൂടി. ഇത്തവണ കർഷകരും തൊഴിലാളികളും മാത്രമായിരുന്നില്ല. കൃഷിവകുപ്പുദ്യോഗസ്ഥരും കലാസാംസ്കാരികപ്രവർത്തകരും വീട്ടമ്മമാരും കുട്ടികളും അടങ്ങുന്ന വലിയൊരു ജനാവലിയുണ്ടായിരുന്നു. തരിശ്ശുനിലങ്ങളെ വിളനിലമാക്കി മാറ്റിയതിന്റെ ആഘോഷത്തിൽ പങ്കുചേരാനായിരുന്നു ഈ ഒത്തുകൂടൽ. എല്ലാവരും ഒന്നിച്ച് പാടത്തിറങ്ങി. കൊയ്ത്തരിവാളുകൊണ്ട് കതിര് കൊയ്യുമ്പോൾ കരയിൽ കൂടിനിന്നവർ ആഘോഷത്തിന്റെ ആർപ്പുവിളികൾ നടത്തി. To advertise here, ഞായറാഴ്ച നടന്ന കൊയ്ത്തുത്സവം കൃഷിവകുപ്പ് അഡീ. ഡയറക്ടർ ടി.ഡി. മീന ഉദ്ഘാടനം ചെയ്തു. വയലേറുമാടത്തിന്റെ സമർപ്പണം നാടകകൃത്ത് ശശി സിതാര നിർവഹിച്ചു. പാടശേഖരസമിതി പ്രസിഡന്റ് ജഗദേവൻ അധ്യക്ഷനായി. ദീപു, കേരള ഡിജിറ്റൽ സർവകലാശാല അസി. പ്രൊഫ. ഡോ. രാധാകൃഷ്ണൻ, കൃഷിവകുപ്പ് അസി. ഡയറക്ടർ അർച്ചന, ഹയർസെക്കൻഡറി ആർ.ഡി.ഡി. അജിത, കെ.എ.എസ്. ജേതാവ് സന്ധ്യ, ഇളമ്പ ഗവ. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ബീനാകുമാരി, പിരപ്പമൺകാട് പാടശേഖരസമിതി പ്രസിഡന്റ് വി.ആർ. സാബു, രാജഗോപാലക്കുറുപ്പ്, ടി. അനിൽ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ നൃത്തം, കളരിയഭ്യാസം, കൃഷിപ്പാട്ടുകളുടെ അവതരണം എന്നിവയും നടന്നു. കൃഷിയുടെ വീെണ്ടടുപ്പ് മുദാക്കൽ ചെമ്പൂര് കുളത്തുങ്കര പാടശേഖരത്തിലെ വിളവെടുപ്പ് നാട് ഇതുവരെ കാണാത്ത ആഘോഷമായി മാറുകയായിരുന്നു. മൂന്നു പതിറ്റാണ്ട് കാടുകയറിക്കിടന്ന പാടശേഖരത്തെ ഒരു കൂട്ടമാളുകളുടെ അക്ഷീണപ്രയത്നംകൊണ്ട് വിളനിലമാക്കുകയായിരുന്നു. മുദാക്കൽ പഞ്ചായത്തിലെ പിരപ്പമൺകാട് പാടശേഖരത്തിന്റെ വീണ്ടെടുപ്പും അവിടെ നടക്കുന്ന കാർഷികോത്സവങ്ങളുമാണ് ചെമ്പൂരുകാരെയും ആവേശം കൊള്ളിച്ചതും പാടത്തിന്റെ വീണ്ടെടുപ്പിലേക്ക് നയിച്ചതും. വിശാലമായ പാടശേഖരത്തിലെ 15 ഏക്കറിലാണ് ആദ്യഘട്ടത്തിൽ കൃഷിയിറക്കിയത്. മുദാക്കൽ കൃഷി ഓഫീസർ ലീനയുടെയും ജീവനക്കാരുടെയും പിന്തുണയും കർഷകർക്ക് വലിയ ഊർജ്ജമായി. ആഴ്ചയിലൊരിക്കൽ പാടശേഖരം സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകിയാണ് കൃഷിവകുപ്പ് കർഷകർക്കൊപ്പം കൂടിയത്. ഏറെക്കാലം തരിശ്ശുകിടന്ന പാടശേഖരത്തിലെ പല വയലുകളിലും മറ്റു കൃഷികൾ നടക്കുന്നുണ്ട്. അവകൂടി നെൽക്കൃഷിയിലേക്ക് മടങ്ങിയെത്തിയാൽ ഒരു പാടശേഖരത്തിന്റെ പുനരുജ്ജീവനം സാധ്യമാകും. നെൽക്കൃഷിയെ ജീവനായി ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാനാണ് പാടശേഖരസമിതിയുടെയും കുളത്തുങ്കര സൗഹൃദസംഘത്തിന്റെയും തീരുമാനം. പാടശേഖരത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനായി വയലേറുമാടം സ്ഥാപിച്ചിട്ടുണ്ട്. അരലക്ഷം രൂപ ചെലവിട്ടാണ് ഇതിന്റെ നിർമാണം നടത്തിയത്. വയലുമായി ബന്ധിപ്പിച്ച് വിവിധ സാംസ്കാരികപരിപാടികളും പരിശീലനങ്ങളും നടത്താനും അതിലൂടെ നാടിന്റെ സാംസ്കാരികകേന്ദ്രമായി മാറാനുമുള്ള തയ്യാറെടുപ്പിലാണ് ചെമ്പൂപ്പാടം.

കുളത്തുങ്കര പാടശേഖരത്തിൽ കൊയ്ത്ത്; ആഘോഷക്കൊടുമുടി കയറി ഗ്രാമം
M
MathrubhumiSource Link
about 2 months ago