വിഷു ഉത്സവത്തിന് ദിവസങ്ങൾ മാത്രം To advertise here, കുളത്തൂപ്പുഴ :വിഷു ഉത്സവത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടമായ അമ്പലക്കടവ് ജങ്‌ഷനിൽ കുഴിതോണ്ടാനുളള നീക്കം നാട്ടുകാർ തടഞ്ഞു. അമ്പലക്കടവിലെ പുതിയ പാലംനിർമാണത്തിന്‍റെ മറവിൽ തിടുക്കപ്പെട്ട് പ്രധാന പാതയോരം മണ്ണുമാന്തിയന്ത്രത്തിന്‍റെ സഹായത്തോടെ കുഴിക്കാൻ നടത്തിയ നീക്കമാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്. അമ്പലക്കടവ് പാലംപണി ഇഴയുന്നതു ചൂണ്ടിക്കാട്ടി ‘മാതൃഭൂമി’ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ കുളത്തൂപ്പുഴയാറ്റിലെ പഞ്ചായത്തുകടവ് ഉൾപ്പെടെ തകർത്ത് നിർമാണമാരംഭിക്കുകയായിരുന്നു. ഇത് അവസാനഘട്ടത്തിൽ ചെയ്യാമെന്നിരിക്കേയാണ് അധികൃതരുടെ പ്രതികാരനടപടി. ആറ്റിൽ നീരൊഴുക്കു കുറഞ്ഞ സമയത്ത് തൂണുകളും മറ്റ് കോൺക്രീറ്റ് പണികളും ചെയ്യാമെന്നിരിക്കേ ആറ്റിൻകരയിൽ നിർമാണമാരംഭിച്ചത് ഉത്സവാഘോഷത്തിനു തുരങ്കംവെക്കാനാണെന്ന് ആരോപിച്ചാണ് പ്രതിഷേധം. വിഷു ഉത്സവനാളുകളിൽ തിരക്കനുഭവപ്പെടുന്ന അമ്പലക്കടവിൽ തിടുക്കപ്പെട്ട് നിർമാണം ആരംഭിച്ചാൽ ഉത്സവത്തിനെത്തുന്നവരെ അതു ബാധിക്കും. നിന്നുതിരിയാൻ ഇടമില്ലാതെയുമാകും. പാതയോരത്തെ കടകളെല്ലാം പൊളിച്ചുനീക്കിയ ശേഷം കാത്തിരിപ്പുകേന്ദ്രം തകർക്കാൻ ശ്രമമാരംഭിച്ചതോടെ ക്ഷേേത്രാപദേശസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. അപ്പോഴേക്കും കുളിക്കടവിലേക്കിറങ്ങുന്ന പടിക്കെട്ടുകൾ ഇടിച്ചുനിരത്തിയിരുന്നു. അതിനാൽ, ഉത്സവനാളുകളിൽ ക്ഷേത്രത്തിലെത്തുന്നവർക്ക് ആറ്റിലിറങ്ങാൻ പ്രയാസമാകും. പ്രതിഷേധം ശക്തമായതോടെ കുളത്തൂപ്പുഴ ഇൻസ്പെക്ടർ വി.അജേഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് എം.സൈനബാ ബീവി എന്നിവരിടപെട്ട് കരാറുകാരന്‍റെ മാനേജർ രാധാകൃഷ്ണപിള്ളയെ വിളിച്ചുവരുത്തി ചർച്ച നടത്തി. തുടർന്ന് ഉത്സവം അവസാനിക്കുന്നതുവരെ ആറ്റിൻകരയിലെ നിർമാണം നിർത്തിവെക്കുമെന്ന് ഉറപ്പുനൽകി. ക്ഷേേത്രാപദേശകസമിതി ഭാരവാഹികളായ അനിൽകുമാർ അമ്പാടി, മാധവൻ പിള്ള, എൻ.ആർ.ലക്ഷ്മി, മുരളീധരൻ എന്നിവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.

കുളത്തൂപ്പുഴ അമ്പലക്കടവിലെ നിർമാണനീക്കം നാട്ടുകാർ തടഞ്ഞു
M
MathrubhumiSource Link
about 1 month ago