പൊട്ടിപ്പൊളിഞ്ഞ് ചങ്ങരംകുളം ബസ് സ്റ്റാൻഡിലെ റോഡ് To advertise here, ചങ്ങരംകുളം : പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന ചങ്ങരംകുളം ബസ് സ്റ്റാൻഡിലെ റോഡ് വാഹന, കാൽനടയാത്രക്കാരെ വെട്ടിലാക്കുന്നു. വലിയ കുഴിയിൽ ചാടിവേണം വാഹനങ്ങൾക്ക് ചങ്ങരംകുളം ബസ് സ്റ്റാൻഡിലേക്കു കയറാൻ. ബസ് സ്റ്റാൻഡിനുള്ളിൽ കയറിയാലും സ്ഥിതി വ്യത്യസ്തമല്ല. ബസ് സ്റ്റാൻഡിൽനിന്ന് പുറത്തേക്കുള്ള റോഡിലേക്ക് കടക്കണമെങ്കിലും വലിയ കുഴിയിൽ ചാടണം. പുത്തൻപള്ളി, എരമംഗലം, മാറഞ്ചേരി, നരണിപുഴ എന്നീ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനയാത്രക്കാർക്ക് ഇതിലൂടെ കടന്നുവേണം പോകാൻ. ദിവസേന ആയിരക്കണക്കിനു വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. കുഴിയിൽച്ചാടി പോകുന്നത് വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാക്കുന്നുണ്ട്. കാൽനടയാത്രക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. തകർന്നുകിടക്കുന്ന റോഡിലൂടെ വാഹനങ്ങൾ പോകുമ്പോഴുള്ള പൊടി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെയും സമീപത്തെയും കച്ചവടക്കാരെയും വെട്ടിലാക്കുന്നു. ആലങ്കോട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന റോഡ് അധികൃതർ ഇടപെട്ട് ഉടൻ നന്നാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. മാസ്ക് ധരിച്ചാണ് കച്ചവടം തകർന്ന റോഡുകൾ ഉടൻ ശരിയാക്കാൻ ആവശ്യമായ നടപടികളുണ്ടാകണം. തകർന്ന റോഡിലൂടെ വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന പെടിപടലങ്ങൾ ശ്വസിച്ച് കച്ചവടം ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇപ്പോൾ മാസ്ക് ധരിച്ചാണ് സ്ഥാപനത്തിൽ ഇരിക്കാറുള്ളത്. രാധാകൃഷ്ണൻ കച്ചവടക്കാരൻ വാഹനം തകരാറാകുന്നത് പതിവ് ബസ് സ്റ്റാൻഡിലൂടെ ഓട്ടോറിക്ഷ ഓടിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. വാഹനത്തിന് ഇടയ്ക്കിടയ്ക്ക് കേടുപാടുണ്ടാകുന്നത് പതിവാണ്. എത്രയും പെട്ടെന്ന് റോഡ് നന്നാക്കണം. സതീഷ് കുമാർ ഓട്ടോ ഡ്രൈവർ, ചങ്ങരംകുളം ഉടൻ ശരിയാക്കും ബസ് സ്റ്റാൻഡിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാൻ 2025-26 വർഷത്തിൽ 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്. കട്ട വിരിക്കാനും ടാറിങ് നടത്താനുമാണ് ഉദ്ദേശിക്കുന്നത്. തിരത്തെടുപ്പുഫലം വന്നാലുടൻ പണി തുടങ്ങും. ഇവിടെ വിവിധ വികസനപ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആസിയാ ഇബ്രാഹിം ആലങ്കോട് പഞ്ചായത്ത് പ്രസിഡൻറ്
